കൊല്ലം: കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ ആരംഭിച്ച തെക്കന്‍ കേരളത്തിലെ ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിക്ക് മികച്ച പ്രതികരണം. ജില്ലാ കളക്ടര്‍ അഫ്സാന പര്വീന് ഫ്ളാഗ് ഓഫ് ചെയ്തു. ആര്‍മി റിക്രൂട്ട്മെന്റ് ബെംഗളൂരു സോണ്‍ ഡിഡിജി ബ്രിഗേഡിയര്‍ എ.എസ്. വലിംബെയും തിരുവനന്തപുരം ആര്‍മി റിക്രൂട്ട്മെന്റ് ഓഫീസര്‍ കേണല്‍ മനീഷ് ഭോലയും ചടങ്ങില്‍ പങ്കെടുത്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കായി നവംബര്‍ 24 വരെയാണ് അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി.
അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്നിവീര്‍ ടെക്നിക്കല്‍, അഗ്നിവീര്‍ ട്രേഡ്സ്മെന്‍ പത്താം ക്ലാസ്, എട്ടാം ക്ലാസ്, അഗ്നിവീര്‍ ക്ലാര്‍ക്ക്/സ്റ്റോര്‍ കീപ്പര്‍ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് റാലി നടക്കുന്നത്. ആകെ 25367 ഉദ്യോഗാര്‍ഥികള്‍ റാലിക്കായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 1767 ഉദ്യോഗാര്‍ഥികളില്‍ 904 ഉദ്യോഗാര്‍ഥികള്‍ ഇന്നലെ റാലിക്കെത്തുകയും 151 പേര് ഓട്ടമത്സരം വിജയിക്കുകയും ചെയ്തു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ 1931 ഉദ്യോഗാര്‍ഥികള്‍ ഇന്ന് റാലിയില്‍ പങ്കെടുക്കും. നവംബര്‍ 19, 20 തീയതികളില്‍ കൊല്ലം ജില്ലയിലെ ഉദ്യോഗാര്‍ഥികളും 21, 22 തീയതികളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ ഉദ്യോഗാര്‍ഥികളും റാലിയില്‍ പങ്കെടുക്കും. അഗ്നിപഥ് റാലിയുടെ ഫിസിക്കല്‍, മെഡിക്കല്‍, ടെസ്റ്റ് നടപടിക്രമങ്ങള്‍ 24ന് സമാപിക്കും. ശാരീരിക, വൈദ്യ പരീക്ഷകളില്‍ യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി ജനുവരി 15ന് പൊതുപ്രവേശന പരീക്ഷ നടക്കും. ഇതില്‍ വിജയിക്കുകയും മെറിറ്റില്‍ യോഗ്യത നേടുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ പരിശീലനത്തിനായി ആര്‍മിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.
നഴ്സിങ് അസിസ്റ്റന്റ് റാലി 26 മുതല്‍
അഗ്നിപഥ് റാലി കൂടാതെ, നവംബര്‍ 26 മുതല്‍ 29 വരെ സോള്‍ജിയര്‍ ടെക്നിക്കല്‍ നഴ്സിങ് അസിസ്റ്റന്റ്/ നഴ്സിങ് അസിസ്റ്റന്റ് വെറ്ററിനറി, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (മത അധ്യാപകന്) എന്നീ വിഭാഗങ്ങളിലേക്കായുള്ള ആര്‍മി റിക്രൂട്ട്മെന്റ് റാലിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തില്‍ നടക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ്, മാഹി സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കായാണ് ആര്‍മി റിക്രൂട്ട്മെന്റ് റാലി. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബര്‍ 28നും അവസാന വൈദ്യ പരിശോധന നവംബര്‍ 29നും നടക്കും.
ഏജന്റുമാരുടെ ഇരകളാകരുത്
കരസേനയിലെ റിക്രൂട്ട്മെന്റിന്റെ മുഴുവന്‍ പ്രക്രിയയും സ്വതന്ത്രവും ന്യായവും സുതാര്യവുമാണ്. ഏജന്റുമാരുടെ ഇരകളാകരുതെന്ന് സൈന്യം ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആദ്യദിനം ഓടിക്കയറിയത് 151 പേര്
തെക്കന്‍ കേരളത്തിലെ ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലിയില്‍ ആദ്യദിനം ഓടിക്കയറിയത് 151 പേര്. കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് ഇന്നലെ പങ്കെടുത്തത്. ആറു ജില്ലകളില്‍ നിന്നായി ആകെ 25367 ഉദ്യോഗാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 904 ഉദ്യോഗാര്‍ഥികളാണ് ഇന്നലെ പങ്കെടുത്തത്. ഇതില്‍ 151 പേര് ഓട്ടമത്സരം വിജയിച്ചു.
റാലിയില്‍ ഉദ്യോഗാര്‍ഥികളുടെ ഉയരമാണ് ആദ്യം പരിശോധിച്ചത്. അഡ്മിറ്റ് കാര്‍ഡ് പ്രകാരമുള്ള ഹാജര്‍നില, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ വേദിക്കുള്ളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഉറപ്പാക്കിയിരുന്നു. ശാരീരിക ക്ഷമതാ പരിശോധനകള്‍ക്കായി 200 പേര് വീതമുള്ള ബാച്ചുകളിലായാണ് ഇവരെ ഗ്രൗണ്ടിലേക്ക് കൊണ്ടുപോയത്.
ഫിസിക്കല്‍ ടെസ്റ്റിന്റെ ആദ്യഭാഗം 5 മിനിറ്റ് 45 സെക്കന്‍ഡിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടുന്നതായിരുന്നു. 5 മിനിറ്റ് 30 സെക്കന്റിനുള്ളില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 60 മാര്‍ക്കും 5 മിനിറ്റ് 31 സെക്കന്‍ഡ് മുതല്‍ 5 മിനിറ്റ് 45 സെക്കന്‍ഡ് വരെയുള്ള സമയ പരിധിയില്‍ ഓട്ടം പൂര്‍ത്തിയാക്കുന്നവര്‍ക്ക് 48 മാര്‍ക്കും ലഭിക്കും.
തുടര്‍ന്ന്, ഉദ്യോഗാര്‍ഥികള്‍ ഒമ്പത് അടി വീതിയുള്ള കുഴി ചാടികടക്കുന്ന ലോംഗ് ജമ്പും സിഗ് സാഗ് ബീമിന് മുകളിലൂടെയുള്ള ബോഡി ബാലന്‍സിങ് ടെസ്റ്റും പൂര്‍ത്തിയാക്കണം. ഈ ടെസ്റ്റുകള്‍ക്ക് മാര്‍ക്കുണ്ടായിരിക്കുന്നതല്ലെങ്കിലും എല്ലാ ഉദ്യോഗാര്‍ഥികളും ഇവയില്‍ വിജയിച്ചിരിക്കണം.
അതിനുശേഷം, കുറഞ്ഞത് 6 മുതല്‍ പരമാവധി 10 വരെ പുള്‍ അപ്പുകള്‍ ചെയ്യേണ്ടതുണ്ട്. 10പുള്‍-അപ്പുകള്‍ക്ക് 40 മാര്‍ക്ക്, 9 പുള്‍-അപ്പുകള്‍ക്ക് 33, 8പുള്‍ അപ്പുകള്‍ക്ക് 27, 7പുള്‍-അപ്പുകള്‍ക്ക് 21, 6 പുള്‍-അപ്പുകള്‍ക്ക് 16 മാര്‍ക്ക് എന്നിങ്ങനെയാണ് ലഭിക്കുക.
ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റുകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളെ പ്രീ-മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി. ഉയരം, ഭാരം, നെഞ്ചിന്റെ വികാസം എന്നിവ അളക്കുന്നതാണ് പ്രീമെഡിക്കല്‍ പരിശോധന.
ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റുകളിലും പ്രീ-മെഡിക്കല്‍ ടെസ്റ്റുകളിലും വിജയിക്കുന്ന ഉദ്യോഗാര്‍ഥികള്‍ അടുത്ത ദിവസം ആര്‍മി മെഡിക്കല്‍ ഓഫീസര്‍മാരുടെ സംഘം നടത്തുന്ന മെഡിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാകും. ശാരീരിക പരീക്ഷയിലും വൈദ്യ പരീക്ഷയിലും യോഗ്യത നേടുന്ന ഉദ്യോഗാര്‍ഥികള്‍ ഒരു പൊതു പ്രവേശന പരീക്ഷയില്‍ ഹാജരാകണം.
അതിനായി അവര്‍ക്ക് പുതിയ അഡ്മിറ്റ് കാര്‍ഡുകള്‍ നല്‍കും. പൊതു പ്രവേശന പരീക്ഷ 2023 ജനുവരി 15ന് നടക്കും. പൊതു പ്രവേശന പരീക്ഷയില്‍ വിജയിക്കുകയും മെറിറ്റില്‍ യോഗ്യത നേടുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികളെ പരിശീലനത്തിനായി ആര്‍മിയുടെ നിയുക്ത പരിശീലന കേന്ദ്രങ്ങളിലേക്ക് അയക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: