സംസ്ഥാനത്ത് അരിവില ഇരട്ടിയായി കുതിച്ചുയര്‍ന്നിട്ടും ഇടതുമുന്നണി സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. കേരളം അരിക്കുവേണ്ടി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ മഴയും വെള്ളപ്പൊക്കവും മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന ന്യായീകരണമാണ് സര്‍ക്കാരും കച്ചവടക്കാരും മുന്നോട്ടുവയ്ക്കുന്നതെങ്കിലും അത് പ്രശ്നത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളൂ. കേരളത്തിലെ നെല്ലുല്പ്പാദനം കുറഞ്ഞതും, കര്‍ഷകരില്‍നിന്ന് മില്ലുടമകള്‍ അരിയെടുക്കുന്നതിന് കാലതാമസം നേരിടുന്നതുമാണ് ജനങ്ങളുടെ അന്നംമുട്ടിക്കുന്നവിധത്തില്‍ അരിവില ഉയരാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അടുത്ത വിളവെടുപ്പ് ജനുവരിയിലായതിനാല്‍ അതുവരെ ജനങ്ങള്‍ അരിയുടെ തീവില സഹിക്കേണ്ടി വരും. വിലക്കയറ്റം ഉണ്ടാവില്ലെന്നു പ്രഖ്യാപിച്ചാണ് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. അധികാരത്തുടര്‍ച്ച ലഭിച്ചിട്ടും ഇതിനുവേണ്ടി ഫലപ്രദമായി യാതൊന്നും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. മലയാളികളുടെ മുഖ്യ ആഹാരമാണ് ചോറ്. എന്നിട്ടും അരിവില കുതിക്കാതിരിക്കാന്‍ ഒന്നും ചെയ്യാനില്ലെന്ന സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ജനവിരുദ്ധമാണ്. അരിയുല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കാത്തതും, വിപണിയില്‍ ഇടപെടാന്‍ തയ്യാറാവാത്തതുമാണ് അരിവില കുതിച്ചുകയറാന്‍ കാരണം. തരിശുഭൂമിയിലെ നെല്‍കൃഷിയിറക്കലും കൊയ്ത്തുത്സവവുമൊക്കെ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഘോഷമായി നടക്കാറുണ്ടെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തുന്നില്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള പ്രചാരണമൂല്യം മാത്രമാണ് ഇതിനുള്ളത്.
അരിയുടെ വില മാത്രമല്ല, പച്ചക്കറി വിലയും ആകാശംമുട്ടുന്ന സ്ഥിതിയാണുള്ളത്. പൂര്‍ണമായും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന പച്ചക്കറി വിപണിയില്‍ പകല്‍ക്കൊള്ള തന്നെയാണ് നടക്കുന്നത്. ഒരു മാനദണ്ഡവുമില്ലാതെ തോന്നുന്ന വിലയാണ് ഈടാക്കുന്നത്. ചോദിക്കാനും പറയാനും ആരുമില്ല. ഇവിടെയും കാരണമായി പറയുന്നത് മറ്റു സംസ്ഥാനങ്ങളിലെ മഴയും വെള്ളപ്പൊക്കവുമൊക്കെയാണ്. കച്ചവടക്കാര്‍ വിലവര്‍ധിപ്പിക്കാന്‍ ഇത് അവസരമാക്കുന്നതായിപ്പോലും സംശയിക്കണം. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറത്തുപോലും വളരെ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന തക്കാളിയും ഉള്ളിയും കാബേജുമൊക്കെ കേരളത്തില്‍ കൊണ്ടുവന്ന് വില്‍ക്കുന്നത് പലമടങ്ങ് വിലയ്ക്കാണ്. അധികൃതരുടെ അറിവോടെയാണ് കാലങ്ങളായി ഈ ചൂഷണം നടക്കുന്നത്. ഒരിക്കല്‍ വര്‍ധിപ്പിച്ച വില കുറയ്ക്കുന്നത് വളരെ അപൂര്‍വമായിരിക്കും. ഇത് പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറല്ല. കൊള്ളലാഭം കൊയ്യാന്‍ കൂട്ടുനിന്നാലുള്ള ഗുണം തങ്ങള്‍ക്കും ലഭിക്കുമെന്നാണ് പൊതുവെ രാഷ്ട്രീയപാര്‍ട്ടികള്‍ കരുതുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2022-23 ബജറ്റില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 2000കോടി രൂപ മാറ്റിവച്ചതായാണ് പ്രഖ്യാപനം വന്നത്. ഇത് വെറും പാഴ്വാക്കാണെന്ന് അരിയുടെയും മറ്റും വിലവര്‍ധന തെളിയിക്കുന്നു. അഴിമതി നടത്താനും അത് ഒതുക്കാനും കാണിക്കുന്ന താല്‍പ്പര്യത്തിന്റെ നൂറിലൊരംശം പോലും വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ ഉണ്ടാകുന്നില്ല.
കേന്ദ്രസര്‍ക്കാര്‍ പല പ്രാവശ്യം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചിട്ടും അതിന് ആനുപാതികമായി നികുതി കുറയ്ക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. എന്നിട്ട് ഇന്ധന വിലവര്‍ധനവിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരവും നടത്തും. സാധനവില നിയന്ത്രിക്കാന്‍ സ്വന്തം നിലയ്ക്ക് യാതൊന്നും ചെയ്യാത്തതിന്റെ ജനരോഷം കേന്ദ്രത്തിനു നേര്‍ക്ക് തിരിച്ചുവിടുകയെന്നതാണ് ഇതിലെ തന്ത്രം. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്കുനേരെ കണ്ണടയ്ക്കുകയും ചെയ്യും. വിലവര്‍ധന തടയാന്‍ ഗോതമ്പ്, അരി, ആട്ട എന്നിവയുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിയിരുന്നു. ആഭ്യന്തര വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ക്ഷാമം ഉണ്ടാകാതിരിക്കാനും, അത് വിലക്കയറ്റത്തിന് ഇടവരുത്തുന്നത് തടയാനുമാണിത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ കാരണം തിരിച്ചടി നേരിടുന്നത്. കേരളം ഉപഭോഗ സംസ്ഥാനമാണെന്നതിന്റെ മറവില്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നീതീകരിക്കാനാവാത്ത വില വര്‍ധന ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. കച്ചവടക്കാര്‍ തോന്നിയപോലെ വിലവര്‍ധിപ്പിക്കുന്ന ഒരു രീതി കേരളത്തിലുണ്ട്. ചോദ്യം ചെയ്താല്‍ എന്തെങ്കിലും തൊടുന്യായങ്ങള്‍ പറയും. ഭരിക്കുന്ന പാര്‍ട്ടികളുടെയും സര്‍ക്കാരിന്റെയും പിന്തുണ ഇതിന് ലഭിക്കുകയും ചെയ്യുന്നു. ഇത് തടഞ്ഞേ തീരൂ. എന്ത് നടപടിയെടുത്താലും അരിവില കുറച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിയണം. അന്നംമുട്ടുന്നവരുടെ ശാപം തടഞ്ഞുനിര്‍ത്താന്‍ ഒരു അധികാരത്തിനുമാവില്ലെന്ന തിരിച്ചറിവ് ഭരിക്കുന്നവര്‍ക്ക് ഉണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: