അടുത്തിടെ ഞങ്ങളുടെ തൊടുപുഴയിലെ ജില്ലാ സംഘചാലക് സുധാകരന് ഫോണില്‍ അറിയിച്ച ഒരു മരണവിവരം ഒട്ടേറെ ഓര്‍മകളെ ഉണര്‍ത്തി. അദ്ദേഹത്തിന്റെ സഹോദരീ ഭര്‍ത്താവ് എറണാകുളത്ത് ഏഴു പതിറ്റാണ്ടുകള്‍ക്കു മുന്‍പു സംഘപ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന പി.കെ. ശിവശങ്കരദാസ് അന്തരിച്ചുവെന്നതായിരുന്നു വിവരം. 92 വയസ്സു കഴിഞ്ഞിരുന്നതിനാല്‍ അതൊരു അകാലചരമമായിരുന്നില്ല. ഇതേ വിവരം അന്നു വൈകുന്നേരം ടി. സതീശനും അറിയിച്ചു. അടിയന്തരാവസ്ഥക്കാലത്തു പല മുതിര്‍ന്ന സംഘപ്രചാരകന്മാര്ക്കും സുരക്ഷിതമായി താമസിക്കാന്‍ കഴിഞ്ഞ തമ്മനത്തെ വീട്ടിലെ ജയന്റെ അച്ഛന് മരിച്ചു എന്നാണദ്ദേഹമറിയിച്ചത്. ഞാന്‍ ആ സമയത്ത് ‘പോസിറ്റീവ്’ ശങ്കയിലായിരുന്നതിനാല് കൂടുതല്‍ വിവരങ്ങള്‍ ആരായാന്‍ പോയില്ല.
ശിവശങ്കര്‍ ദാസിനെക്കുറിച്ച് സ്കൂള്‍ പഠനകാലത്തു തന്നെ ധാരാളം അറിയാം. അദ്ദേഹത്തിന്റെ അച്ഛന് പി.കെ. കൃഷ്ണപിള്ള സാര്‍ ഡ്രോയിങ് അധ്യാപകനായിരുന്ന, ദേവിയുടെ ഉപാസകനും. പൂജക്കാലത്ത് നാട്ടിലെ പള്ളിക്കൂടത്തിലെ പൂജയും, എഴുത്തിനിരുത്തുമൊക്കെ നടത്തിയ ആശാന് അദ്ദേഹമായിരുന്നു. രാജഭരണമവസാനിപ്പിച്ച്, രാജ്യം സ്വതന്ത്രമായി, നാം തന്നെ നമുക്കു ഭരണഘടനയുണ്ടാക്കി അതനുസരിച്ച് ജീവിച്ചു തുടങ്ങിയപ്പോള്‍, വിദ്യാലയങ്ങളും പഠിത്തവും മതനിരപേക്ഷമായി, ഹിന്ദിയില്‍ അതു ധര്മ്മനിരപേക്ഷവും. അതിനാല്‍ പള്ളിക്കൂടങ്ങള്‍ സ്കൂളുകളായി അവിടെ പുജയും എഴുത്തിനിരുത്തും പാടില്ലാതെയായി. രാജഭരണകാലത്തു തിരുവനന്തപുരത്തെ ഏറ്റവും ആഘോഷമായി നടന്നുവരുന്ന ഉത്സവമായിരുന്നു ശാസ്തമംഗലം എഴുന്നെള്ളത്ത്. മഹാരാജാവിന്റെ സീമോല്ലംഘനം. ചതുരംഗസേനയും അകമ്പടി സേവിച്ചിരുന്നുവത്രേ. ഉത്തരഭാരതത്തിലും, എന്തിനു മൈസൂറില്‍ പോലും ദസറ നിര്‍ത്തിയില്ല. ദല്‍ഹിയില്‍ അത് രാമലീലയാണ്. അവിടത്തെ രാവണദഹനം നടക്കുന്നതു രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സാന്നിദ്ധ്യത്തിലാണ്. ആദ്യത്തെ ആഗ്നേയാസ്ത്രം അയയ്ക്കുന്നതുതന്നെ അവരിലാരെങ്കിലുമായിരിക്കും. തിന്മയുടെ മേല്‍ നന്മയുടെ വിജയം എന്നൊരു മതനിരപേക്ഷ ‘മേല്‍ചാര്‍ത്ത്’ അതിനു ചാര്ത്തുമെന്നേയുള്ളൂ.
ശിവശങ്കര്‍ ദാസിനെപ്പറ്റിയാണല്ലൊ തുടങ്ങിയത്. 1955 അവസാനം തൊടുപുഴയില്‍ സംഘപ്രവര്‍ത്തനം ആരംഭിച്ച സമയത്ത് ശ്രീ ഗുരുജിയുടെ അന്പത്തൊന്നാം ജന്മദിനാഘോഷങ്ങളുടെ തയാറെടുപ്പ് നടക്കുകയായിരുന്നു. ഞായറാഴ്ച ദാസ് എന്റെ വീട്ടില്‍ വന്നു താന്‍ ഒരു വര്‍ഷമായി എറണാകുളം ശാഖയില്‍ പോകുന്നുണ്ടെന്നും, ഭാസ്കര്‍റാവുവില്‍ നിന്നാണെന്നെപ്പറ്റിയറിഞ്ഞതെന്നും പറഞ്ഞു. ഞങ്ങളൊരുമിച്ച മൂന്നു കി.മീ. നടന്നു. തൊടുപുഴ ക്ഷേത്രത്തിലെ ശാഖയില്‍ പോയി. സംഘത്തില്‍ പരിചയമുള്ള വേറെ ആരുമില്ല.ജന്മദിനം സംബന്ധിച്ച ലഘുലേഖകള്‍ ഹിന്ദിയിലും ഇംഗ്ലീഷിലും മലയാളത്തിലുമുള്ളവ കാട്ടിത്തന്നു. ഇനി വരുമ്പോള്‍ കൂടുതല്‍ കൊണ്ടുവരാമെന്നു പറഞ്ഞു. ആ വര്‍ഷം ഞാന്‍ സംഘശിക്ഷാവര്‍ഗില്‍ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. പരമേശ്വര്‍ജിയും ഭാസ്കര്‍ റാവുജിയും പ്രോത്സാഹനവും നല്കി. ഗണവേഷത്തിനു വേണ്ടത്ര ട്രൗസറും ബൂട്ടും മറ്റും താന്‍ തരാമെന്ന് ശിവശങ്കര്‍ദാസ് ഏറ്റു.
ഞാന്‍ ചെന്നൈയില്‍ പോകാന്‍ എറണാകുളത്തെത്തിയപ്പോള്‍ അവിടത്തെ പരിശീലനാര്‍ഥികള്‍ പോയിക്കഴിഞ്ഞിരുന്നു. ദാസിനന്ന് ഓഫീസില്‍ അടിയന്തരാവശ്യം വന്നതിനാല്‍ ഐ. ദാമോദരന്‍ എന്ന സഹപ്രവര്ത്തകന് കാര്യാലയത്തിലെത്തി എല്ലാ കാര്യങ്ങളും ഒരുക്കിത്തന്നു. അന്നുതന്നെ നാഗ്പൂരില്‍ തൃതീയ വര്ഷത്തിനുപോയ ഡി. അനന്തപ്രഭു മറ്റു സൗകര്യങ്ങളും ചെയ്തു തന്നു. അദ്ദേഹവും 95 വയസ്സായതിന്റെ വിഷമതകളുമായി കഴിയുന്നു.
കൊച്ചിത്തുറമുഖത്തിന്റെ ഓഫീസിലായിരുന്നു ദാസിനു ജോലി. അവിടത്തെ ക്വാര്‍ട്ടേഴ്സില്‍ പോകാനും എനിക്കവസരമുണ്ടായി. ദാസിന്റെ വിവാഹത്തിനു മുന്‍പ് ഭാസ്കര്‍ റാവു തൊടുപുഴയില്‍ വന്നിരുന്നു. സംഘശിക്ഷാവര്‍ഗിന്റെ തയാറെടുപ്പിലായതിനാല്‍ ചടങ്ങില്‍ ഉണ്ടാവില്ലെന്നറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛന് കൃഷ്ണപിള്ള സാറിനെ കണ്ടു. ഞങ്ങള്‍ ഇരുവരും തൊടുപുഴ ടൗണില്‍ നിന്നു സൈക്കിളിലായിരുന്നു പോയതും വന്നതും.
വര്‍ഷങ്ങള്‍ക്കുശേഷം പൂജനീയ ദേവറസ്ജി സര്‍സംഘചാലകായിരിക്കെ തൃശ്ശിവപേരൂരില്‍ നടന്ന കാര്യകര്‍തൃ ശിബിരത്തില്‍, ജനസംഘത്തിന്റെ ചുമതലയായിരുന്ന എനിക്ക് കിടക്കാന്‍ ലഭിച്ച സ്ഥലം എറണാകുളത്തിന്റെ ഭാഗത്തായിരുന്നു. അതെ ഭാഗത്തുണ്ടായിരുന്നവരെ പരിചയപ്പെട്ടപ്പോഴാണ് ജയകുമാര്‍ ശിവശങ്കര്‍ദാസിന്റെ മകനാണെന്നറിഞ്ഞത്. വളരെക്കാലത്തിനുശേഷം പഴയ ബന്ധങ്ങള്‍ പുതുക്കി. അതേ ശിബിരത്തില്‍ സംഘചാലകന്മാരുടെ കൂട്ടത്തില്‍ എന്റെ അച്ഛനുമുണ്ടായിരുന്നു.
ദാസ് എറണാകുളം തമ്മനത്തു സ്വന്തം വീടുവച്ചുവെന്നും അപ്പോള്‍ അറിഞ്ഞു. ആ വീട്ടില്‍ പോകാന്‍ അടിയന്തരാവസ്ഥക്കാലത്തും അവസരമുണ്ടായില്ല. സംഘത്തിന്റെ കേന്ദ്രീയ തീരുമാനമനുസരിച്ചു മാത്രമേ ആ വീടുപയോഗിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. തമ്മനത്തെ മറ്റനേകം സ്വയംസേവകരുടെ വീടുകളും സുരക്ഷിത സ്ഥാനങ്ങളായുണ്ടായിരുന്നു. തമ്മനം രാമചന്ദ്രന് വളരെ മര്‍ത്ഥമായി സ്വയംസേവകര്‍ക്ക് ഒളിസങ്കേതമൊരുക്കിവന്നു. ഈയിടെ നിര്യാതനായ സാനിട്ടറി വേണുവിന്റെ വക തമ്മനത്തെ ഒരു വീട്ടില്‍ ജനസംഘപ്രവര്‍ത്തകര്‍ താവളമൊരുക്കിയിരുന്നു. അവിടെ പോലീസ് മണത്തറിഞ്ഞു റെയ്ഡ് നടത്തിയത് ഒരു പ്രഭാതത്തില്‍ അവിടെയെത്തിയപ്പോഴെ ഞാനറിഞ്ഞുള്ളൂ. എന്റെ ഒരു പെട്ടി പോയി. സമീപത്തുതന്നെയുണ്ടായിരുന്ന പോക്കറ്റ് റേഡിയോയും മറ്റൊരു പെട്ടിയും അവര്‍ കണ്ടില്ല. പോലീസ് വന്നതും ഏതാനും പേരെ കൊണ്ടുപോയതും അടുത്ത വീട്ടിലെ സ്ത്രീ പറഞ്ഞു. അവരെടുത്ത പെട്ടിയില്‍ എന്റെ ഫോട്ടോയുണ്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം പെട്ടി തിരികെ കിട്ടിയപ്പോഴും അവ നഷ്ടപ്പെട്ടിരുന്നില്ല.
ആ താവളത്തില്‍നിന്നു രക്ഷപ്പെട്ടയുടന്‍ ഞാന്‍ ശിവശങ്കര്‍ ദാസിന്റെ വീട്ടിലെത്തി. താമസിക്കാന്‍ വിഷമം ഉണ്ടായാല്‍ നേരേ അങ്ങോട്ട് ചെന്നാല്‍ മതിയെന്നാശ്വസിപ്പിച്ചാണ് വിട്ടത്. പല സ്ഥലത്തേക്കും അവര്‍ മാറിത്താമസിച്ചിരുന്നു. പോര്ട്ട്രസ്റ്റില് നിന്നു പിരിഞ്ഞശേഷം അദ്ദേഹവും മകനും ചേര്‍ന്നു ബിസിനസ്സിലേര്‍പ്പെട്ടു. ജന്മഭൂമിയുടെ തിരക്കുകള്‍ മൂലവും, അവരുടെ താമസം മാറിയതിനാലും സമ്പര്‍ക്കം കുറഞ്ഞുപോയി. ചിറ്റൂര്‍ റോഡിലെ സ്ഥാപനത്തില്‍ ഒരിക്കല്‍ ചെന്നപ്പോള്‍ അവിടെ വലിയ തിരക്കായിരുന്നു. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് തൊടുപുഴയില്‍ പുതിയ കാര്യാലയം നിര്‍മിക്കാനുള്ള ശ്രമം നടന്നപ്പോള്‍ മുതിര്‍ന്ന സ്വയംസേവകരുമൊത്തു ചിലരെ കാണാന്‍ പോയി. ആദ്യകാല സ്വയംസേവകരെന്ന നിലയ്ക്കു ചിലരെ കണ്ടു. തൃപ്പൂണിത്തുറയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്തുള്ള വീട്ടില്‍ ഞങ്ങള്‍ പോയിക്കണ്ടു. വളരെ ഉന്മേഷകരമായിരുന്നു സന്ദര്‍ശനം. ഒരാഴ്ചയ്ക്കകം തന്നെ അന്നത്തെ നിലയ്ക്ക് നല്ലതുകയുടെ ഡ്രാഫ്റ്റ് എന്നെ ഏല്‍പ്പിച്ചു. ഇടുക്കി പദ്ധതിയുടെ നിര്‍മാണകാലത്ത് അവിടെയുണ്ടായിരുന്ന ആര്.എസ്. മേനോനെയും അന്നു കണ്ടിരുന്നു.
ആറരപ്പതിറ്റാണ്ട് നീണ്ട സഹോദര നിര്‍വിശേഷമായ അടുപ്പവും ഓര്മയുമാണദ്ദേഹത്തിന്റെ നിര്യാണത്തോടെ ഉണര്‍ന്നത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായിരുന്ന ഐ.ഡി. മേനോന് ഇപ്പോള്‍ എവിടെയാണെന്നറിയില്ല. അടിയന്തരാവസ്ഥക്കാലത്ത് എറണാകുളം പള്ളിമുക്കില്ത്തന്നെയുള്ള അദ്ദേഹത്തിന്റെ വീടായിരുന്നു ഒരു മുഖ്യ കേന്ദ്രം. ജോലിയില്‍ നിന്നു വിരമിച്ചശേഷം പെരുമാനൂരില്‍ താമസിച്ച സ്ഥലത്ത് കാണാന്‍ അവസരമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: