ബിന്ദു തെക്കേത്തൊടി
അമ്മസരസ്വതിയുടെ തീരങ്ങളില്‍ എവിടെയോ ആവണം, അവനവനിലെ സത്യം തെരഞ്ഞിരുന്ന ഋഷി, അത് വിശ്വം മുഴുവന്‍ തെളിയിക്കുന്ന ബോധവിളക്കാണെന്ന് തിരിച്ചറിഞ്ഞു. സത്യജ്ഞാനത്തിനെ തെളിയിക്കുന്ന ധര്‍മ്മവ്യവസ്ഥയെ അവര്‍ വിളിച്ച പേരാണ് രാഷ്ട്രം. കറുത്ത സായിപ്പന്മാരായ നമ്മളിന്ന് രാഷ്ട്രത്തെ നേഷന്‍ എന്നാണ് വിവര്‍ത്തനം ചെയ്യുന്നതും മനസ്സിലാക്കുന്നതും. മെക്കാളെയുടെ അതിബുദ്ധി ആ രാഷ്ട്രത്തിന്റ അമരസന്താനങ്ങളുടെ ഋജു ബുദ്ധിയെ എന്നേ കെടുത്തിക്കളഞ്ഞിരിക്കുന്നു.നേഷന്‍ എന്ന ആംഗലേയ പദം ലാറ്റിന്‍ ഭാഷയിലെ nation എന്ന വാക്കില്‍ നിന്നാണ് ഉത്ഭവിച്ചത്. ജനനം എന്നു മാത്രമാണ്natiom എന്ന വാക്കിന്റെ അര്‍ത്ഥം. ആ അര്‍ത്ഥത്തില്‍ നോക്കിയാല്‍ നേഷന്‍ എന്നാല്‍ ഒരേ സ്ഥലത്ത് ജനിച്ച, അല്ലെങ്കില്‍ പൊതുവായ ഒരു കൂട്ടം ആള്‍ക്കാരുടെ ജനനവ്യവസ്ഥ എന്നു മാത്രമാണ് അര്‍ത്ഥം കല്പിക്കാനാവുന്നത്. അവനവനിലെ സത്യത്തെ പ്രകടമാക്കുന്ന ധാര്‍മ്മിക വ്യവസ്ഥയുടെ സ്വരൂപമായ രാഷ്ട്രം എന്ന സങ്കല്പത്തെ യൂറോപ്യന്റെ സങ്കുചിത വംശീയസങ്കല്പമായ നേഷന്‍ എന്ന തൊഴുത്തില്‍ കൊണ്ടുകെട്ടുമ്പോള് അമ്മസരസ്വതിയുടെ വറ്റിപ്പോയ കൈച്ചാലുകളിലൂടെ ഒരു ജനതയുടെ ധാര്‍മ്മിക പാരമ്പര്യത്തിന്റെ കണ്ണുനീരാണ് ഭൂമിക്കടിയിലേക്ക് ഒഴുകിമറയുന്നത്.
വേദങ്ങളില്‍ അനേകമിടത്ത് രാഷ്ട്രത്തെക്കുറിച്ച് മന്ത്രദൃഷ്ടാക്കള്‍ പാടിയിട്ടുണ്ട്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും പരശ്ശതം അതാവര്ത്തിച്ചിട്ടുമുണ്ട്. എന്നിട്ടും രാഷ്ട്രത്തേയും രാഷ്ട്രീയത്തേയും നേഷന്‍, നാഷണലിസം എന്നുള്ള വാക്കുകളില്‍ കുരുക്കിയിടാന്‍ ജനത നിര്‍ബന്ധിതരാകേണ്ടിവരുന്നു.
രാഷ്ട്രം മാത്രമല്ല, സത്യത്തിന്റ വെളിച്ചത്തില്‍ രമിക്കുന്ന ഭാരതിയും മന്ത്രദൃഷ്ടാക്കളായ ഋഷിമാരുടെ വൈദിക സൂക്തങ്ങളോളം പഴക്കമുള്ളതാണ്. സരസ്വതിയും ഇളയും ഭാരതിയുമായി സത്യത്തിനെ തെളിയിക്കുന്ന മഹാദേവിയുടെ ത്രിത്വങ്ങളെ പറ്റി വേദങ്ങളിലെ അനേകം മന്ത്രങ്ങളില്‍ പറയുന്നുണ്ട്. അവിടെനിന്ന്് പുരാണങ്ങളുടെയും ഇതിഹാസങ്ങളുടെയും കാലത്തെത്തുമ്പോള്‍ ആര്യാവര്‍ത്തമെന്നും ജംബുദ്വീപമെന്നും ഭാരതവര്ഷമെന്നുമുള്ള സങ്കല്പം അതിന്റെ മൂര്‍ത്തതയില്‍ പ്രകടമാകുന്നു.
ഭാഗവതത്തിലും വിഷ്ണുപുരാണത്തിലും ജംബുദ്വീപിന്റയും ഭാരതവര്ഷത്തിന്റെയും മഹത്വം വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ഏതൊരു വൈദേശിക ആശയധാരയുടെയും സ്വാധീനത്തിന് ആയിരത്താണ്ടുകള്‍ മുന്‍പേതന്നെ ഇന്ന് നമ്മളറിയുന്ന അഖണ്ഡഭാരതമെന്ന പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഭാരതവര്‍ഷത്തിന്റെ അദ്ധ്യാത്മികമഹത്വം വ്യക്തമായി വിഷ്ണുപുരാണത്തിലും മഹാഭാഗവതത്തിലും പറയുന്നുണ്ട്.
യുറോപ്യന്‍ ഭരിച്ച് ഒരുമിപ്പിച്ചതല്ല ഭാരതമെന്ന് ദിവസേന ഭാഗവതം വായിക്കുന്ന മഹാക്ഷേത്രങ്ങളോട് തൊട്ടുള്ള വിദ്യാലയങ്ങളിലെ ‘ചരിത്ര പണ്ഡിതന്മാരോ’ടു പോലും തര്ക്കിക്കേണ്ടിവരിക എന്ന ഗതികേട് മറ്റൊരു ദേശത്തെ ജനതയ്ക്കുമുണ്ടാകില്ല. ആയിരത്താണ്ടുകള്‍ നീണ്ടു നിന്ന നിരന്തരമായ വൈദേശിക അധിനിവേശം, ഈ മണ്ണിലെ ധീരന്മാര് സകല ശക്തിയുമുപയോഗിച്ച് തകര്‍ത്തെറിഞ്ഞിട്ടും പിന്നെയും ഇന്നാടിന്റെ ഭൗതികസമൃദ്ധിയില്‍ ആര്‍ത്തിപിടിച്ച് എത്തിയ കവര്ച്ചക്കാര്ക്കുമുന്നില് പലപ്പോഴും കുറച്ച് ഭാഗങ്ങളെങ്കിലും നമുക്ക് അടിപ്പെടുത്തേണ്ടിവന്നു.
ഭാരതത്തിലെ വീരന്മാരുടെ ഓരോ ഗോത്രത്തിനും കാളികാമാത മുതല്‍ ചാമുണ്ഡേശ്വരി വരെയുള്ള കുലദേവതമാരുടെ അനുഗ്രഹമുണ്ടായിരുന്നു. മഹാനായ പൃഥ്വിരാജ് ചൗഹാന് ഉള്‍പ്പെടെയുള്ള എല്ലാ രജപുത്രരാജാക്കന്മാരും ദുര്ഗാദേവിക്കോ ചാമുണ്ഡേശ്വരിക്കോ ജയം ഘോഷിച്ചുകൊണ്ടാണ് പ്രാകൃതരായ അധിനിവേശക്കാരുടെ തലകള്‍ യുദ്ധഭൂമിയില്‍ അറുത്തിട്ടത്. ജനനിയും ജന്മഭൂമിയും കുലദേവതയും ഒന്നാണെന്ന സങ്കല്പം രാമകാവ്യത്തിലൂടെ മുലപ്പാലായി തന്നെ രജപുത്രവീരരുടെ രക്തത്തില്‍ അലിഞ്ഞിരുന്നിരിക്കണം.
ഗോറിയും ഗസ്നിയും മുതല്‍ ഔറംഗസേബുവരെയുള്ള അധിനിവേശ ശക്തികള്‍ക്കെതിരെ, ധര്‍മ്മത്തെ മുറുകെ പിടിച്ച് ജന്മഭൂമിയെ രക്ഷിക്കാന്‍ അടരാടിയപ്പോഴെപ്പോഴോ ആവണം കശ്മീരം മുതല്‍ കന്യാകുമാരിവരെയുള്ള ഭവാനി സങ്കല്പം ദേശപ്രേമത്തിന്റെയും പോരാട്ടത്തിന്റെയും മൂലമന്ത്രമായി മാറിയത്. ഈ പുണ്യഭൂമിയുടെ മാനം കാക്കാന്‍ സ്വജീവന്‍ ബലിദാനം ചെയ്ത അനേകം സിഖ് പുണ്യാത്മാക്കളിലൊരാളായ ഗുരു ഗോവിന്ദ് സിങ്ങാണ് സര്‍വ്വശക്തയായ ചണ്ഡിയുടെ ഏറ്റവും വലിയ സ്തോത്രങ്ങളിലൊന്ന്, ‘ചണ്ഡി ദി വാര്’ രചിച്ചത്. സിഖുകാരുടെ പരമഗുരുവായ ഗുരുഗ്രന്ഥസാഹിബിലെ അഞ്ചാമത്തെ അദ്ധ്യായത്തില്‍ സകല അസുരന്മാരെയും ഉന്മൂലനം ചെയ്യുന്ന, ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാര്ക്ക് പോലും ശക്തി പ്രദായിനിയായ, ജ്ഞാന സ്വരൂപിണിയായ ‘ഭഗൗതി’യെ അദ്ദേഹം വര്‍ണ്ണിക്കുന്നു. ഹിന്ദുഭൂമിയുടെ പാരതന്ത്ര്യം കുടഞ്ഞെറിയാന്‍ ഗുരു ഗോവിന്ദ സിങ് സ്ഥാപിച്ച ഖല്‍സ യുദ്ധവീരരുടെ ഗാനങ്ങളിലൊന്നായി പിന്നീട് ‘ചണ്ഡി ദി വാര്’ മാറി. അമ്മഭഗവതിയുടെ ശക്തിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് ‘കേശ കങ്ക കര കൃപാണ കചേര ധാരികളായ ശിഖവീരന്മാര് ഹിന്ദുധര്‍മ്മത്തിന്റെ സംരക്ഷണത്തിനായി, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി ആധുനിക കാലം വരെ പോരാടി.
സാധകന്റെ അന്തക്കരണത്തില്‍ ആത്മരൂപമായി വിളങ്ങുന്ന ദേവീരൂപമാണ് മാതാ ഭവാനി. ആധുനിക ഭാരതത്തിന്റെ വടക്കേ അറ്റമായ കശ്മീരത്തിലെ ഘീര്‍ ഭവാനീദേവി മുതല്‍ തെക്കേ അറ്റത്തെ കന്യാകുമാരി വരെ ഒരു വ്യത്യാസവുമില്ലാതെ ആരാധിക്കപ്പെടുന്ന ദേവീസങ്കല്പമാണത്. രജപുത്രരുടെ പോര്വിളികളിലെവിടെയോ ആയിരിക്കണം ആ സങ്കല്പം ആദ്യമായി സ്വരാജ്യ സ്നേഹത്തോടും ആത്മാഭിമാനത്തോടും ചേര്‍ത്തുനിര്‍ത്തപ്പെട്ടത്. എന്നാല്‍ അസുരന്മാരെ നിഗ്രഹിക്കുന്ന ഭവാനിമാതാവിന്റെ സകല ശക്തിയും ആവേശിച്ചത് അവളുടെ ഏറ്റവും പ്രിയപ്പെട്ട പുത്രനായ ഛത്രപതി ശിവാജി മഹാരാജാവിലാണ്. ഭഗവയും ഭവാനിയും ഓരേപോലെ രാഷ്ട്രസങ്കല്പത്തിന്റെ ബോധമണ്ഡലത്തില്‍ സൂര്യതുല്യം ഉദിച്ചുയര്‍ന്ന സമയമാണത്. അധിനിവേശ ശക്തികളെ എതിര്ത്തൊടുക്കാന് മറാഠകളുടെ ദേഹത്തുനിന്നൊഴുകിയ ഓരോ തുള്ളി ചോരയിലും ഭഗവയുടെയും ഭവാനിയുടെയും മുദ്ര തെളിഞ്ഞുനിന്നു. ഓരോ ദേശദ്രോഹിയുടെയും തല ഭൂമിയില്‍ പതിക്കുമ്പോള്‍ അവളുടെ സിംഹം ഗര്‍ജ്ജിച്ചു. മറാഠാ വീര്യത്തിന് മുന്നില്‍ സ്വദേശം തിരികെ ലഭിച്ചു എന്ന് നാം വിചാരിച്ച സമയമായപ്പോഴേക്കും ഭാരത സങ്കല്പത്തിന്റെ തിരിച്ചു വരവിനായുള്ള എല്ലാ പോരാട്ടങ്ങളിലും സിംഹാരൂഢയായ ദുര്ഗ്ഗാഭവാനിയുടെ മുദ്ര പതിഞ്ഞിരുന്നു.
ഗുരുപവനപുരിയുടെ നടവഴികളില്‍ ‘കൃഷ്ണ കൃഷ്ണ…’ എന്നു മാത്രം ജപിച്ചു നടന്ന, മലയാളമൊഴിച്ച് ഒരു ഭാഷയിലും വലിയ വ്യുല്പത്തി ഇല്ലാതിരുന്ന പൂന്താനം നമ്പൂതിരി വളരെ വിശദമായി അദ്ദേഹത്തിന്റെ ജ്ഞാനപ്പാനയില്‍ ഭാരതമഹിമയെപ്പറ്റി പതിനാറാം നൂറ്റാണ്ടില്‍ത്തന്നെ കുറിച്ചിട്ടുണ്ട്. ഭൂമിയുടെ ഉത്തമഖണ്ഡമായ ഭാരത ഭൂതലത്തെ കര്‍മ്മ ക്ഷേത്രമായാണ് ജ്ഞാനപ്പാന പറയുന്നത്. ബ്രഹ്മലോകത്തിരിക്കുന്നവര്ക്കുപോലും കര്‍മ്മബീജം മുളപ്പിക്കണമെങ്കിലോ അത് വരട്ടിക്കളഞ്ഞ് ജന്മനാശം വരുത്തേണമെങ്കിലോ ഭാരതമായ ഖണ്ഡം ഒഴിച്ച് ലോകത്ത് എങ്ങും എളുപ്പമല്ല എന്ന് അദ്ദേഹം പറയുന്നു. ഈ ഭാരതഭൂമിയില്‍ വന്ന് ഒരു പുല്ലായിട്ടെങ്കിലും ജനിച്ചുകൊള്ളാനുള്ള ഭാഗ്യം തങ്ങള്ക്കില്ലാതെപോയല്ലോ എന്ന് ഭാരതമൊഴിച്ചുള്ള സകല ലോകങ്ങളിലെയും ദേവന്മാരുള്‍പ്പെടെ സകലചരാചരങ്ങളും വിഷമിച്ചുകൊണ്ടിരിക്കുന്നു. കര്‍മ്മനാശം വരുത്താനുള്ള പുണ്യഭൂമിയെന്നും തപോഭൂമിയെന്നുമുള്ള സങ്കല്പം പത്മപുരാണത്തിലും വിഷ്ണുപുരാണത്തിലും മഹാഭാഗവതത്തിലും എല്ലാം വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. അതായത് അമൂര്‍ത്തമായ സങ്കല്പമല്ല ഭാരതഭൂമിയെന്നത്. വ്യക്തമായ ഭൂമിശാസ്ത്ര അതിരുകളോടുകൂടിത്തന്നെ എത്രയോ സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പേ ഋഷിമാര്‍ ഭാരതത്തെ അടയാളപ്പെടുത്തിയിരുന്നു! പുരാണങ്ങളിലെ ഈ പുണ്യഭൂമിയും ചണ്ഡിയും ഭാവാനിയുമുള്പ്പെടെയുള്ള കുലദേശദേവതകളും ചേര്‍ന്ന് ഭൂമിദേവിയുടെ മുത്തായി വിളങ്ങുന്ന ഭാരതമാതാവ് എന്ന സങ്കല്പമായി ദേശാഭിമാനികളുടെ ഹൃദയത്തില്‍ എക്കാലവും പ്രോജ്ജ്വലിച്ചുനിന്നിട്ടുണ്ട്.
ബംഗാളിലാണ് അടുത്ത കൊടുങ്കാറ്റ് വീശിയത്. കരംപിരിക്കാനുള്ള അവകാശം എവിടെ നിന്നോ വന്ന ഈസ്റ്റ് ഇന്ത്യാ കമ്പനിയിലേക്ക് കൈമാറി വന്നിരുന്ന സമയം. ഓരോ തരി മണ്ണിലും അലിഞ്ഞു ചേര്‍ന്ന അമ്മയുടെ, ദുര്‍ഗ്ഗാദേവിയുടെ, മാതാ ഭവാനിയുടെ പവിത്രതയെ ഉള്ളില്‍ നിറയ്ക്കുവാനായി വര്‍ഷാവര്‍ഷം ഭാരതത്തിന്റെ സകല ഭാഗത്തുനിന്നും ബംഗാളിലേക്ക് സംന്യാസിമാര്‍ തീര്ത്ഥാടനത്തിനെത്തിയിരുന്നു. സ്വന്തം അമ്മയെ കാണാനായി വംഗ തീര്‍ത്ഥസ്നാനങ്ങളിലേക്ക് എത്തുന്ന തങ്ങളില്‍ നിന്ന് കൊടുംകരം തല്ലിപ്പിരിക്കാന്‍ തയ്യാറായി നില്ക്കുന്ന ധ്വരയുടെ അഹങ്കാരത്തെയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ആ അഹങ്കാരത്തിന്റെ അധിനിവേശം തൂത്തെറിയുമെന്ന് ഗര്‍ജ്ജിച്ചുകൊണ്ട് സംന്യാസിമാര്‍ മുഴക്കിയ വിപ്ലവ ഗീതമാണ് വന്ദേമാതരം. അവര്‍ അമ്മേ എന്ന് വിളിച്ചത് ജംബുദ്വീപത്തിന്റെ രത്നമായി വിലസുന്ന ഈ ഭാരതഖണ്ഡത്തെയാണ്. അവര്‍ അമ്മേ എന്ന് വിളിച്ചത് ഒരു പുല്ലായെങ്കിലും ജനിച്ചാല്‍ മോക്ഷം സിദ്ധിക്കുന്ന ഈ പുണ്യഭൂമിയെയാണ്. അവര്‍ അമ്മേ എന്ന് വിളിച്ചത് ഇതില്‍ ജനിച്ച് ഇതില്‍ മരിച്ച് ഇതില്‍ ലയിച്ചു തീരാന്‍ ദേവകള്‍ പോലും കൊതിക്കുന്ന ഈ മാതൃഭൂമിയെയാണ്.
ഈ സംന്യാസിവിപ്ലവത്തെയാണ് ബങ്കിം ചന്ദ്ര ചതോപാദ്ധ്യായ ആനന്ദമഠം എന്ന ചരിത്രാഖ്യായികയില്‍ പുനരാവിഷ്ക്കരിച്ചത്. വന്ദേമാതരം എന്ന അതിപ്രശസ്ത മുദ്രാവാക്യം അതോടെ ദേശസ്നേഹികളുടെ മനസ്സില്‍ തീക്കാറ്റായി പടര്‍ന്നു. 1873ല്‍ തന്നെ ബംഗാളില്‍ നാടകകൃത്തായ കിരണ്ചന്ദ ബന്ദോപാദ്ധ്യായ എഴുതിയ ഒരു നാടകത്തിലും ഭാരതമാതാവ് എന്ന സങ്കല്പവും അതിനെ പൂജിക്കുന്നതും കടന്നുവരുന്നുണ്ട്.
സ്വദേശം വിദേശികള്‍ക്ക് അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ കമ്പനിപ്പടയ്ക്കെതിരെ വിപ്ലവം നയിച്ച വീരകേരളവര്‍മ്മ പഴശ്ശിരാജാവിന്റെ ശക്തിയായി ശ്രീപോര്‍ക്കലിയായി അവള് തന്നെ നിലകൊണ്ടു. ജയ് ഭവാനിക്ക് പകരം ശ്രീപോര്‍ക്കലിയുടെ തിരുനാമങ്ങളാണ് ആ വിപ്ലവത്തില്‍ ഘോഷിക്കപ്പെട്ടത്. കാടും നാടും വീരപഴശ്ശിക്ക് കൊട്ടാരമായിരുന്നു. കാവുകളും ഗോത്രകുലദേവതകളും അദ്ദേഹത്തിന്റെ ആരാധനാമണ്ഡപങ്ങളായി. സ്വന്തം നാടിന്റെ സ്വാതന്ത്ര്യം തിരിച്ചെടുക്കുമെന്നും അല്ലെങ്കില്‍ സ്വജീവിതം ബലികൊടുക്കുമെന്നും ബാലനായിരിക്കുമ്പോള്‍ തന്നെ ശ്രീ പോര്‍ക്കലിയുടെ മുന്നില്‍ വീരപഴശ്ശി സത്യം ചെയ്തിരുന്നുവെന്നാണ് ചരിത്രം. ഓരോ നീട്ടിനുമടിയില് ശ്രീകൃഷ്ണജയം എന്ന് മുദ്ര ചാര്‍ത്തുകയും മണത്തണ ശ്രീഭഗവതിക്കുനേരെ പീരങ്കി തിരിച്ചുവച്ച മ്ലേച്ഛന്മാര്ക്കെതിരെ പൊരുതാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്ത കേരളവര്‍മ്മ വീരപഴശ്ശിയുടെ പോരാട്ടവീര്യത്തിന്റെ പ്രേരണയും ആദര്‍ശവും കാലത്തിന്റെ മുറ്റത്ത് അയുത ഹസ്തങ്ങളില്‍ അയുതായുതം ശസ്ത്രങ്ങളുമായി അംബഭവാനിയായി മാനം മുട്ടെ നില്ക്കുന്നു.
രാജധര്‍മ്മത്തെ നടത്തി ഉള്ള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടതിനു മനുഷ്യയത്നത്തില്‍ ഒന്ന് കുറഞ്ഞുപോയെന്നുള്ള അപഖ്യാതി ഉണ്ടാകാതെ ഇരിക്കാന്‍ ആകുന്നേടത്തോളം ഉള്ള പ്രയത്നങ്ങള്‍ ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട ധീരദേശാഭിമാനി വേലുത്തമ്പിയും മഹാചാമുണ്ഡേശ്വരിയുടെ തിരുനടയിലാണ് ജീവിതം ആഹുതി ചെയ്തത്. അനാദികാലമായി തങ്കക്കാപ്പും ചെത്തിമാലയും ചാര്‍ത്തി ഭരദേവതയായ മഹാചാമുണ്ഡേശ്വരിക്ക് പൂജ നടത്തുന്ന തലക്കുളത്ത് വലിയവീട്ടിലെ ധീരനായ ആ പുത്രന് മഹാദേവിയുടെ തൃപ്പാദങ്ങള്‍ സ്വന്തം ചോര കൊണ്ട് കഴുകിയാണ് മണ്ണടിക്കാവില്‍ വെള്ളക്കാരെയും ഭയപ്പെടുത്തി ആ ജീവിതം അവസാനിച്ചത്. ധീരമായ സമരാഹ്വാനത്തിന് വേലുത്തമ്പി തെരഞ്ഞെടുത്തതും കുണ്ടറ ഇളമ്പള്ളൂര്ക്കാവിലെ തിരുനടയായിരുന്നു എന്നത് സ്വതന്ത്രതാദേവിയുടെ കൃത്യമായ നിശ്ചയമായിരുന്നു. ഇരണിയലില്‍ നിന്നുയര്‍ന്ന ജനനായകനായി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമുതല്‍ മണ്ണടിക്കാവിലെ മണല്‍ത്തരികളില്‍ ആ ഹൃദയരക്തം വാര്‍ന്നൊഴുകുന്നതുവരെ വിശ്രമമെന്തെന്നറിയാത്ത ജീവിതമായിരുന്നു വേലുത്തമ്പിയുടേത്.
സ്വന്തം നാടിനെ വിദേശകരങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ തമിഴകത്തിലെ പാഞ്ചാലക്കുറിച്ചിയില്‍ ബ്രിട്ടീഷുകാരന്റെ തലയരിഞ്ഞ് വീഴ്ത്തി അവസാനം വരെ പോരാടിയ, ചതിയില്‍ പിടിക്കപ്പെട്ടപ്പോഴും പുഞ്ചിരിയോടെ തൂക്കുകയറിനെ ചുംബിച്ച് ജീവന് ബലി നല്കിയ വീരപാണ്ഡ്യ കട്ടബൊമ്മനും മുഴക്കിയത് ഇതേ തിരുനാമമാണ്. ഭരദേവതയായ വീരസക്ക ദേവി അമ്മന്റെ തിരുനാമം ഘോഷിച്ചുകൊണ്ടാണ് വീരപാണ്ഡ്യ കട്ടബൊമ്മന് സ്വദേശത്തിന്റെ സ്വാതന്ത്ര്യത്തിനായി അടരാടിയത്.
1885ല്‍ കൊല്‍ക്കത്തയില്‍ പ്രചരിച്ച കാളിമാതാവിന്റെ ചിത്രങ്ങളില്‍ അവള് കഴുത്തിലണിഞ്ഞിരിക്കുന്ന അസുരശിരസ്സുകള്ക്ക് വെള്ളക്കാരന്റെ ഛായയായിരുന്നു. ആ ചിത്രങ്ങള്‍ ബ്രിട്ടീഷുകാര്‍ നിരോധിച്ചു. പിന്നെയും ഏറെക്കാലം കഴിഞ്ഞ് കൊല്‍ക്കത്തയില്‍ ഉരുവം ചെയ്ത ഭാരതത്തിലെ വിപ്ലവപ്രസ്ഥാനങ്ങളുടെ ലഘുലേഖകളില്‍ ‘വെള്ളക്കാരന് ആടുകളാണെന്നും അവറ്റയെ മഹാകാളിക്ക് ബലി നല്‍കണം’ എന്ന് ആഹ്വാനം ചെയ്തിരുന്നു. ഭാരതത്തിന്റെ എല്ലാ കോണിലുമുള്ള സ്വദേശാഭിമാന പ്രചോദിതങ്ങളായ സകലവിപ്ലവങ്ങളുടേയും കാരണഭൂതയായി ചണ്ഡി എന്നും ഭവാനി എന്നും വിളിക്കുന്ന ഇതേ അമ്മദൈവത്തിന്റെ ശക്തമായ പ്രേരണയും സാന്നിധ്യവുമുണ്ടെന്നുള്ളത് അത്ഭുതകരമായി തോന്നും. അതിന് ആധുനികമെന്നോ പൗരാണികമെന്നോ വ്യത്യാസമൊന്നും ഇല്ല.
വംഗമാതാവിനോടൊപ്പം തന്നെയോ അതിന് മുന്‍പായോ ഒറിയയിലെ ദേശഭക്തിഗാനങ്ങളില്‍ ഉത്ക്കലദേവി ഉണ്ടായിരുന്നു. മുംബാദേവിയുടെ മുംബൈയിലും കാളിമാതാവിന്റെ കാളീഘട്ടിലും ചണ്ഡിയിലും ഭവാനിയിലും ശ്രീപോര്ക്കലിയിലും കന്യാകുമാരിയിലും വരെ വിളങ്ങി നിന്ന സകല ദേവതാ സങ്കല്പങ്ങളും ചേര്‍ന്ന് ഓരോ ഭാരതീയന്റെയും സ്വാതന്ത്ര്യവാഞ്ഛയുടെയും ദേശപ്രേമത്തിന്റെയും ചിദഗ്നികുണ്ഡത്തില്‍ നിന്നാണ് ‘ഭാരതമാതാവ്’ സംഭൂതയായത്.
വന്ദേമാതരം മന്ത്രമാണെങ്കില്‍ ഓരോ മൂര്‍ത്തിയോടും ചേര്‍ന്ന് ഋഷിയുമുണ്ടാവണമല്ലോ. ആരാണ് ഭാരതാംബയെ മനസ്സുകളില്‍ അഷ്ടബന്ധമിട്ടുറപ്പിക്കുവാന് അവതാരം ചെയ്ത ആ ഋഷി? ആര്‍ഷഭൂമിയുടെ അനാദിയായ ഗുരുപരമ്പരയുടെ സകലപ്രഭാവവും ഉള്‍ക്കൊണ്ടുകൊണ്ട് ഈ പുണ്യഭൂമിയുടെ പാരതന്ത്ര്യച്ചങ്ങലകള് പൊട്ടിച്ചെറിയുവാന്‍ കാളിമാതാവിന്റെ മടിത്തട്ടില്‍ നിന്ന് ഉദിച്ചുയര്‍ന്ന വിവേകാനന്ദ സ്വാമികളായിരുന്നു ആ ഋഷി. അടുത്ത അന്‍പത് കൊല്ലത്തേക്ക് സകലദേവതകളെയും മാറ്റി നിര്‍ത്തി നിങ്ങള്‍ ഭാരതമാതാവിനെ മാത്രം ഭജിക്കുവാനാണ് അദ്ദേഹം പറഞ്ഞത്. വേദപുരാണങ്ങള്‍ മുതല്‍ വിവേകാനന്ദ സ്വാമികള്‍ വരെ എത്തിനില്‍ക്കുന്ന നൈരന്തര്യത്തിന്റെ ആ ഭാരതമഹിമയെ ബ്രിട്ടീഷുകാര്‍ കൂട്ടിയോജിപ്പിച്ച ഭൂപടമായി മാത്രം കാണുന്നവരോട് എന്തുപറയാനാണ്?
1905 ല്‍ സ്വദേശി ചിത്രകലാ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന അബനീന്ദ്രനാഥ് ടാഗോര്‍ ഭാരതാംബയുടെ ഒരു ചിത്രം വരച്ചു. അതിനുമുന്‍പുതന്നെ ആനന്ദമഠം രചിച്ച ബങ്കിം ചന്ദ്ര ചത്തോപാദ്ധ്യായ ഉള്‍പ്പെടെയുള്ളവര്‍ ഭാരതാംബയുടെ ചിത്രം വരച്ചിട്ടുണ്ടെങ്കിലും അബനീന്ദ്രനാഥ് രചിച്ച ചിത്രം സകലരുടെയും പ്രശംസയ്ക്ക് പാത്രമായി. തികഞ്ഞ ഭാരതീയ രീതിയില്‍ തന്നെയായിരുന്നു ആ ചിത്രം രചിച്ചത്. കാവിവസ്ത്രമണിഞ്ഞ ആ ഭാരതമാതാവിന്റെ നാലു കൈകളുണ്ടായിരുന്നു. ജപമാലയും നെല്ക്കതിരുകളും ശുഭ്രവസ്ത്രവും ഗ്രന്ഥവും ആ കരങ്ങളില്‍ പിടിച്ചിരുന്നു. ചിത്രം കണ്ട ഭഗിനി നിവേദിത ഇങ്ങനെ പറഞ്ഞു, ‘ഭാരതത്തിന്റെ ഹൃദയം ഈ ചിത്രത്തിലുണ്ട്, എനിക്ക് കഴിയുമെങ്കില്‍ ചിത്രത്തിന്റെ ആയിരക്കണക്കിന് പകര്‍പ്പുകളെടുത്ത് രാജ്യം മുഴുവന്‍ വിതരണം ചെയ്യും. ഒരു കൂലിക്കാരന്റെ കുടിയിലായാലും കൈപ്പണിക്കാരന്റെ കുടിലിലായാലും കേദാരനാഥം മുതല്‍ കന്യാകുമാരിവരെയുള്ള ഓരോ ഭവനങ്ങളുടെയും ഭിത്തിയില്‍ ഈ ചിത്രമുണ്ടായിരിക്കണം. ആ അമ്മയുടെ പവിത്രതയും വിശുദ്ധിയും ചിത്രത്തെ നോക്കുന്ന ഓരോരുത്തരുടെയും മനസ്സില്‍ പതിയണം”.
പിന്നീടിങ്ങോട്ടുള്ള ചരിത്രം നമുക്കെല്ലാം അറിയാവുന്നതാണ്. വിനായക ദാമോദര സാവര്‍ക്കര്‍ മുതല്‍ ജവഹര്‍ലാല്‍ നെഹ്രു വരെയുള്ള എല്ലാ ദേശീയ നേതാക്കളും അവരവരുടെ സംസ്ക്കാരത്തിനും സങ്കല്പത്തിനും ഉതകുന്ന രീതിയില്‍ വന്ദേമാതരവും ജയ്ഹിന്ദും ഭാരതമാതാ ജയിക്കട്ടെ എന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. തന്ത്രശാസ്ത്രത്തില്‍ പറയുന്ന സ്വശിരസ്സ് മുറിച്ച് കരത്തിലേന്തി നില്ക്കുന്ന ചന്നമസ്താദേവിയുടെ രൂപത്തില്‍ മുതല്‍ കാരുണ്യവതിയും സര്വ്വലോകാഭയകരിയുമായ ലളിതാദേവിയുടെ രൂപത്തില്‍ വരെ ഭാരതമാതാവിനെ വരച്ചിട്ടുണ്ട്. ഭാരതമാതാവിന് മുന്നില്‍ സ്വന്തം ശിരസ്സ് സമര്‍പ്പിക്കുന്ന സര്‍ദാര്‍ ഭഗത് സിങ്ങിന്റെയും നേതാജി സുഭാഷ്ചന്ദ്രബോസിന്റെയും ചിത്രങ്ങള്‍ ഒരു സമയത്ത് വിപ്ലവ പ്രസ്ഥാനങ്ങളുടെ രഹസ്യലഘുലേഖകളിലെല്ലാം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. 1936ല്‍ വാരാണസിയിലെ ഭാരതമാതാ ക്ഷേത്രം ഉദ്ഘാടനം ചെയ്തുകൊണ്ട്, ഈ ക്ഷേത്രം ഭാരതത്തിലെ ഹരിജനങ്ങളുള്പ്പെടെയുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും തീര്‍ത്ഥാടനകേന്ദ്രമായി മാറട്ടെ എന്നാണ് മഹാത്മാഗാന്ധി പറഞ്ഞത്.
അടുത്ത അന്‍പത്കൊല്ലം മറ്റെല്ലാ ദേവതാ ഉപാസനയും മാറ്റിവെച്ച് ഭാരതമാതാവിനെ മാത്രം ആരാധിക്കുവാന്‍ നമ്മോട് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്. പൂജനീയ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ ആ വിവേകാനന്ദവാണിയെ സിംഹാരൂഢയായ അഖണ്ഡഭാരതമാതാവിന്റെ ഉപാസനയിലൂടെ സാധനാമാര്‍ഗ്ഗമാക്കി രാഷ്ട്രത്തിന് പകര്‍ന്നു. രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുമപ്പുറം ഈ പുണ്യഭൂമിയുടെ പരമവൈഭവം മുന്നില്‍കണ്ട് സുദീര്‍ഘമായി നടന്നുകൊണ്ടിരിക്കുന്ന ആ മഹാസാധനയിലാണ് ഭാരതം വീണ്ടെടുക്കലിന്റെ അമൃതോത്സവകാലം ആഘോഷമാക്കുന്നത്. രാഷ്ട്രീയമായ സ്വാതന്ത്ര്യത്തിനപ്പുറം ഭാരതീയ ജീവിതത്തിന്റെ ഓരോ കണികയിലും അതിന്റെ ബോധമണ്ഡലത്തിലും മെക്കാളെ സന്നിവേശിപ്പിച്ച പാരതന്ത്ര്യത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് നാം മുക്തരാവുകയാണ്…. കോടി കോടി പ്രപഞ്ചത്തിന് കുളിര് തണലായി മാറിയ മഹാഭാരതാംബികയുടെ ദര്ശനപൂര്ത്തീകരണമാണ് ലക്ഷ്യം. ഈ യാത്ര വിശ്വമംഗളത്തിനായുള്ള മുന്നേറ്റത്തിന്റെ ഭാഗമാണ്. ഇനിയുമുണ്ട് ദൂരം… വേരിലൂന്നി ലോകമാകെ പടരുന്ന കാരുണ്യമയിയായ ഭാരതാംബികയുടെ അവതാരപൂര്ത്തീകരണത്തിനായുള്ള സാധനാകാലമാവുകയാണ് ഈ അമൃതോത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: