വാഷിങ്ടണ്‍ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മുന്നേറ്റവുമായി മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി. ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതിലാണ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്നിലാക്കി ട്രംപിന്റെ പാര്‍ട്ടി മുന്നേറിയതായി പുറത്തുവന്നത്.
435 അംഗങ്ങളുള്ള ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി 77 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 137 സീറ്റുകളില്‍ മുന്‍തൂക്കമുണ്ട്. സെനറ്റിലെ ആദ്യഫല സൂചനകളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കായിരുന്നു മുന്‍തൂക്കം നേടിയതെങ്കിലും പിന്നീടത് ഒപ്പത്തിനൊപ്പമായി. 100 അംഗ സെനറ്റില്‍ 35 ഇടത്തേക്കാണ് നിലവില്‍ മത്സരം. 36 സംസ്ഥാന ഗവര്‍ണര്‍മാരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കന്സിനാണ് മുന്‍തൂക്കം ലഭിച്ചത്.
അധികാരത്തിലെത്തിയ ശേഷം ബൈഡന് രാജ്യത്ത് നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണം കൂടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ബൈഡന് ഭരണത്തിലേറിയ ശേഷം യുഎസില്‍ പണപ്പെരുപ്പം രൂക്ഷമായതും രാജ്യത്തെ കുറ്റകൃത്യങ്ങള്‍ രൂക്ഷമായെന്നും ചൂണ്ടിക്കാട്ടിയാണ് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ജനങ്ങളെ ഇതെല്ലാം സ്വാധീനിച്ചെന്നുവേണം വിലയിരുത്തല്‍.
ഇത്തവണ തപാല്‍വോട്ടുകളുടെ എണ്ണം കൂടുതലായതിനാല്‍ വോട്ടെണ്ണല്‍ നീണ്ടുപോയേക്കാം. ജനപ്രതിനിധി സഭയിലും സെനറ്റിലും ആര്‍ക്കാണ് ഭൂരിപക്ഷമെന്ന് വ്യക്തമാകാന്‍ ചിലപ്പോള്‍ ദിവസങ്ങളെടുത്തേക്കാം. ജനുവരി 3ന് ആണു പുതിയ സെനറ്റ് ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: