ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന് കൂടിയായ ഋഷി സുനക് ചുമതലയേറ്റു. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന് ബ്രിട്ടന്റെ പ്രധാനമന്ത്രി പദം അലങ്കരിക്കുന്നത്.
പ്രധാനമന്ത്രിയായി ചുതമലയേല്‍ക്കുന്നതിന് മുന്നോടിയായി ബക്കിംങ്ഹാം കൊട്ടാരത്തിലെത്തി റിഷി സുനക് ചാള്‍സ് രാജാവ് മൂന്നാമനുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ നഗരത്തില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ 42 കാരനായ സുനക് രാജ്യത്തെ അഭിസംബോധന ചെയ്തു.
ബ്രിട്ടന്റെ എല്ലാ ഭയാശങ്കകളേയും അകറ്റുന്നതായിരുന്നു കന്നിപ്രസംഗം. ആര്‍ജിക്കേണ്ട ഒന്നാണ് വിശ്വാസമെന്നും ഞാന്‍ നിങ്ങളുടെയെല്ലാം വിശ്വാസം നേടിയെടുക്കുമെന്നും ഋഷി സുനക് പറഞ്ഞു.
കണ്‍സെര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനമൊഴിഞ്ഞ രണ്ട് പ്രധാനമന്ത്രിമാരുടെ പോരായ്മകളെ നികത്തുന്ന ഒന്നായിരിക്കും തന്റെ ഭരണമെന്ന സന്ദേശം ബോറിസ് ജോണ്‍സണെയും ലിസ് ട്രസിനെയും വേദനിപ്പിക്കാതെ ബ്രിട്ടീഷ് ജനതയിലേക്കെത്തിക്കാന്‍ കഴിഞ്ഞതായിരുന്നു റിഷി സുനകിന്റെ വിജയം. ഒപ്പം 40 വര്‍ഷത്തെ ഏറ്റവും വലിയ പണപ്പെരുപ്പ പ്രതിസന്ധിയില്‍ നില്ക്കുന്ന ബ്രിട്ടനെ അതില്‍ നിന്നും കരകയറ്റുമെന്ന ഉറപ്പുനല്‍കലും ബ്രിട്ടീഷ് ജനതയ്ക്ക് ആശ്വാസമായി.
സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ലിസ് ട്രസ് നടത്തിയ ചില അബദ്ധങ്ങള്‍ തിരുത്താന്‍ കൂടിയാണ് ടോറി നേതാവായി തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ലിസ് ട്രസ് തെറ്റ് ചെയ്തില്ലെന്നും വിശുദ്ധമായ ലക്ഷ്യത്തോടെ ചില കാര്യങ്ങള്‍ ചെയ്തതാണെന്നും സുനക് പറഞ്ഞു. ദുരുദ്ദേശ്യത്തോടെയോ ഗൂഢലക്ഷ്യത്തോടെയോ ചെയ്തതല്ല. പക്ഷെ അത് അബദ്ധങ്ങലായി. പക്ഷെ ഈ തെറ്റുകള്‍ പരിഹരിക്കുമെന്നും അദ്ദേഹം ബ്രിട്ടീഷ് ജനതയ്ക്ക് ഉറപ്പുനല്‍കി. കോവിഡ് തീര്‍ത്ത പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം ഇപ്പോള്‍ ഒരു അഗാധമായ സാമ്പത്തിക പ്രതിസന്ദിയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ കരകയറ്റുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
അഴിമതിയും സത്യസന്ധതയില്ലായ്മയുമായിരുന്നു മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ അധികാരത്തില്‍ നിന്നും തറപറ്റിച്ചത്. ഇക്കാര്യത്തിലും സുനക് ബ്രിട്ടീഷ് ജനതയുടെ വിശ്വാസം കയ്യിലെടുക്കാന്‍ മറന്നില്ല. ബോറിസ് ജോണ്സണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നല്കിയ സംഭാവനകളെ വാഴ്ത്തിപ്പറഞ്ഞുകൊണ്ടായിരുന്നു ആമുഖം. അതോടൊപ്പം അദ്ദേഹത്തിന് കൈമോശം വന്ന സത്യസന്ധത എന്ന മൂല്യമായിരിക്കും തന്റെ സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പറഞ്ഞതിനെ ആവേശത്തോടെയാണ് ബ്രിട്ടീഷ് ജനത സ്വീകരിച്ചത്. രാജ്യത്തെ വാക്കുകള്‍ കൊണ്ടല്ല, പ്രവര്‍ത്തികള്‍ കൊണ്ട് ഒന്നിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശക്തമായ പൊതുജനാരോഗ്യം, മെച്ചപ്പെട്ട സ്കൂളുകള്‍, സുരക്ഷിതമായ തെരുവുകള്‍, നിയന്ത്രണമുള്ള അതിര്‍ത്തികള്‍, പരിസ്ഥിതി സംരക്ഷണം, സായുധസേനയ്ക്കുള്ള പിന്തുണ ഇതെല്മലാം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന് ശേഷം ജനങ്ങളെ ഒരിയ്ക്കല്‍ കൂടി അഭിവാദ്യം ചെയ്ത ശേഷം അദ്ദേഹം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണ്ടിംഗ് സ്ട്രീറ്റില്‍ പ്രവേശിച്ചു. 100 മുറികളുള്ളതാണ് ഈ ആഡംബര വസതി.
അതേ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ബ്രിട്ടനെ കരകയറ്റാന്‍ എന്ത് മാജിക് ടച്ചാണ് കൊണ്ടുവരാന്‍ പോകുന്നതെന്ന കാര്യം റിഷി സുനകും സംഘവും രഹസ്യമാക്കി വെച്ചിരിക്കുകയാണ്. റഷ്യയ്ക്കെതിരെ ഉക്രൈന് അനുകൂലമായി കടുത്ത നിലപാടുകള്‍ പിന്തുടരുന്ന ബ്രിട്ടീഷ് നയം തന്നെ റിഷി സുനകും പിന്തുടരുമോ എന്നും കണ്ടറിയണം. ഇനി മന്ത്രിസഭാരൂപീകരണമാണ് അടുത്ത ഘട്ടം.
സുനകിന്റേത് ചരിത്രത്തിലെ രണ്ടാമത്തെ സുദീര്‍ഘ പ്രസംഗം
ഋഷി സുനകിന്റെ പ്രധാനമന്ത്രിയായി ചുതലയേറ്റുകൊണ്ടുള്ള കന്നി പ്രസംഗം ബ്രിട്ടീഷ് ചരിത്രത്തില്‍ രണ്ടാമത്തെ സുദീര്‍ഘ പ്രസംഗമാണ്. അഞ്ച് മിനിറ്റ് 56 സെക്കന്റായിരുന്നു റിഷി സുനകിന്റെ പ്രസംഗം. ഇക്കാര്യത്തില്‍ റെക്കോഡ് ബോറിസ് ജോണ്‍സന്റെ പേരിലാണ്- 11 മിനിറ്റും 13 സെക്കന്റും.
സമയം കളയാതെ ട്വിറ്ററില്‍ പുതിയ ബയോ- ഋഷി സുനക് -പ്രധാനമന്ത്രി, യുണൈറ്റഡ് കിംഗ്ഡം
റിഷി സുനക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടന്‍ അദ്ദേഹത്തിന്റെ ട്വിറ്റര്‍ പേജില്‍ പുതിയ മാറ്റങ്ങ്ലള്‍ വന്നു. റിഷി സുനക്- പ്രധാനമന്ത്രി യുണൈറ്റഡ് കിംഗ്ഡം എന്നായിരുന്നു ബയോ തലക്കെട്ട്. ഏകദേശം 8.89 ലക്ഷം ഫോളോവേഴ്സാണ് സുനകിന് ട്വിറ്ററില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: