വാഷിങ്ടൺ: അസാധാരണ പ്രതിസന്ധി ട്വിറ്റർ പാപ്പരത്വത്തിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പുമായി പുതിയ മേധാവി ഇലോൺ മസ്ക്. കടക്കെണി ഒഴിവാക്കാനാവില്ലെന്ന് മസ്ക് തന്റെ ജീവനക്കാരെ അ റിയിച്ചതായി ബ്ലൂം ബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ട്വിറ്റർ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരും രാജി വച്ചു. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസറായിരുന്ന ലിയ കിസ്നർ, യോയെൽ റോത്ത്, സെയിൽസ് ടീമിന്റെ ചുമതലയുണ്ടായിരുന്ന റോബിൻ വീലർ എന്നിവരാണ് ഒടുവിൽ രാജിവച്ചത്. ട്വിറ്ററിലേക്ക് പരസ്യദാതാക്കളെ എത്തിക്കുന്നതിലും അവരുടെ വിശ്വാസ്യത കാക്കുന്നതിലും നിർണായക പങ്ക് വഹിച്ച വ്യക്തിയായിരുന്നു റോബിൻ വീലർ. കഴിഞ്ഞ ദിവസം ഇലോൺ മസ്ക് ട്വിറ്റർ ടീമംഗങ്ങളുമായി സംസാരിച്ചപ്പോഴും തീരെ ആശാവഹമല്ലാത്ത പ്രസ്താവനകളാണ് നടത്തിയത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കമ്പനിയെന്നും സബ്സ്ക്രിപ്ഷൻ വഴി കൂടുതൽ പണമെത്തിയില്ലെങ്കിൽ വരുന്ന മാന്ദ്യകാലത്തെ ട്വിറ്റർ അതിജീവിക്കില്ലെന്നുമാണ് മസ്ക് നൽകിയ സൂചന. കമ്പനി പാപ്പർ സ്യൂട്ട് ഫയൽ ചെയ്യേണ്ടി വന്നേക്കാമെന്നാണ് മസ്കിന്റെ തുറന്നുപറച്ചിൽ. ജീവനക്കാർക്കിടയിൽ വലിയ നിരാശയാണ് അവശേഷിക്കുന്ന പഴയ നേതൃത്വത്തിന്റെ രാജി ഉണ്ടാക്കിയിരിക്കുന്നത്.
44 ബില്യൺ ഡോളറിന് മസ്ക് ട്വിറ്റർ വാങ്ങി ആഴ്ചകൾ പിന്നിടുമ്പോഴാണ് അപകടകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് സ്ഥാപനം കൂപ്പുകുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: