ഡോ. എം.വി.നടേശന്
തമിഴ് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന രണ്ടു പ്രഖ്യാപനങ്ങളാണ് ഈയടുത്ത് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. അതിലൊന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നവമ്പര്‍ 16മുതല്‍ ഡിസംബര്‍ 16 വരെയുള്ള ഒരു മാസം നീണ്ടു നില്ക്കുന്ന കാശി തമിഴ് സംഗമം എന്ന കലാസാഹിത്യ സാം
സ്കാരിക പരിപാടിയാണ്. മറ്റൊന്ന് സുബ്രഹ്മണ്യഭാരതീയാറുടെ ജന്മദിനമായ ഡിസംബര്‍ പതിനൊന്ന് ഭാരതീയ ഭാഷാ ദിനമായി ആചരിക്കാനുള്ള തീരുമാനമാണ്. വിവിധ ഭാഷകളുടെയും അവ പ്രതിനിധാനം ചെയ്യുന്ന അടിസ്ഥാന സംസ്കാരത്തിന്റെയും ശാക്തീകരണത്തിലൂടെ മാത്രമേ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താനാകുകയുള്ളു എന്ന സന്ദേശമാണ് ഇതുനല്‍കുന്നത്. ഭാരതത്തിന്റെ ആദ്ധ്യാത്മിക തലസ്ഥാനമായ വാരാണസിയില്‍ സംഘടിപ്പിക്കുന്ന കാശി തമിഴ് സംഗമം ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തെ ആധാരമാക്കിയുള്ളതാണ്. ഇതുപോലെയുള്ള വ്യത്യസ്തമായ പരിപാടികളാണ് വിവിധ മന്ത്രാലയങ്ങളുടെയും സംഘടനകളുടേയും സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുന്നത്. മദ്രാസ് ഐഐടി, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നീ സ്ഥാപനങ്ങളാണ് വാരാണസിയിലെ പരിപാടിയില്‍ ചര്‍ച്ചകള്‍, സെമിനാര്‍, കലാപരിപാടികള്‍ എക്സിബിഷന് എന്നിവയുടെ നടത്തിപ്പിനായി നേതൃത്വം നല്‍കുന്നത്.
കൃഷി, കലാ, സാംസ്കാരിക, വിദ്യാഭ്യാസ, ആധ്യാത്മിക രംഗങ്ങളില്‍ നിന്നുള്ള പ്രമുഖരായ 2500 വിശിഷ്ട വ്യക്തികള്‍ തമിഴ്നാട്ടില്‍ നിന്നു മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഗംഗാ ആരതി, വിവിധ സ്നാനഘട്ടങ്ങളിലെ സന്ദര്‍ശനം, കാശീ വിശ്വനാഥ ക്ഷേത്രദര്‍ശനം, പ്രയാഗ് രാജ്, സാരനാഥ് ദര്‍ശനം എന്നിവയോടൊപ്പം തമിഴ് ജനതയുടെ സ്വാധീനമുള്ള കേദാര്‍നാഥ് ഘട്ട്, ശ്രീകുമാരസ്വാമി മഠം, തമിഴ്കവിയായ സുബ്രഹ്മണ്യ ഭാരതിയുടെ ഭവനദര്‍ശനം എന്നിവയും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡ്യയുടെ ജ്ഞാനപാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും അടുത്തറിയുകയും മറന്നു പോയ മഹിതമായ കണ്ണികളെ വിളക്കി ചേര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഇതോടൊപ്പം ആസൂത്രണം ചെയ്തിരിക്കുന്നത്. ആയൂര്‍വേദ, യോഗ, വാസ്തുവിദ്യ ശില്പവിദ്യ, നാടോടി കലാരൂപങ്ങള്‍, കരകൗശല വസ്തുക്കള്‍, തനത് വസ്ത്രങ്ങള്‍,കാര്‍ഷികോപകരണങ്ങള്‍ എന്നിങ്ങനെയുള്ള രംഗങ്ങളിലെ വൈവിധ്യത്തെ അടുത്തറിയുക, പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികളുമായി ആശയവിനിമയം നടത്തുക, വിവിധ മേഖലകളില്‍ പൗരാണികതയും ആധുനികവുമായ സമീപനങ്ങളെ ചേര്‍ത്ത് വെച്ചുള്ള സംരംഭ സാധ്യതകളെ കുറിച്ച് ചിന്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ടെക്സ്റ്റെല്‍ മന്ത്രാലയം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിപണനമേള മറ്റൊരു ആകര്‍ഷണമാണ്. അവിടെ എല്ലാദിവസവും തമിഴ് സംസ്കൃതിയുടെ ഏറ്റവും പ്രധാനപ്പെട്ട നാടോടി കലാരൂപങ്ങളും അരങ്ങേറുന്നുണ്ട്.
കാശി സംഗമത്തിന്റെ പ്രാധാന്യം
കാശി രാമേശ്വരം തീര്‍ഥയാത്ര പ്രാചീന കാലം മുതല്ക്കേ ഭാരതീയ ജനമനസുകളില്‍ നിറഞ്ഞു നില്ക്കുന്ന പവിത്രമായൊരു ഭാവനയാണ്. രാമേശ്വരം ദക്ഷിണേന്ത്യയിലെയും കാശി ഉത്തരഭാരതത്തെയും പ്രതിനിധീകരിക്കുന്നു. ആധ്യാത്മികതയിലധിഷ്ഠിതമായ നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ ഇവരണ്ടും ഒരുപോലെ ആരാധ്യമാണ്. അതുകൊണ്ട് ഭാരതത്തില്‍ പിറവിയെടുത്ത ഓരോരുത്തരുടെയും ജീവിതാഭിലാഷമാണ് കാശി രാമേശ്വരം തീര്‍ഥയാത്ര. കാശിയില്‍ പോകാന്‍ സാധിക്കാത്തവര്‍ക്കായി ഉണ്ടാക്കിയതാണ് ദക്ഷിണേന്ത്യയിലെ കാശീക്ഷേത്രങ്ങളേറേയും. വിശേഷിച്ച് തമിഴ്നാട്ടില്‍ കാണുന്നവ. കാശിയാത്രക്ക് പുറപ്പെട്ട ഭക്തര്‍ക്ക് പലതരത്തിലുള്ള പ്രതിബന്ധങ്ങള്‍ വന്നപ്പോള്‍ ഭക്തരുടെ ആഗ്രഹം സഫലമാക്കാന്‍ കാശി വിശ്വനാഥനും കാശി വിശാലാക്ഷിയും പ്രത്യക്ഷപ്പെട്ട് ഭക്തരെ അനുഗ്രഹിച്ചുവെന്ന കഥകള്‍ ഇത്തരം ക്ഷേത്രങ്ങളുടേ ഐതിഹ്യങ്ങളില്‍ കാണാം. തമിഴ്നാട്ടില്‍ മാത്രമല്ല കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലസ്ഥലങ്ങളിലും ഇതേപോലെയുള്ള കാശീക്ഷേത്രങ്ങള് കാണാം. തമിഴ് നാട്ടിലെ കുംഭകോണം, രാമേശ്വരം, തെങ്കാശി, ശ്രീരംഗം, ചോളപുരം, വടുകപാളയം തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിതിചെയ്യുന്ന കാശീവിശ്വനാഥ ക്ഷേത്രങ്ങളെല്ലാം ഇതുപോലെ ഐതിഹ്യവും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞവയാണ്. ചെറുതും വലുതുമായ രണ്ടായിരത്തി അഞ്ഞൂറിലധികം ശിവക്ഷേത്രങ്ങളുണ്ട് തമിഴ്നാട്ടിലുടനീളമുള്ളത്. തെങ്കാശി, ശിവകാശി, തിരുക്കൈലാസം എന്നിങ്ങനെയുള്ള സ്ഥലനാമങ്ങളും, കാശി, കാശിനാഥന്, കാശിവിശ്വേശരന് തുടങ്ങിയ വ്യക്തി നാമങ്ങളും വന്നതിനു പിന്നില്‍ ഇതുപോലെയുള്ള സങ്കല്പങ്ങളുണ്ട്. ഇത്തരം ഭാവനകളും ആചരണവുമാണ് ഈ നാടിനെ ഒന്നായി നിലനിര്‍ത്തിയിരുന്ന ഘടകങ്ങള്‍.
‘പ്ര’കാശി
കാശി എന്നതിന് പ്രകാശിക്കുന്നത് എന്നാണര്‍ത്ഥം. അറിവിന്റെയും ആത്മീയതയുടെയും ഭൂമിയാണ് കാശിയടങ്ങുന്ന പുണ്യസ്ഥലങ്ങള്‍, ഇതിഹാസ പുരാണങ്ങളും ഉപനിഷത്തുക്കളും പിറവിയെടുത്ത ഗംഗയുടെ തീരം അറിവു തേടിയെത്തുന്നവരുടെയും, ആത്മീയാചാര്യന്മാരുടെയും, ദാര്ശനികന്മാരുടെയും സംഗമഭൂമിയാണ്. നാല് ജൈനതീര്‍ഥങ്കരന്മാര്‍ ജനിച്ചതിവിടെയാണ്, ബോധോദയം പ്രാപിച്ച ശ്രീബുദ്ധന് വാരാണസിയിലെ സാരനാഥത്തില്‍ വെച്ചാണ് പ്രസിദ്ധമായ ധര്‍മ്മചക്രപ്രവര്‍ത്തനം നടത്തിയത്. ബുദ്ധദര്‍ശനത്തിന്റെ പ്രധാനപ്പെട്ട ആശയങ്ങളായ അഷ്ടാംഗ മാര്‍ഗവും ബഹുജനഹിതായ ബഹുജനസുഖായ തുടങ്ങിയ ഉപദേശങ്ങള്‍ ഇവിടെ വെച്ചാണ് നല്‍കിയത്. ഈ ധര്മ്മചക്രപ്രതീകമാണ് ഇന്‍ഡ്യന്‍ റിപ്പബ്ലിക്കിന്റെ വിജയവൈജയന്തിയായി പരിലസിക്കുന്നതും. ഇങ്ങനെ നോക്കിയാല്‍ ഉപനിഷത്ത് ദര്‍ശനത്തിന്റെയും ബൗദ്ധദര്ശനത്തിന്റെയും അറിവില്‍ പ്രകാശിക്കുന്ന കാശീമാഹാത്മ്യം എത്ര പറഞ്ഞാലും തീരില്ല. വൈദേശിക ആക്രമണത്തില്‍ നശിപ്പിച്ച ക്ഷേത്രങ്ങളും, പകുതി കത്തിയ ശവശരീരങ്ങള്‍ വലിച്ചെറിഞ്ഞ് മലിനമായിരുന്ന ഗംഗാനദിയും, ഇടുങ്ങിയതും വൃത്തിഹീനമായ പരിസരങ്ങളുമെല്ലാം കാശിയുടെ പവിത്രതയ്ക്ക് മങ്ങലേറ്റിരുന്നു. എന്നാല്‍ സ്വഛഭാരത് അഭിയാന്, നമാമി ഗംഗാ പദ്ധതി, കാശി വിശ്വനാഥ കോറിഡോര്‍ എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ മങ്ങിപ്പോയ പ്രകാശത്തെ കാശി വീണ്ടെടുത്തിരിക്കുകയാണ്.
കാഞ്ചിപുരം, മധുര, തഞ്ചാവൂര്‍, ശ്രീരംഗം, തിരുനെല്‍വേലി, പഴനി, രാമേശ്വരമടങ്ങുന്ന തമിഴകവും ഇതുപോലെ ഗംഭീരമായ പാരമ്പര്യമുള്ളതാണ്. ശിവഭക്തരായ നായന്മാരും, വിഷ്ണു ഭക്തരായ ആളവാര്മാരും തമിഴ് സംസ്കൃതിയില്‍ ഏറെ സ്വാധീനം ചെലുത്തിയ രണ്ടു സമ്പ്രദായങ്ങളാണ്. തമിഴ് സാഹിത്യത്തില്‍ പേരുകേട്ട തിരുമൂലരുടെ തിരുമന്ത്രം, തിരുവള്ളൂവരുടെ തിരുക്കുറള്‍, തിരുജ്ഞാന സംബന്ധരുടെ തിരുവാചകം എന്നീ കൃതികളില്‍ പങ്കുവെക്കുന്നത് വേദാഗമസാരങ്ങളാണ്. വേദവും ആഗമവും, സംസ്കൃതവും തമിഴും ഒരേ പരംപൊരുളിന്റെ ആവിഷ്കാരമാണെന്ന് ഇതില്‍ പറയുന്നുണ്ട്. ഏകതയുടെ ഈ ആശയത്തെ ശിവശതകം എന്ന കൃതിയില്‍ ശ്രീനാരായണ ഗുരുദേവനും അവതരിപ്പിക്കുന്നുണ്ട്.
തമിഴകത്ത് പടര്‍ന്നു പിടിച്ച ദ്രാവിഡ വാദം ഇതെല്ലാം തകര്‍ത്തു കളഞ്ഞുവെന്ന് മാത്രമല്ല തമിഴ് ജനതയെ പൊതുധാരയില്‍ നിന്നും അടര്‍ത്തി മാറ്റി ദ്രാവിഡ സംസ്കാരം ഭാരതീയ സംസ്കാരത്തിന്റെ ശത്രുപക്ഷത്താണെന്ന് നിരന്തരം പഠിപ്പിക്കുകയും ചെയ്തു. ഇത് രാജ്യത്തിന്റെ സുരക്ഷക്ക് വെല്ലുവിളി ഉയര്‍ത്തുന്നവയാണെന്ന കാര്യം വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ഹിന്ദിഭാഷയോടും, സംസ്കൃത ഭാഷയോടും തമിഴ് ജനതയുടെ മനസില്‍ ശത്രുതാപരമായ മനോഭാവം ഉണ്ടാക്കിയത് ഇതുപോലെയുള്ള ശക്തികളാണ്. ശരിയായ സ്വാതന്ത്ര്യത്തിലേക്ക് നാടിനെ നയിക്കാന്‍ ഇത്തരം വേര്‍തിരിവുകള്‍ ഇല്ലാതാക്കണം.
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒട്ടേറെ നിര്‍ദേശങ്ങളാണ് ഉരുത്തിരിഞ്ഞു വന്നത്. അതിലൊന്നാണ് മുറിഞ്ഞുപോയ സാമൂഹിക സാംസ്കാരിക ആധ്യാത്മിക ധാരകളെ കാലാനുസൃതമായ രൂപവും ഭാവവും നല്കി പുനരുജ്ജീവനം നടത്തുകയെന്നതാണ്. ശരിയായ അറിവ് പകരുന്ന വിദ്യാഭ്യാസമാണ് ഇതിനാദ്യം വേണ്ടത്. അതിന്റെ ഭാഗമായാണ് നിലവിലുണ്ടായിരുന്ന മനുഷ്യവിഭവ വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമായി പരിവര്‍ത്തനം ചെയ്തത്. ഭാരതീയ വിജ്ഞാനപരമ്പരയ്ക്കും, ഗോത്രവര്‍ഗ ഭാഷകളടക്കം എല്ലാത്തിനും പ്രാധാന്യം നല്കുന്ന. ഈയൊരു പശ്ചാത്തലത്തിലാണ് വാരാണസിയില്‍ നടക്കുന്ന കാശീ തമിഴ് സംഗമം ശ്രദ്ധേയമാകുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഈ പരിപാടി ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്ന സങ്കല്പത്തിന്റെയും തമിഴ് സംസ്കൃതിയുടെയും ഉത്സവമാണെന്നാണിതിനെ പ്രധാനമന്ത്രി മോദിജി വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: