ന്യൂദല്‍ഹി: കേന്ദ്ര കാര്‍ഷിക ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ പിഎം കിസാന്‍ സമ്മാന്‍ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 13,500 കര്‍ഷകരെയും 1500 അഗ്രി സ്റ്റാര്‍ട്ടപ്പുകളേയും പരിപാടി ഒരു കുടക്കീഴില് കൊണ്ടുവരും. ഓണ്‍ലൈനായി ഒരു കോടിയിലധികം കര്‍ഷകരും പരിപാടിയുടെ ഭാഗമാകും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ പന്ത്രണ്ടാം ഗഡു പ്രധാനമന്ത്രി കൈമാറും. 16,000 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നത്. പിഎം കിസാന്‍ കീഴില്‍ ഇതുവരെ രണ്ടു ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങളാണ് കര്‍ഷകര്‍ക്ക് കൈമാറിയത്.
കേന്ദ്രരാസവള മന്ത്രാലയത്തിന് കീഴിലുള്ള 600 പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍(പിഎംകെഎസ്കെ), പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജന- ഒരു രാഷ്ട്രം ഒരു വളം പദ്ധതി, അഗ്രി സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ്, പ്രദര്‍ശനം എന്നിവയും ചടങ്ങില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാസവളത്തെക്കുറിച്ചുള്ള ഇ മാഗസിനായ ഇന്ത്യന്‍ എഡ്ജിന്റെ പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
3.3 ലക്ഷത്തിലധികം ചില്ലറ വളക്കടകളെ പ്രധാന്‍മന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ ഉര്‍വരക് പരിയോജനയുടെ ഭാഗമായി ഭാരത് എന്ന ഒറ്റ ബ്രാന്‍ഡില്‍ വളങ്ങള്‍ വിപണനം ചെയ്യാന്‍ കമ്പനികള്‍ക്ക് സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: