തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷന് പ്രായം ഉയര്‍ത്തിയ പിണറായി സര്‍ക്കാരിന്റെ നടപടി വഞ്ചനയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. കേരളത്തെ തൊഴിലില്ലായ്മയുടെ കേന്ദ്രമാക്കി മാറ്റുന്ന തലതിരിഞ്ഞ നയമാണിതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഇടതുസര്‍ക്കാര്‍ കേരളത്തിലെ യുവജനങ്ങളോട് പരസ്യമായി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരിക്കലും പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്ന് പ്രഖ്യാപിച്ചിരുന്ന പിണറായി വിജയന് ഒരിക്കല്‍ കൂടി തന്റെ വാക്കും പഴയ ചാക്കും ഒന്നാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കെ.സുരേന്ദ്രന് പരിഹസിച്ചു.
ഇത്രയും വലിയ യുവജനവിരുദ്ധതയ്ക്കെതിരെ പ്രതികരിക്കാത്ത ഡിവൈഎഫ്ഐയും എസ്എഫ്ഐയുമെല്ലാം പിരിച്ചുവിടുന്നതാണ് നല്ലത്. യുവാക്കള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കൊന്നും ഇനി അര്‍ഹതയില്ല. ഭരിക്കുന്ന മന്ത്രിമാരുടെ പെട്ടിതാങ്ങുന്നതും ഭാര്യമാരെ പിന്‍വാതിലിലൂടെ ജോലിയില്‍ കയറ്റുന്നതും മാത്രമാണ് ഡിവൈഎഫ്ഐ നേതാക്കന്മാരുടെ രാഷ്ട്രീയ പ്രവര്‍ത്തനം. അനധികൃത നിയമനങ്ങളുടെ ഏജന്റുമാരായി മാറിയ ഇവര്‍ക്കൊക്കെ എങ്ങനെയാണ് പാവപ്പെട്ട യുവാക്കളുടെ അര്‍ഹമായ തൊഴിലിന് വേണ്ടി ശബ്ദമുയര്‍ത്താനാവുകയെന്നും സുരേന്ദ്രന് ചോദിച്ചു. എവൈഎഫിന്റെ എതിര്‍പ്പ് കണ്ണില്‍പ്പൊടിയിടാന്‍ മാത്രമുള്ളതാണ്. സിപിഐ മന്ത്രിമാരോടാണ് എവൈഎഫ് നേതാക്കള്‍ പ്രതിഷേധിക്കേണ്ടത്. അല്ലാതെ മാദ്ധ്യമങ്ങള്‍ മുന്നില്‍ മുതലകണ്ണീര്‍ ഒഴുക്കുകയല്ല വേണ്ടത്.
ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകള്‍ തല്ലിതകര്‍ക്കുന്ന തീരുമാനമാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. പിഎസ്സിയെ നോക്കുകുത്തിയാക്കി നിയമനങ്ങളെല്ലാം കരാര്‍ അടിസ്ഥാനത്തിലാക്കാനുള്ള പദ്ധതി നേരത്തെ തന്നെ സിപിഎം ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം 60 ആക്കി ഉയര്‍ത്തിയത്. വരും ദിവസങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്ഷന് പ്രായം ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: