തിരുവനന്തപുരം: വിദ്യാഭ്യാസ ടെക്നോളജി രംഗത്തെ ഭീമന് കമ്പനിയായ ബൈജൂസ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പിരിച്ചുവിടല്‍ തുടങ്ങുന്നു. ഇതിന്റെ സൂചന നല്കുന്ന ചില നീക്കങ്ങള്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുകയാണ്.
ബൈജൂസ് ആപ്പ് കേരളത്തിലെ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തുകയാണ്. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ കാര്‍ണിവല്‍ ബില്‍ഡിങ്ങിലായിരുന്നു ബൈജൂസിന്റെ ഡെവലപ്മെന്റ് സെന്റര്‍.
200 ഓളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവരുടെ രാജി ആവശ്യപ്പെട്ടതായി അറിയുന്നു. എന്നാല്‍ കേരളത്തിലെ ജീവനക്കാര്‍ക്ക് ബൈജൂസിന്റെ ബെംഗളൂരു കേന്ദ്രത്തിലേക്ക് മാറാന്‍ അവസരം നല്‍കുന്നുണ്ടെന്നും അതിന് കഴിയാത്തവരെയാണ് പിരിച്ചുവിടുന്നതെന്നും ബൈജൂസ് ന്യായീകരിക്കുന്നു.
ബൈജൂസിലെ ജീവനക്കാരുടെ പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ടെക്നോപാര്‍ക്കിലെ തൊഴിലാളി കൂട്ടായ്മയായ പ്രതിധ്വനി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടനയുടെ പ്രതിനിധികള്‍ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരിട്ട് നിവേദനവും നല്കി.
ബൈജൂസിലെ ജീവനക്കാരുമായും പ്രതിധ്വനി പ്രതിനിധികളുമായും ഇന്നലെ ലേബര്‍ കമ്മിഷണര്‍ ചര്‍ച്ച നടത്തി. അടുത്ത ഘട്ടമമെന്ന നിലയില്‍ കമ്പനി മാനേജ്മെന്റുമായി സംസാരിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് മേല്‍ രാജി സമ്മര്‍ദ്ദം ഉയര്‍ത്തിയതോടെ കമ്പനിക്കു തൊഴില്‍ വകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് പോലും നല്‍കാതെ ആപ്പ് ഡെവലപ് ചെയ്യുന്നവരെ പിരിച്ചുവിടുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.നഷ്ടപരിഹാരമായി മൂന്നു മാസത്തെ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
ഈ സാമ്പത്തിക വര്‍ഷാവസാനമായ 2023 മാര്‍ച്ചോടെ 2500 ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് കമ്പനി ലാഭത്തിലാക്കാന്‍ ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെ റിപ്പബ്ലിക് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു. അടുത്ത ആറ് മാസത്തിനുള്ളില്‍ ജീനവക്കാരെ പിരിച്ചുവിടുക വഴി മാര്‍ക്കറ്റിങ്ങ്, പ്രവര്‍ത്തനച്ചെലവുകള്‍ ചുരുക്കി ലാഭത്തിലാക്കുകയാണ് ലക്ഷ്യം.
2021 മാര്‍ച്ചില്‍ 4588 കോടി രൂപയുടെ നഷ്ടമാണ് ബൈജൂസ് പ്രഖ്യാപിച്ചത്. ഇത് 2020ലെ നഷ്ടത്തേക്കാള്‍ 19 മടങ്ങ് അധികമാണ്. 2022 മാര്‍ച്ച് 31ന് കമ്പനിയുടെ വരുമാനം നാലിരട്ടി വര്‍ധിച്ച് 10,000 കോടിയിലെത്തിയെന്ന് പ്രഖ്യാപിച്ചെങ്കിലും ലാഭനഷ്ടക്കണക്ക് അവതരിപ്പിച്ചിരുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: