ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവും, താല്‍ക്കാലിക ജീവനക്കാരനുമായ വ്യക്തി നടത്തിയ സാമ്പത്തിക ക്രമകേടില്‍, ഗുരുവായൂരില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവനക്കാരനെ ജോലിയില്‍നിന്നും ഒഴിവാക്കിയെങ്കിലും, താമസിയാതെ തിരിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക സിപിഎം നേതൃത്വവും, സഹകരണ സംഘം ഭരണസമിതിയും.
ക്രമകേട് നടത്തിയ വ്യക്തിയെ ജോലിയില്‍ നിന്നും പുറത്താക്കിയതല്ലാതെ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതിപെടാനോ, മറ്റുനടപടികള്‍ സ്വീകരിയ്ക്കാനോ സഹകരണസംഘം തയ്യാറാകാത്തത് ദേവസ്വം ജീവനക്കാര്‍ക്കിടയില്‍ വലിയ ആക്ഷേപത്തിന് ഇടയാക്കിയിട്ടുണ്ട്. ഇയാളെ സംരക്ഷിയ്ക്കുന്ന നിലപാട് സ്വീകരിയ്ക്കുന്നത്, വരാനിരിയ്ക്കുന്ന സംഘം തിരഞ്ഞെടുപ്പില്‍ സഹകരണ സംഘത്തേയും, ഒപ്പം ഗുരുവായൂരിലെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കുറ്റക്കാരനെതിരെ നിയമപരമായ നടപടിയെടുക്കാത്തപക്ഷം അടുത്തമാസം നടക്കാനിരിയ്ക്കുന്ന സഹകരണ സംഘം തിരഞ്ഞെടുപ്പില്‍, ദേവസ്വത്തിലെ ഇടതുപക്ഷ യൂണിയന് വല്ലാതെ വിയര്‍ക്കേണ്ടിവരും. യുഡിഎഫ് ഭരിയ്ക്കുന്ന ഗുരുവായൂര്‍ അര്‍ബ്ബന്‍ ബാങ്കില്‍, ഭരണക്കാര്‍ നിയമനകോഴ വാങ്ങിയെന്നാരോപിച്ച് താഴേതട്ടിലുള്ള പ്രവര്‍ത്തകരെകൊണ്ട് ദിവസങ്ങളോളം തൊണ്ടകീറി മുദ്രാവാക്യം വിളിപ്പിച്ചും, ഗുരുവായൂരിലെ തെരുവോരങ്ങളില്‍ സമരാഭാസത്തിന് നേതൃത്വം നല്‍കുകയും ചെയ്ത സിപിഎം, സ്വന്തം പാര്ട്ടിക്കാരന് സഹകരണസംഘത്തില്‍ നടത്തിയ പകല്‍കൊള്ളയെ മൗനമായി ന്യായീകരിയ്ക്കുന്നതിലൂടെ സ്വയം അപഹാസ്യരായപ്പോള്‍, സഹകരണ സംഘത്തില്‍ സാമ്പത്തിക ക്രമകേട് കാട്ടിയ വ്യക്തിയെ സംരക്ഷിയ്ക്കുന്ന നിലപാട് സ്വീകരിയ്ക്കുന്ന ഗുരുവായൂരിലെ സിപിഎം നേതൃത്വത്തിന്റെ ഇരട്ടതാപ്പ്, ഇതോടെ പകല്‍പോലെ വ്യക്തമാവുകയും ചെയ്തു.
ഗ്യാസ് സിലിണ്ടര്‍ തിരിമറിയിലൂടെ ലക്ഷങ്ങളുടെ ക്രമകേട് നടന്നിട്ടും, ഭരണസമിതിയിലെ അംഗങ്ങളെപോലും അറിയിയ്ക്കാതെ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം പ്രസിഡണ്ട് സംഭവം മൂടിവെച്ചത് ഭരണസമിതി അംഗങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇതിനിടെ ക്രമക്കേട് നടത്തിയ ഇയാള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുന്നുണ്ട്. സിപിഐയുടെ ഒരു മുന്‍ എംഎല്‍എയുടെ ഏറ്റവും അടുത്ത ബന്ധുവായ ഇയാളെ സംരക്ഷിയ്ക്കാന്‍ സിപിഐയും ഒരു ശ്രമം നടത്തിയതായാണ് വിവരം. അതിലൂടെ ഗുരുവായൂരിലെ സിപിഐ നേതൃത്വവും ഇപ്പോള്‍ പ്രതികൂട്ടിലായിരിയ്ക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: