സംവരണം വേണോ? വേണമെങ്കില്‍ ആര്‍ക്ക്, എവിടെ, എപ്പോള്‍, എത്രത്തോളം, എത്രനാള്‍, എന്തടിസ്ഥാനത്തില്‍? ഇങ്ങനെ ഒട്ടേറെ തരത്തില്‍ പലതലത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പൊതു അംഗീകാരമുള്ള അന്തിമവിധിയൊന്നും ഇക്കാര്യത്തില്‍ അടുത്തിടെയൊന്നും വരാനിടയില്ല. എന്നാല്‍, അടുത്തിടെ വന്ന സുപ്രീംകോടതിവിധി ഈ വിഷയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സംവരണം സാമ്പത്തിക നിലയുടെ അടിസ്ഥാനത്തില്‍ ആവാം എന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി, ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍.
സംവരണം സാമൂഹ്യജീവിതാവസ്ഥയില് തുല്യ അവസരം നല്കാന് ലക്ഷ്യമിട്ട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ സംവിധാനമാണ്. 1902ല്‍ മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ മഹാരാജാവാണ് ആദ്യമായി സംവരണ സംവിധാനം നടപ്പാക്കിയതെന്നാണ് പറയപ്പെടുന്നത്. ബ്രാഹ്മണേതര്ക്കും പിന്നാക്ക ജാതിക്കാര്‍ക്കും വിദ്യാഭ്യാസത്തില്‍ സംവരണം നല്കി. പല കാരണങ്ങളാല്‍ തുല്യ നിലയിലല്ലാത്തവര് തമ്മില്മത്സരിക്കുന്ന അവസരങ്ങള്‍ ഉണ്ടായാല്‍, അതില്‍ പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് വിവിധ കാരണങ്ങള്‍ കണക്കിലെടുത്ത് നല്കുന്ന അധിക പരിഗണനയാണ് സംവരണം. ഒരേരംഗത്ത് വന്നുചേര്‍ന്ന് ഒന്നിക്കുന്നവര്‍ ജീവിതത്തില്‍ പല കാരണങ്ങളാല്‍ ഒരേ തലത്തില്‍ ഉള്ളവരായിരിക്കണമെന്നില്ല. ഒരുകാലത്തെ സാമൂഹ്യ സ്ഥിതിവിശേഷത്തില്‍ വിദ്യാഭ്യാസം, സാമൂഹ്യ പരിഗണനക്രമം തുടങ്ങിയവയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ നിശ്ചിത ശതമാനം പ്രത്യേക പരിഗണന നല്‍കിയാണ് സംവരണ സംവിധാനം നടപ്പിലായത്. ഭരണഘടനയില്‍, ഈ പരിഗണന ലഭ്യമാക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്ക് ഉണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. പില്ക്കാലത്ത് ഈ സംവരണം തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സംവിധാനത്തിലും വന്നു. 2019 ല്‍ സാമ്പത്തിക നിലയും സംവരണത്തിന് മാനദണ്ഡമാക്കി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതും സംവരണവിഷയം ഒരിക്കല്‍ക്കൂടി സജീവ ചര്‍ച്ചയാകുന്നതും. സാമ്പത്തിക സംവരണം- സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക ജാതിയില്‍പ്പെട്ടവര്‍ക്കും നിശ്ചിത സംവരണം അനുവദിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് സാമ്പത്തിക സംവരണം. ഇപ്പോള്‍ പിന്നാക്ക വിഭാഗത്തില്‍നിന്ന് ഒരു വനിത രാഷ്ട്രപതിയായി എത്തിയിരിക്കുന്നുവെന്നും പിന്നാക്കക്കാരന് പ്രധാനമന്ത്രി ആയിരിക്കുന്നു എന്നതും നാം കണക്കിലെടുക്കണം, സംവരണ സംരക്ഷണമൊന്നുമില്ലാതെ.
സംവരണം എക്കാലത്തും വലിയ വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട് ഇന്ത്യയില്‍. സംവരണം പലകാരണങ്ങളാല്‍ അനിവാര്യമാണ്. എന്നാല്‍ മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ടുവന്നപ്പോള്‍ സംവരണാനുകൂല്യങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാന്‍ അതില്‍ ഉണ്ടായിരുന്ന ശുപാര്‍ശ സംവരണേതര സമൂഹത്തിന് ദോഷമാകുമെന്ന ഉല്‍ക്കണ്ഠയായിരുന്നു അന്നത്തെ വന്‍ പ്രക്ഷോഭത്തിന് കാരണം. രാജ്യമെമ്പാടും നടന്ന കൊടിയ പ്രതിഷേധത്തിനിടയില്‍ രാജീവ് ഗോസ്വാമി എന്ന യുവാവ് ആത്മാഹുതി ചെയ്ത സംഭവംവരെ ഉണ്ടായി. എങ്കിലും മണ്ഡല് കമ്മീഷന് ശുപാര്‍ശ നടപ്പാക്കി. ആദ്യകാലത്തുണ്ടായിരുന്ന സംവരണ നിരക്കുകള്‍ പുതുക്കി നിശ്ചയിക്കപ്പെട്ടു.
സംവരണാനുകൂല്യങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക വരുമാനമുള്ളവര്‍ക്ക് നിയന്ത്രിച്ചുകൊണ്ട് സുപ്രീം കോടതി നിര്‍ദേശിച്ച ‘ക്രീമിലെയര്‍’ സമ്പ്രദായവും വിവാദമായി. സംവരണക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരവും ചുമതലയും ഉള്ള സാഹചര്യത്തില്‍, കേരളത്തില്‍ ‘ക്രീമിലെയര്‍ ഇല്ല’ എന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയാണ് അന്ന് (1993ല്‍) സംസ്ഥാനം സുപ്രീം കോടതിയുടെ നിര്‍ദേശം മറികടന്നത്. അതും വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹരായവര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം ഇടയ്ക്കിടെ ചോദിച്ചുകൊണ്ടിരിക്കേണ്ടതാണ്. പല സമയത്തു നടത്തിയ പരിശോധനകളിലും സംവരണംകൊണ്ട് അത് അര്‍ഹിക്കുന്ന വിഭാഗത്തിന് വേണ്ടത്ര നേട്ടം ഉണ്ടായിട്ടില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആ കണക്കിലെ കൃത്യത സംശയിക്കണം, അതല്ലെങ്കില്‍ നമ്മുടെ സംവരണം നടപ്പാക്കല്‍ സംവിധാനത്തിന് തകരാറ് സംഭവിച്ചിട്ടുണ്ട് എന്നു സമ്മതിക്കേണ്ടിവരും. അപ്പോള്‍ ഈ സാമൂഹ്യ നീതി നടപ്പാക്കലിന് ഉദ്ദേശിച്ചുള്ള പ്രവൃത്തിക്ക് പുനസ്സംഘടന വേണ്ടേ എന്ന ചോദ്യം ചില കോണുകളില്‍നിന്ന് ഉയരുന്നതും പരിഗണിക്കേണ്ടതുണ്ട്.
സംവരണക്കാര്യത്തില്‍ ഏതു സര്‍ക്കാര്‍ എടുക്കുന്ന തീരുമാനവും കോടതി കയറും. സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നവ ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലുമെത്താറുണ്ട്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഭാവികമായും സുപ്രീം കോടതിയിലാണ് എത്തുക. തമിഴ്നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അവര്‍ക്ക് ഇഷ്ടംപോലെ സംവരണാനുപാതം കൂട്ടിയത് വലിയ വ്യവഹാരമായി. ആന്ധ്രയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന വൈ. രാജശേഖര റെഡ്ഡി ഇസ്ലാം മത വിഭാഗത്തിലുള്ളവര്‍ക്ക് നിശ്ചിത സംവരണം കൊടുക്കാന്‍ തീരുമാനം കൈക്കൊണ്ടു. അതും കോടതി കയറി, റദ്ദാക്കി. അതിലെല്ലാം ഒരു പൊതുസ്വഭാവം ഉണ്ടായിരുന്നു- സംവരണത്തെ അവര്‍ പലരും വോട്ടുരാഷ്ട്രീയത്തിനായി വിനിയോഗിക്കുകയായിരുന്നു. മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് വി.പി. സിങ് പ്രധാനമന്ത്രിയായിരിക്കെ, ന്യൂനപക്ഷ സര്‍ക്കാരിനെ തെരഞ്ഞെടുപ്പിലൂടെ ഭൂരിപക്ഷമാക്കാന്‍ നടത്തിയ പരിശ്രമത്തിലെ പ്രചാരണവിഷയം കണ്ടെത്തുന്നതിന്റെ ഭാഗമായി വിനിയോഗിച്ചതാണ് അന്നത്തെ അത്രവലിയ പ്രക്ഷോഭത്തിന് കാരണമായത്. ജയലളിതയും തമിഴ്നാട്ടിലെ ന്യൂനപക്ഷ വിഭാഗത്തെ പ്രീതിപ്പെടുത്താനാണ് സംവരണതന്ത്രം വിനിയോഗിച്ചത്. ആന്ധ്രയില്‍ റെഡ്ഡിയുടെ മതസംവരണക്കളി വളരെ പരസ്യമായിപ്പോയിരുന്നു. ഇവയെല്ലാം കോടതി കയറിയപ്പോള്‍ ഭരണഘടന വിഭാവനം ചെയ്ത അടിസ്ഥാന തത്ത്വങ്ങള്‍ക്ക് ക്ഷതവും സംഭവിച്ചുകൊണ്ടേയിരുന്നു. അതായത്, ജാതി, മതം, ലിംഗം, ഭാഷ തുടങ്ങിയ ഒരു ഘടകവും അടിസ്ഥാനമാക്കി പൗരന്മാരെ വേര്‍തിരിച്ച് കാണരുത് എന്നാണ് തത്ത്വം. ഓരോ തവണ കേസുകള്‍ വന്നപ്പോഴും ചര്‍ച്ചകള്‍ നടന്നപ്പോഴും തീരുമാനങ്ങള്‍ ഉണ്ടായപ്പോഴും സമൂഹം തമ്മില്‍ത്തമ്മില്‍ അകന്നു, ജാതിയുടെയും മതത്തിന്റെയും പേരില്‍.
ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയ സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ പക്ഷേ വേറിട്ടൊരു വികാരമാണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതായത്, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് നിശ്ചിത തോതില്‍ സംവരണാനകൂല്യങ്ങള് നല്കുന്നു. അതുപക്ഷേ, നിലവില്‍ സംവരണം അനുഭവിക്കുന്ന പിന്നാക്കക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് ഒരു പരിക്കും ഏല്‍പ്പിക്കാതെതന്നെ. ഇത് ഒറ്റനോട്ടത്തില്‍ ‘സാമ്പത്തിക സംവരണം’ ആണെന്ന് തോന്നാം. അത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുന്നോട്ടുവെച്ച സാമ്പത്തിക സംവരണമെന്ന ആശയമല്ല. അതിനപ്പുറം വിശാലമായ ആശയമാണ്. ബിജെപിയും അതിനുമുമ്പ് ജനസംഘവും അവതരിപ്പിച്ച സംവരണാശയമാണ്. അത് സാമൂഹ്യ പ്രശ്നങ്ങളും സാമുദായിക പ്രശ്നങ്ങളും ഉണ്ടാക്കുന്നതല്ല. അതുകൊണ്ടുതന്നെയാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് തീരുമാനം ശരിവെച്ചത്.
സംവരണം നല്കിയ നേട്ടമെത്രത്തോളം എന്നകാര്യത്തില്‍ ആധികാരിക പഠനം നടത്തി പോരായ്മകള്‍ തിരുത്തേണ്ടതുണ്ട്. ഭരണഘടന നിലവില്‍വന്ന് 75 വര്‍ഷം തികയുന്ന 2025 ല്‍ ലക്ഷ്യം വെച്ച് ‘സംവരണം അര്‍ഹരായവര്‍ക്ക് അര്‍ഹിക്കുന്നിടത്ത്’ എന്ന യജ്ഞം സാധിതമാക്കാന്‍ ഒരു കര്‍മ്മ പദ്ധതി ഉണ്ടാക്കേണ്ടതില്ലേ? ഉണ്ടെന്നാണ് തോന്നുന്നത്.
2013 മുതല്‍ 2020 വരെയുള്ള കാലത്ത് നടത്തിയ പരിശോധനയില്‍ 4.39 കോടി വ്യാജ റേഷന്‍കാര്‍ഡുകളാണ് നമ്മുടെ രാജ്യത്ത് കണ്ടെത്തിയത്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡിജിറ്റല്‍ ബാങ്കിങ് തുടങ്ങിയ സുതാര്യമായ, സാങ്കേതികമായി പരിശോധന നടത്താവുന്ന സംവിധാനങ്ങള്‍ വന്നതോടെ വ്യാജ ഇടപാടുകള്‍ പലതും കണ്ടെത്താന്‍ തുടങ്ങി. സംവരണക്കാര്യത്തിലും ഇത്തരത്തില്‍ വ്യാജ ഇടപാടുകള്‍ വഴി അര്‍ഹരുടെ അവസരങ്ങള്‍ ആരെങ്കിലും തട്ടിയെടുക്കുന്നുണ്ടെങ്കില്‍ കണ്ടെത്താനുള്ള അവസരംകൂടിയാകും അത്തരം പരിശോധന. സംവരണ ആനുകൂല്യം വിദ്യാഭ്യാസത്തില്‍, തൊഴില്‍ നിയമനത്തില്‍, പ്രൊമോഷനില്‍ തുടങ്ങി സര്‍വമേഖലയിലും ഒരാള്‍ക്ക് ലഭ്യമാക്കണമോ അതോ ഏതെങ്കിലും ചിലതില്‍ മാത്രമായി സംവരണം ചെയ്യണമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഒരുവശത്ത് സംവരണക്കാര്യത്തില്‍ ഇത്തരം കൂലംകഷമായ ചര്‍ച്ചയും സംവാദവും നടക്കുന്നത്, മറ്റൊരുവശത്ത് താല്‍ക്കാലിക നിയമനമായാലും സ്ഥിരം നിയമനമായാലും പാര്‍ട്ടികള്‍ക്കും ഭരണകക്ഷികള്‍ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കുമായി പങ്കുവെക്കുന്ന കേരളത്തിലെ അനുഭവ വാസ്തവങ്ങള്ക്കിടയിലാണ് എന്നതാണ് ഏറെ വിചിത്രം. സര്‍വമേഖലയിലും അവസരം ലഭ്യമാകുന്നത് മറ്റു പല സംവരണങ്ങളിലൂടെയാണ്. അവിടെ സാമൂഹ്യ നീതിയില്ല. ജാതിയല്ല, സമ്പത്തല്ല, ഏതെങ്കിലും പിന്നാക്കാവസ്ഥയല്ല പരിഗണിക്കപ്പെടുന്നത്. മറിച്ച് സിപിഎം എന്ന പാര്‍ട്ടിയോടും പാര്‍ട്ടി നേതാക്കളോടുമുള്ള കൂറാണ്. എത്ര വിചിത്രമായ രീതികള്‍. ആ നിയമനങ്ങളില്‍ പാര്‍ട്ടിയുടെ സംവരണം സാമ്പത്തികമോ സാമൂഹികമോ എന്നതിനാണിപ്പോള് ഉത്തരം കണ്ടെത്തേണ്ടത്.
പിന്കുറിപ്പ്:
2004 ലെ പൊതുതെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയതലത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു. സ്വകാര്യ മേഖലയിലും സംവരണ നിയമം നടപ്പിലാക്കുമെന്ന്. 10 വര്‍ഷം തുടര്‍ന്ന് അവര്‍ ഭരിച്ചു. ഒന്നും സംഭവിച്ചതായി അറിയില്ല. നിയമസഭയിലും പാര്‍ലമെന്റിലും വനിതകള്‍ക്ക് സീറ്റുസംവരണമെന്ന ആവശ്യം ഇപ്പോള്‍ വനിതാ ദിനത്തില്‍പ്പോലും കേള്‍ക്കാറില്ല!!
പ്രതികരിക്കാൻ ഇവിടെ എഴുതുക: