ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയില് ഇന്ത്യന്‍ കരസേനയുടെ ചരിത്രപരമായ ലാന്‍ഡിംഗ് അനുസ്മരിച്ച് ശ്രീനഗറിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍.
കാരണം, അവിടെ ഇന്നലെ 1940ലെ രണ്ടാം ലോകമഹായുദ്ധത്തില്‍ നമ്മളുപയോഗിച്ച ഡക്കോട്ട ഡിസി3 വിമാനമായ ‘പരശുരാമന്’ മറ്റ് യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഉയര്‍ന്നു പറന്നു കൊണ്ടിരുന്നു എന്നതാണ്. രാജീവ് ചന്ദ്രശേഖര്‍ മുന്‍കയ്യെടുത്ത് ബ്രിട്ടനിലയച്ച് ആറു വര്‍ഷം കൊണ്ട് അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വ്യോമ സേനക്ക് തിരികെ നല്‍കിയതാണ് പരശുരാമന് എന്ന ആ വി പി 905 നമ്പര്‍ ഡകോട്ട വിമാനം
ഇത്തരമൊരു അസാധാരണ സംരംഭത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് വൈകാരിക ബന്ധമാണ്. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഡക്കോട്ട (ഡാക്ക്) അദ്ദേഹത്തിന്റെ ബാല്യത്തിന്റെ കൂടി ഭാഗമായിരുന്നു, വ്യോമസേനയില്‍ പൈലറ്റ് എന്ന നിലക്ക് രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് ഇന്ത്യ മുഴുവന്‍ അതില്‍ പറന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സിന് ഡി സി 3 വിഭാഗത്തില്‍പ്പെട്ട ഒരു ഡക്കോട്ട സമ്മാനിക്കുക എന്ന പിതാവിന്റെ സ്വപ്നമാണ് മകന് നിറവേറ്റിയത് .ഇന്ത്യന്‍ വ്യോമസേനയിലെ ഡക്കോട്ട പൈലറ്റ് ആയിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ (റിട്ട) എം കെ ചന്ദ്രശേഖര്‍.
ഈ വിമാനം പറക്കുന്ന അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഏഴ് വര്‍ഷത്തെ പരിശ്രമം വേണ്ടിവന്നു. പൂര്‍ണ്ണമായും നവീകരിച്ച വിമാനം ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്താന്‍ തന്നെ ഒന്‍പത് ദിവസമെടുത്തു’.
വ്യോമസേനയുടെയും നവീകരണ പ്രവര്‍ത്തികള്‍ നടത്തിയ റിഫ്ലൈറ്റ് എയര്‍ വര്‍ക്ക്സ് ലിമിറ്റഡിന്റെയും പൈലറ്റുമാരടങ്ങുന്ന സംയുക്ത സംഘമാണ് നവീകരിച്ച വിമാനം 2018 ഏപ്രില്‍ 17 ന് യുകെയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രനയിച്ചത്. 2018 മെയ് 4 ന് ഉത്തര്‍ പ്രദേശിലെ ഹിന്റണ്‍ എയര്‍ ബേസില്‍ നടന്ന ചടങ്ങില്‍ അന്നത്തെ വ്യോമസേനാ മേധാവി ബി.എസ്. ധനോവ, എയര്‍ കമ്മഡോര്‍ (റിട്ട) എം കെ ചന്ദ്രശേഖറില്‍ നിന്ന് താക്കോല്‍ ഏറ്റുവാങ്ങി വിന്റേജ് സ്ക്വാഡ്രണില്‍ ഉള്‍പ്പെടുത്തി വിമാനം ഔപചാരികമായി വ്യോമസേനയുടെ ഭാഗമാക്കി.
1947ല്‍ ജമ്മു കാശ്മീരിലേക്ക് സൈനികരെ കൊണ്ടുപോകുന്നതിലും ‘പരശുരാമന്’ പങ്കാളിയായിരുന്നു. യുദ്ധമുഖങ്ങളിലേക്ക് ഇന്ത്യന്‍ സൈന്യത്തെയും സിവില്‍ സേവനങ്ങളും എത്തിക്കുന്നതിലും നിര്‍ണായകമായ സ്ഥാനമാണ് ഡകോട്ട വിമാനങ്ങള്‍ക്കുണ്ടായിരുന്നത്.
1947 ലെ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഓപ്പറേഷന് ആരംഭിച്ചതിന്റെ സൂചനയെന്നോണം ഒക്ടോബര്‍ 27ന് പുലര്‍ച്ചെ അഞ്ചു മണിക്ക് ഡല്‍ഹി സഫ്ദര്‍ജംഗിലെ വില്ലിംഗ്ഡണ്‍ എയര്‍ഫീല്‍ഡില്‍ നിന്ന് 12ാം നമ്പര്‍ സ്ക്വാഡ്രന്റെ മൂന്ന് ഡക്കോട്ടകള്‍ പറന്നുയര്‍ന്നു. തുടര്‍ന്ന് അന്നേ ദിവസം മാത്രം ആറ് സിവിലിയന്‍ സര്‍വീസുള്‍പ്പെടെ 28 വിമാനങ്ങള്‍.
ഒന്നാം സിഖ് റെജിമെന്റില്‍പ്പെട്ട ആദ്യബാച്ച് സൈനികരെയും വഹിച്ചുകൊണ്ട് ശ്രീനഗറില്‍ ഇറങ്ങിയ വി പി 905 എന്ന ടെയില്‍ നമ്പറുള്ള ആദ്യ ഡക്കോട്ട വിമാനമാണ് പരശുരാമ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട് വീണ്ടും സേനയുടെ ഭാഗമായത്. പുനര്‍സൃഷ്ടിക്കപ്പെട്ട ഡക്കോട്ട വിമാനത്തിന് പരശുരാമ എന്ന് നാമകരണം ചെയ്തതും രാജീവ് ചന്ദ്രശേഖര്‍ ആയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: