ചെന്നൈ: തമിഴ്നാട്ടില്‍ നിശ്ചയിച്ച 50 സ്ഥലങ്ങളില്‍ 44 ഇടത്തും നാളെ പഥസഞ്ചലനവും പൊതുയോഗങ്ങളും നടത്താന്‍ മദ്രാസ് ഹൈക്കോടതി ആര്‍എസ്എസിന് അനുമതി നല്കി. ശേഷിക്കുന്ന ആറിടങ്ങളില്‍ പിന്നീട് നടത്തുന്ന കാര്യം പരിഗണിക്കാം. ഘോഷോടു കൂടി പഥസഞ്ചലനം നടത്താനാണ് അനുമതി.ക്രമസമാധാന പ്രശ്നങ്ങളുള്ള ആറിടങ്ങളില്‍ ഒഴികെ മറ്റെല്ലായിടത്തും പഥസഞ്ചലനം നടത്താമെന്ന് ജസ്റ്റിസ് ജി.കെ. ഇളന്തിരയ്യന്‍ വ്യക്തമാക്കി. തമിഴ്നാട് പോലീസ് മുദ്ര വച്ച കവറില്‍ നല്കിയ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷമായിരുന്നു ഹൈക്കോടതിയുടെ നടപടി.
നാഗര്‍കോവില്‍, കോയമ്പത്തൂര്‍ സിറ്റി, പൊള്ളാച്ചി, തിരുപ്പൂര്‍, പല്ലാടം, അരുമണി എന്നിവിടങ്ങളിലാണ് അനുമതിയില്ലാത്തത്. ഇവിടങ്ങളില്‍ രണ്ടു മാസം കഴിഞ്ഞ് പഥസഞ്ചലനം നടത്താന്‍ പോലീസില്‍ നിന്ന് അനുമതി തേടാനും കോടതി ആര്‍എസ്എസിനോട് നിര്‍ദേശിച്ചു. പ്രശ്നം ഉണ്ടാക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കാന്‍ ഡിജിപിയോട് ഉത്തരവിട്ട കോടതി പഥസഞ്ചലനങ്ങള്‍ക്ക് മതിയായ സുരക്ഷ ഒരുക്കാനും നിര്‍ദേശിച്ചു.
വിജയദശമി, അംബേദ്ക്കര്‍ ജയന്തി, ഗാന്ധിജയന്തി എന്നിവയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ രണ്ടിന് തമിഴ്നാട്ടിലെ 50 കേന്ദ്രങ്ങളില്‍ പഥസഞ്ചലനവും പൊതുയോഗവും നടത്താനായിരുന്നു ആര്‍എസ്എസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇവയ്ക്ക് പോലീസ് അനുമതി നിഷേധിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച സാഹചര്യത്തില്‍ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും നിരോധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് പോലീസിനെ നിയോഗിച്ചതിനാല്‍ പഥസഞ്ചലനത്തിന് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെതിരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഹര്‍ജികള്‍ നല്കി. തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് പരിപാടി മാറ്റിവയ്ക്കാന്‍ സാധിക്കുമോയെന്ന് ഹൈക്കോടതി ആരാഞ്ഞു. നവംബര്‍ ആറിലേക്ക് മാറ്റാമെന്ന് ആര്‍എസ്എസ് മറുപടിയും നല്കി. അന്ന് പരിപാടികള്‍ നടത്താന്‍ അനുമതി നല്കാന് കോടതി സര്‍ക്കാരിനോടും നി
ര്‍ദ്ദേശിച്ചു.
എന്നാല്‍ ഏതാനും ദിവസം മുന്‍പ് തമിഴ്നാട് സര്‍ക്കാര്‍ അനുമതി വെറും മൂന്ന് സ്ഥലങ്ങളിലേക്ക് മാത്രമാക്കി വെട്ടിക്കുറച്ചതായി ഹൈക്കോടതിയെ അറിയിച്ചു. കോയമ്പത്തൂര്‍ സ്ഫോടനം, സംസ്ഥാനത്തെ കനത്ത മഴ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടര്‍ന്ന് കോടതി അടിയന്തരമായി റിപ്പോര്‍ട്ട് തേടി.
റിപ്പോര്‍ട്ട് പരിശോധിച്ച കോടതി അതിലൊരു കഴമ്പുമില്ലെന്ന് ചൂണ്ടിക്കാട്ടി. 2008, 2009, 2010, 2011, 2012 എന്നിങ്ങനെ ചില ക്രൈം നമ്പറുകള്‍ മാത്രമാണ് പോലീസ് നല്‍കിയത്. സമീപ കാലത്തെ അവിടെയുമിവിടെയുള്ള ചിതറിക്കിടക്കുന്ന ചില സംഭവങ്ങള്‍ മാത്രമാണ് എനിക്ക് റിപ്പോര്‍ട്ടില്‍ കാണാന്‍ സാധിച്ചത്, ജസ്റ്റിസ് ഇളന്തിരയ്യന്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്ക് കോയമ്പത്തൂര്‍ സ്ഫോടനവുമായി എന്തു ബന്ധമെന്നും കോടതി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: