കണ്ണൂര്‍ : പാനൂരില്‍ 23കാരിയെ കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി പോലീസിനെ അറിയിച്ചു. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇയാള്‍ അറിയിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. മാനന്തേരിയില്‍ നടത്തിയ തെളിവെടുപ്പില്‍ പോലീസ് സംഘം ഈ തെളിവുകളും കണ്ടെടുത്തിട്ടുണ്ട്. കുളത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവര്‍ എന്നിവയും ബാഗിലുണ്ടായിരുന്നു.
കൊലപാതകത്തിനായി ആയുധങ്ങള്‍ വാങ്ങിയ കടയിലും വിഷ്ണുപ്രിയയുടെ വീട്ടിലെത്തിച്ചും ശ്യാംജിതിന്റെ തെളിവെടുപ്പ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിനാല്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാനാണ് പോലീസിന്റെ തീരുമാനം. ഇന്ന് കോടതിയില്‍ ഹാജരാക്കുമ്പോള്‍ പോലീസ് ഇക്കാര്യം ആവശയപ്പെടും.
പ്രണയ ബന്ധത്തില്‍ നിന്ന് വിഷ്ണുപ്രിയ പിന്മാറിയാതാണ് ശ്യാംജിത്തിനെ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
ശനിയാഴ്ചയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയത്. വിഷ്ണുപ്രിയയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് ശ്യാംജിത്തെത്തി കൊലപ്പെടുത്തുകയായിരുന്നു. അമ്മയും ബന്ധുക്കളുമെല്ലാം ഈ സമം തൊട്ടടുത്തുള്ള കുടുംബവീട്ടില്‍ മറ്റൊരു മരണാനന്തര ചടങ്ങിലായിരുന്നു. രാവിലെ വസ്ത്രം മാറാനും മറ്റുമായി വിഷ്ണുപ്രിയ കുടുംബവീട്ടില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏറെ വൈകിയിട്ടും മകളെ കാണാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മൃദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് വിഷ്ണുപ്രിയയുടെ ഫോണ്‍ കോളുകളെ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്. കൊലനടത്തിയശേഷം ശ്യാംജിത്ത് ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗില്‍വെച്ച് സ്വന്തം ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് അച്ഛന്റെ ഹോട്ടലില്‍ ജോലിക്ക് കയറി. വൈകിട്ട് നാടുവിടാനായിരുന്നു ഇയാളുടെ പദ്ധതി. വിഷ്ണുപ്രിയയുമായി അഞ്ചുവര്‍ഷമായി ഇയാള്‍ പ്രണയത്തിലായിരുന്നുവെന്നും മൂന്നുമാസമായി തന്നെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. വിഷ്ണുപ്രിയയെ കൊല്ലാന്‍ മൂന്നുദിവസം മുമ്പാണ് തീരുമാനമെടുത്തത്. വെട്ടുകത്തി നേരത്തേ വാങ്ങി. ചുറ്റിക രണ്ടുദിവസം മുമ്പുവാങ്ങി കൃത്യം നടത്തുകയായിരുന്നെന്നും പ്രതി പോലീസിനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: