ബെംഗളൂരു: മാംഗ്ലൂരില്‍ ഓട്ടോറിക്ഷയ്ക്കുള്ളില്‍ പ്രഷര്‍ കുക്കര്‍ സ്ഫോടനം നടത്തിയത് ആസൂത്രിതമാണെന്നും മുഖ്യആസൂത്രകന് ഷരീഖ് ആണെന്നും കര്‍ണ്ണാടക പൊലീസ്.
സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ ബന്ധങ്ങളുണ്ടെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സ്ഫോടനം നടന്ന ഓട്ടോറിക്ഷയ്ക്ക് ചുറ്റും നടക്കുന്ന ഷരീഖിനെ സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഷരീഖ് മുമ്പ് ശിവമൊഗ്ഗയില്‍ പരീക്ഷണ സ്ഫോടനം നടത്തിയിട്ടുള്ള വ്യക്തിയാണ്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നയാള്‍ കൈവശം വെച്ചിരുന്ന പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായി എന്നായിരുന്നു ആദ്യ വിവരങ്ങള്‍. എന്നാല്‍ ഇത് ആസൂത്രിത സ്ഫോടനമാണെന്ന് പിന്നീട് തെളിഞ്ഞു.
ഇപ്പോള്‍ എന്‍ഐഎ ഉള്‍പ്പെടെ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ഇതിന് കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.
സ്ഫോടനത്തില്‍ ഓട്ടോറിക്ഷ യാത്രക്കാരന് പരിക്കേറ്റു. പൊള്ളലേറ്റ് മറ്റ് രണ്ടു പേരെ ആശൂപത്രിയിലാക്കി. മാംഗ്ലൂരിലെ പ്രാന്തപ്രദേശമായ കങ്കിനാടി പൊലീസ് സ്റ്റേഷന് അതിര്‍ക്കുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ എന്‍ ഐഎ എത്തി. സംഘം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ ചോദ്യം ചെയ്തു. കേന്ദ്ര ഏജന്‍സികളോടൊപ്പം സംസ്ഥാന പൊലീസും അന്വേഷണം നടത്തുമെന്ന് ആഭ്യമന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.
സ്ഫോടനമുണ്ടായ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന പ്രേം രാജ് വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് തമിഴ്നാട്ടില്‍ നിന്നും സിം എടുത്തിരുന്നു. കോയമ്പത്തൂരില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടവും തീവ്രവാദപ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്ന് ഈയിടെ കണ്ടെത്തിയിരുന്നു. സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തില്‍ പ്രധാനപ്രതി ജമേഷ മുബിന് കൊല്ലപ്പെട്ടിരുന്നു. മുബിന്റെ വീട്ടില്‍ നിന്നും സ്ഫോടകവസ്തുക്കള്‍ തമിഴ്നാട് പൊലീസ് കണ്ടെടുത്തിരുന്നു.
ഒരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ സ്ഫോടനമുണ്ടാകുന്നതും കട്ടിയില്‍ ഉയര്‍ന്ന പുകയില്‍ ഓട്ടോറിക്ഷ മറഞ്ഞുപോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ഓട്ടോറിക്ഷയില്‍ നിരവധി പ്ലാസ്റ്റിക് ബാഗുകളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഓട്ടോറിക്ഷയില്‍ എന്തോ പുകയുന്നത് പുറത്തു നിന്ന ആളുകള്‍ കണ്ടിരുന്നു. ഓട്ടോറിക്ഷക്കാരന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് സ്ഫോടനമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: