തിരുവനന്തപുരം : ഷാരോണ്‍ രാജിന്റെ കൊലപാതകത്തിനുള്ള പദ്ധതി തയ്യാറാക്കിയതിന് പിന്നില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് ഷാരോണിന്റെ അച്ഛന്. ഗ്രീഷ്മയെ കാണാന്‍ ഷാരോണ്‍ എത്തുന്നത് അമ്മ കണ്ടിരുന്നു. അവര്‍ തമ്മില്‍ തനിച്ച് കാണാനുള്ള സൗകര്യം അവര്‍ ഒരുക്കി നല്കി. വിഷം കലര്‍ന്ന കഷായം തയ്യാറാക്കിയത് ഗ്രീഷ്മയുടെ അമ്മയാണ്. ആത്മഹത്യാ ശ്രമം ഗ്രീഷ്മയുടെ നാടകമാണെന്നും ജയരാജ് പ്രതികരിച്ചു.
തന്റെ മകളുമായുള്ള പ്രണയത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മയുടെ അമ്മ ഒരു വീഡിയോ അയച്ചിരുന്നു. ഇത് പോലീസിന് കൈമാറും. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും കഷായത്തില്‍ വിഷം കലര്‍ത്തുകയായിരുന്നുവെന്നും നീണ്ട എട്ട് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ഗ്രീഷ്മ പോലീസിനെ കൊലപാതക വിവരം അറിയിച്ചത്. കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാന്‍ സുഹൃത്തിനൊപ്പം തമിഴ്നാട്ടിലെ രാമവര്‍മ്മന്‍ചിറയിലുള്ള യുവതിയുടെ വീട്ടില്‍ പോയ ഷാരോണ്‍ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചൊവ്വാഴ്ച മരണം അടയുകയുമായിരുന്നു. കരളും വൃക്കയും തകരാറിലായി മരണം സംഭവിച്ചെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
എംഎ ഇംഗ്ലീഷ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയത്. അതേസമയം ഷാരോണിന്റെ കൊലപാതകം മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ ഒമ്പത് മണിക്ക് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലാണ് മൊഴിയെടുക്കുന്നത്. അന്ധവിശ്വാസവും പോലീസ് വീഴ്ചയും ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഷരോണിന്റെ കുടുംബം പറയുന്നത്.
ഷാരോണിന്റെ മരണം അന്വേഷിച്ചതില്‍ പാറശ്ശാല പോലീസിന് സംഭവിച്ച വീഴ്ചകള്‍ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുര്‍വേദ ഡോക്ടറുമായ ഷിനോണ്‍ ചൂണ്ടിക്കാട്ടുന്നു. ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കഴിച്ച കഷായത്തില്‍ വീട്ടുകാര്‍ ആദ്യമേ സംശയം പ്രകടിപ്പിച്ചിട്ടും പോലീസ് അത് പാടേ തള്ളിയിരുന്നു. ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പോലീസ് അവഗണിച്ചു. ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പോലീസിന്റെ നിലപാട്.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറന്‍സിക് ഡോക്ടറുടെ നിര്‍ണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെണ്‍കുട്ടിയെന്ന പരിഗണനയും നല്‍കിയെന്നാണ് പോലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതിന് ശേഷം മാത്രമാണ് കേസില്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എല്പ്പിച്ചതും. കടുത്ത ഛര്‍ദ്ദിയും വായില്‍ പൊള്ളലുമുണ്ടായിരുന്ന ഷാരോണിന്റെ ലക്ഷണങ്ങളെ വിലയിരുത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: