കൊച്ചി: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടില്ലെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പമ്പയിലെ സ്ഥലത്ത് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാത്തത് കെഎസ്ആര്‍ടിയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാണ്. വലിയ വാഹനങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ ഇറക്കിയ ശേഷം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഫെസ്റ്റിവല്‍ അലവന്‍സ്, കട്ട് റോഡ് അലവന്‍സ്, ഹില്‍ അലവന്‍സ് എന്നിങ്ങനെ അമിത നിരക്ക് ഈടാക്കാനാണ് നീക്കം. ടിക്കറ്റ് സംവിധാനത്തിലും അപാകതയുണ്ടെന്നും സിംഗിള്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജി തമ്പി ആവശ്യപ്പെട്ടു.
പോലീസുകാരുടെ അമിത ഇടപെടലുകള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ്. വര്‍ഷങ്ങളായി പമ്പയില്‍ നിന്നുള്ള പരമ്പരാഗത പാതയിലെ പടവുകള്‍ ഇന്ത്യന്‍ ബാങ്കുമായിട്ടുള്ള കരാര്‍ പ്രകാരമാണ് നിര്‍മിച്ചത്. എന്നാല്‍ കരാര്‍ ലംഘിച്ച് നിര്‍മിക്കുന്ന പുതിയ പടവുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ശബരിമലയുടെ തനിമയും പ്രാചീനതയും നശിപ്പിക്കുവാനുള്ള നിഗൂഢ ശ്രമങ്ങളാണ് ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ലോകകപ്പിനോട് അനുബന്ധിച്ച് പമ്പാതീരം ഫുട്ബോള്‍ ഗ്രൗണ്ടാക്കി മാറ്റാനാണ് നീക്കമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന് ചൂണ്ടിക്കാട്ടി. ആചാരാനുഷ്ഠാനങ്ങളും അയ്യപ്പ ധര്‍മ്മവും പാലിക്കുന്നവരെ മാത്രമേ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കാന്‍ പാടുള്ളൂ. അന്നദാനം നടത്താന്‍ വിഎച്ച്പി സന്നദ്ധത അറിയിച്ചെങ്കിലും ദേവസ്വം ബോര്‍ഡ് ഹോട്ടല്‍ ലോബിയെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. ഭക്തര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ശബരിമല പാതയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ തുറക്കാമെന്ന് അറിയിച്ചിട്ടും മറുപടിയുണ്ടായിട്ടില്ലെന്നും രാജശേഖരന് പറഞ്ഞു.
ശബരിപാതയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ചെങ്ങന്നൂരില്‍ നിന്ന് മെട്രോ റെയില്‍ സംവിധാനം പമ്പവരെ എത്തിച്ചാല്‍ യാത്രാ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റേയും റെയില്‍വേയുടേയും അനുമതി ലഭിച്ചു. ഗംഗ ട്രെയിന്‍ പദ്ധതിയോട് ഒപ്പം പമ്പയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ വരെ പത്ത് സ്റ്റേഷനുകള്‍. ഈ സ്റ്റേഷനുകള്‍ക്ക് ദശാവതാരങ്ങളുടെ പേരിടാനാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: