വാഷിങ്ടന്‍: ഹിജാബ് വിരുദ്ധ സമരത്തെ പിന്തുണച്ച് നിരത്തിലിറങ്ങിയ പ്രതിഷേധക്കാര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. യു.എസ് പ്രസിഡന്റ് ജോ ബൈഡന് പിന്തുണ പ്രഖ്യാപിച്ചതോടെ സമരം കൂടുതല്‍ ആളിക്കത്തുകയാണെന്ന് ഇറാന്. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക ഇടപെടരുതെന്ന താക്കീതും ഇറാന് നല്കി. രാജ്യത്ത് അശാന്തി ആളിക്കത്തിക്കാന്‍ യുഎസ് ഭരണകൂടം ശ്രമിക്കുകയാണെന്ന് ഇറാന് വിദേശകാര്യ വക്താവ് നാസര്‍ കനാനി പറഞ്ഞു.
സെപ്റ്റംബര്‍ 16-ന് പൊലീസ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ട മെഹ്സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് രാജ്യത്ത് നീണ്ടുനില്‍ക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിന് ബൈഡന് പിന്തുണയറിയിച്ചിരുന്നു. പ്രതിഷേധക്കാരായ ജനങ്ങളുടെ ധൈര്യം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ബൈഡന് പറഞ്ഞു.
വൈറ്റ് ഹൗസ് വെബ്സൈറ്റില്‍ ആണ് ബൈഡന്റെ പ്രതികരണം പ്രസിദ്ധപ്പെടുത്തിയത്. ഇറാന് ഭരണാധികാരികളുടെ നടപടി പ്രാഥമികമായ മനുഷ്യാവകാശങ്ങളുടെ ലംഘനമെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടിലെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അതിക്രമങ്ങള്‍ക്ക് ഇറാനിയന്‍ മതപോലീസും അധികാരികളും നാളെ ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. മഹ്സ അമിനിയെന്ന യുവതിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്ന് ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം പത്തൊമ്പതാം ദിവസവും ശക്തമായി തുടരുകയാണ്.
രാജ്യത്തിന്റെ പതിനാലു പ്രവിശ്യകളിലെ പതിനേഴിലധികം നഗരങ്ങളില്‍ ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. നിലവില്‍ ഹൈസ്കൂളുകളും യൂണിവേഴ്സിറ്റികളും കേന്ദ്രീകരിച്ചാണ് സമരം നടക്കുന്നത്. സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് നാനൂറിലധികം പേരാണ്. പതിനായിരത്തില്‍ അധികം പേര് പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുപത്തിനായിരത്തില്‍ അധികം പേരെങ്കിലും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
1979 ലെ വിപ്ലവത്തിന് ശേഷം രാജ്യംഏറ്റവും വലിയ പ്രതിഷേധത്തിലൂടെയാണ് കടന്നു പോകുന്നത്. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ജീവന് വേണ്ടിയും ചിലര്‍ മുറവിളി കൂട്ടുന്നുണ്ട്. അതേസമയം, ഇറാനിലെ കുര്‍ദ് മേഖലകളില്‍ തുടരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ഇറാന് നടപടി സ്വീകരിച്ച് തുടങ്ങി. ഇതാണ് അമേരിക്ക പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്ത് വരാന്‍ പ്രധാനകാരണം.
ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കം നടത്തുകയാണെങ്കില്‍ ഇടപെടുമെന്ന് സൂചനയും അമേരിക്ക നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്കും വനിതകള്‍ക്കും എതിരെ നടത്തുന്ന അക്രമം ലോകം വീക്ഷിക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന് ഇറാനെ ഓര്‍മിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: