ന്യൂദല്‍ഹി: പത്തു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിയമന യജ്ഞത്തിന്റെ ആദ്യഘട്ട തൊഴില്‍ മേളയ്ക്ക് നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പുതുതായി നിയമനം നേടിയ 75,000 പേര്‍ക്കു രാവിലെ 11ന് പ്രധാനമന്ത്രി നിയമന ഉത്തരവ് കൈമാറും. പുതുതായി നിയമിക്കുന്നവരെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യും. ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ നഗരങ്ങളിലുമുള്ള ചടങ്ങുകളില്‍ കേന്ദ്രമന്ത്രിമാര്‍ തൊഴില്‍ നിയമന ഉത്തരവുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് കൈമാറും. ഒന്നര വര്‍ഷത്തിനകം 10 ലക്ഷം പേര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമനം ലഭിക്കുന്നത്.
രാജ്യത്തുടനീളം പുതുതായി നിയമിക്കപ്പെടുന്നവര്‍ കേന്ദ്ര സര്‍ക്കാരിന്റെ 38 മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ജോലിയില്‍ പ്രവേശിക്കും. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നീ തസ്തികകളിലാണ് ഇവര്‍ നിയമിതരാകുന്നത്. കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍, കോണ്‍സ്റ്റബിള്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായ നികുതി ഇന്‍സ്പെക്ടര്‍മാര്‍, എംടിഎസ് മുതലായ തസ്തികകളിലാണ് നിയമനം.
മന്ത്രാലയങ്ങളും വകുപ്പുകളും നേരിട്ടോ അല്ലെങ്കില്‍ യുപിഎസ്സി, എസ്എസ്സി, റെയില്‍വെ റിക്രൂട്ട്മെന്റ് ബോര്‍ഡ് പോലുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ വഴിയോ ത്വരിത ഗതിയിലാണ് ഈ നിയമനങ്ങള്‍ നടത്തുന്നത്. വേഗത്തിലുള്ള നിയമനത്തിനായി തെരഞ്ഞെടുക്കല്‍ പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ജൂണില്‍, പ്രധാനമന്ത്രി നേരിട്ട് എല്ലാ കേന്ദ്ര വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവ ശേഷിയുടെ സ്ഥിതി അവലോകനം ചെയ്യുകയും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ മിഷന് മോഡില്‍ സര്‍ക്കാര്‍ റിക്രൂട്ട് ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
ഗ്രൂപ്പ് എ ഗസറ്റഡ് പോസ്റ്റുകളില്‍ 23,584 ഒഴിവുകളും ഗ്രൂപ്പ് ബി ഗസറ്റഡ് പോസ്റ്റുകളില്‍ 26,282 ഒഴിവുകളും ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്) പോസ്റ്റുകളില്‍ 92,525 ഒഴിവുകളുമാണുള്ളത്. ഗ്രൂപ്പ് സിയില്‍ 8.36 ലക്ഷം നിയമനങ്ങള്‍ നടക്കും. പ്രതിരോധ മന്ത്രാലയത്തില്‍ മാത്രം ഗ്രൂപ്പ് ബിയില്‍ 39,366 ഒഴിവുകളും ഗ്രൂപ്പ് സിയില്‍ 2.14 ലക്ഷം ഒഴിവുകളും വരും മാസങ്ങളില്‍ നികത്തും. റെയില്‍വെയില്‍ ഗ്രൂപ്പ് സിയില്‍ 2.91 ലക്ഷം നിയമനങ്ങള്‍ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ ഗ്രൂപ്പ് സിയില്‍ 1.21 ലക്ഷം നിയമനങ്ങളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: