ഈ മഹാപ്രപഞ്ചത്തില്‍ ആയിരക്കണക്കിന് ഗ്രഹങ്ങളുണ്ടെങ്കില്‍ പതിനായിരക്കണക്കിന് ഛിന്നഗ്രഹങ്ങളുമുണ്ട്. ഛിന്ന ഗ്രഹങ്ങളില്‍ മിക്കതിനും ഒരു നിശ്ചയവുമില്ലായെന്ന അവസ്ഥയാണ്. കൂട്ടംതെറ്റിയും കൂട്ടിയിടിച്ചും കൂട്ട് വിട്ടും അവ ആകാശഗംഗയിലൂടെ കുതിച്ചു പാഞ്ഞേക്കാം. വഴിക്കു കാണുന്ന ഏത് ഗ്രഹവുമായും കൂട്ടിയിടിച്ചേക്കാം. അത്തരമൊരു ഭീമന് കുതിപ്പാണ് ആറ് കോടി വര്‍ഷങ്ങള്‍ക്കപ്പുറം ഭൂമിയിലെ ദിനസോര്‍ വംശത്തെ മുച്ചൂടും മുടിച്ചത്. ഭൂമിയിലെ ജീവന് മുക്കാല്‍ പങ്കും ഇല്ലാതാക്കിയത് 1908ല്‍ റഷ്യയിലെ വലിയൊരു വനമാകെ കത്തിച്ച് ചാരമാക്കിയതും ഇത്തരം ലക്കുകെട്ട ഒരു ഛിന്നഗ്രഹത്തിന്റെ പ്രഹരമായിരുന്നു. ഇത്തരം അപകടങ്ങള്‍ക്ക് പൂര്‍ണവിരാമമിടാന്‍ ആര്‍ക്കും കഴിയില്ലായെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കാരണം കാല്‍ലക്ഷത്തില്‍ താഴെ ഛിന്നഗ്രഹങ്ങളെ മാത്രമേ നമ്മുടെ ദൂര്‍ദര്‍ശിനികള്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളൂ. ഇനിയും ആയിരക്കണക്കിന് കുഴപ്പക്കാര്‍ കണ്ടേക്കാം ആകാശവീഥിയില്‍. അതിനാല്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കുക തന്നെ വേണം. കാത്തിരുന്നാല്‍ മാത്രം പോരാ. കെട്ടുപൊട്ടിച്ച് മുക്രയിട്ട് വരുന്ന ഛിന്നഗ്രഹങ്ങളെ തടഞ്ഞ് തകര്‍ത്തു തരിപ്പണമാക്കുകയും വേണം. അങ്ങനെ പ്രിയപ്പെട്ട ഭൂമിയെ കാത്തുരക്ഷിക്കണം. ആ ചിന്തയിലാണ് അമേരിക്കയിലെ ബഹിരാകാശ ഏജന്‍സിയായ ‘നാസ’ പ്ലാനറ്ററി ഡിഫന്‍സ് സിസ്റ്റത്തിന് രൂപംനല്കിയത്. ഇതേ ചിന്ത തന്നെയാണ് ‘ആര്‍മ ഗെഡന്‍’ എന്ന ബോളിവുഡ് സയന്‍സ് ത്രില്ലര്‍ സംവിധാനം ചെയ്ത മൈക്കല്‍ ബേയുടെ ഉള്ളിലുണ്ടായിരുന്നതും. 1998 ല്‍ ആയിരുന്നു ആ ബ്ലോക് ബസ്റ്റര്‍ പുറത്തിറങ്ങിയത്. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ആ ചിത്രത്തിന് ചെലവായത് 140 ദശലക്ഷം അമേരിക്കന്‍ ഡോളര്‍. ബോക്സ് ഓഫീസില്‍ മടക്കിക്കിട്ടിയതാവട്ടെ 553.7 ദശലക്ഷം ഡോളറും. ബ്രൂസ് വില്യംസ്, ബില്ലി ബോബ്, തോംടന്‍, ലിവ ടെയിലര്‍, ബെന്‍ അഫഌക്, വില്‍ പാറ്റന്‍, പീറ്റര്‍ സ്റ്റോമര്‍, കീത്ത് ഡേവിഡ്, സ്റ്റീവ് ബസീമി തുടങ്ങിയവരായിരുന്നു ആര്മഗെഡനിലെ താര പ്രമുഖര്‍. ഛിന്നഗ്രഹം തകര്‍ത്ത് ഭൂമിയെ രക്ഷിക്കാന്‍ ജീവന് പണയം വച്ചു നടത്തിയ ഒരു സംരംഭമായിരുന്നു ഈ ചിത്രത്തിന്റെ കാതല്‍.
മാന്‍ഹട്ടനിലും ഷാങ്ഹായിയിലും ഉണ്ടായ അതിതീവ്രമായ ഉല്‍ക്കമഴയിലാണ് തുടക്കം. അതില്‍പെട്ട് ആകാശക്കപ്പലായ അറ്റ്ലാന്റിസ് തകരുന്നു. ഉല്‍ക്കമഴയുടെ കാരണം തേടിയപ്പോഴാണ് ബഹിരാകാശ ശാസ്ത്രജ്ഞര്‍ ആ സത്യം അറിയുന്നത്. ടെക്സസ് നഗരത്തിന്റെ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂഗോളത്തെ ലക്ഷ്യമാക്കി പാഞ്ഞുവരുന്നു. ഭൂമിയിലെത്താന്‍ 18 ദിവസം മാത്രം നാസയിലെ ശാസ്ത്രജ്ഞര്‍ സടകുടഞ്ഞെണീറ്റു. ഛിന്നഗ്രഹത്തെ എങ്ങനെയും തകര്‍ക്കാന്‍ അവര്‍ തീരുമാനമെടുത്തു. എണ്ണഖനന വിദഗ്ദ്ധനായ ‘ഹാരി സ്റ്റംപറുടെ’ നേതൃത്വത്തിലുള്ള ഒരു സംഘം ഖനന വിദഗ്ധര്‍ ആ ചുമതല കയ്യേറ്റു. റോക്കറ്റില്‍ തൊടുത്തുവിട്ട ആകാശ കപ്പലില്‍ അവര്‍ ഛിന്നഗ്രഹത്തിലെത്തും. തുടര്‍ന്ന് ഗ്രഹം തുളച്ച് വിദൂര നിയന്ത്രണത്തിലൂടെ ഒരു ആറ്റംബോംബ് പൊട്ടിച്ച് അതിനെ രണ്ടായി പിളര്‍ക്കും. രണ്ട് ഭാഗങ്ങളും ഭൂമിയെ തൊടാതെ ഒഴിഞ്ഞുപോകും.
തന്റെ ക്രൈസിസ് ടീമിലേക്ക് ബഹുമിടുക്കന്മാരെ മാത്രമാണ് ഹാരി തെരഞ്ഞെടുത്തത്. ലിക് ചാപ്പല്‍, റോക്ക് ഹൗണ്ട്, ഓസ്കര് ചോയ്സ്, ഫ്രോസ്റ്റ് തുടങ്ങിയവര്‍. അതില്‍ ഫ്രോസ്റ്റ് ഹാരിയുടെ മകള്‍ ഗ്രേസിന്റെ പ്രിയ കാമുകനും. (ഇക്കാര്യത്തില്‍ ഹാരിക്ക് ഒട്ടും താല്‍പ്പര്യമില്ലെന്നും ഫ്രോസ്റ്റിനറിയാം). എന്തായാലും ഒരുക്കം പൂര്‍ത്തിയായ ഉടന്‍ ഫ്രീഡം, ഇന്‍ഡിപെന്‍ഡന്‍സ് എന്ന രണ്ട് സ്പേസ് ഷിപ്പുകളിലായി സംഘം ഛിന്നഗ്രഹത്തെ ലാക്കാക്കി കുതിച്ചു. പക്ഷേ അവരെ കാത്തിരുന്നത് ഭീകരമായ അപകടങ്ങളുടെ പരമ്പര. ആകാശക്കപ്പലുകളില്‍ തീപിടിത്തമുണ്ടായി. പലരും മരിച്ചു. ഒരു ആകാശയാനം ബഹിരാകാശത്തില്‍ പൊട്ടിത്തെറിച്ചു.
പക്ഷേ ഇതൊന്നും ഹാരിയെ തളര്‍ത്തിയില്ല. അയാളുടെ ആകാശവാഹനം ഛിന്നഗ്രഹത്തില്‍ ഇറങ്ങുക തന്നെ ചെയ്തു. പക്ഷേ ഭാഗ്യക്കേടുകള് അയാളെ പിന്തുടര്ന്നു. ഗ്രഹത്തിന്റെ നേര്‍മധ്യത്തില്‍ നടത്തിയ ഡ്രില്ലിങ് വിജയിക്കാന്‍ ഏറെ താമസമെടുത്തു. ഛിന്നഗ്രഹം ഭൂമിക്ക് അടുത്തെത്താറായപ്പോള്‍ മാത്രമാണ് ഡ്രില്ലിങ് ഏതാണ്ട് തീരുന്നത്. ഒടുവില്‍ കുഴിയില്‍ ആഴത്തില്‍ അണുബോംബ് സ്ഥാപിച്ചു. വിദൂരനിയന്ത്രണ യന്ത്രത്തിന്റെ സഹായത്തോടെ ബോംബ് പൊട്ടിച്ച് ഗ്രഹം പിളര്‍ക്കാനായിരുന്നു പരിപാടി. പക്ഷേ ഉടനെത്തി ഒരു ബഹിരാകാശ കൊടുങ്കാറ്റ്. ആ കാറ്റില്‍ റിമോട്ട് കണ്ട്രോള് സംവിധാനം തകര്‍ന്നു. ഇനി ഭൂമിയെ രക്ഷിക്കാന്‍ ഒരേ ഒരു മാര്‍ഗം. ഒരാള്‍ നേരിട്ട് ബോംബ് പൊട്ടിക്കുക. രക്തസാക്ഷിയാവുക…. ഒടുവില്‍ ഹാരി ആ ദൗത്യം ഏറ്റെടുത്തു. തന്റെ മകളെ വിവാഹം കഴിക്കാന്‍ ഫ്രോസ്റ്റിന് അനുവാദം നല്കി സ്പേസ്ഷിപ്പുമായുള്ള ബന്ധം മുറിച്ച് ഹാരി മരണത്തിലേക്ക് നടന്നു. ഛിന്നഗ്രഹം തകര്‍ന്നു. ആസന്നമായ വിപത്തില്‍നിന്ന് ഭൂഗോളം രക്ഷപ്പെട്ടു. ഇത് വെറുമൊരു സിനിമാക്കഥയല്ല. ഇതേ ചിന്തയിലാണ് ‘നാസ’ പ്ലാനറ്റ് ഡിഫന്‍സ് സിസ്റ്റത്തിന് രൂപം നല്‍കുന്നത്. എന്നെങ്കിലും ഭൂമിയെ അപകടപ്പെടുത്താന്‍ എത്തിയേക്കാവുന്ന ഛിന്നഗ്രഹങ്ങളെ ദിശമാറ്റിവിട്ട് ഭൂഗോളത്തെ രക്ഷിക്കാനുള്ള പദ്ധതി. ഈ പദ്ധതിയുടെ ആദ്യ പരീക്ഷണം വിജയിച്ച ആഹ്ലാദത്തിലാണ് നാസ, 2022 സപ്തംബര്‍ 27 പുലര്‍ച്ചെ.
അന്ന് പുലര്‍ച്ചെ നാസ തൊടുത്തുവിട്ട ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയ്ഡ് റീ ഡയറക്ഷന്‍ ടെസ്റ്റ്) എന്ന കുഞ്ഞന്‍ ഉപഗ്രഹം ഒരു കുഞ്ഞന്‍ ഉപഗ്രഹത്തിന്റെ നെഞ്ചത്തേക്ക് ഇടിച്ചു കയറി. ഭൂമിയില്‍നിന്ന് ഒന്നേകാല്‍ കോടി കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഇരട്ടഗ്രഹങ്ങളായ ഡൈഫോര്‍മോസും ഡിഡീമോസുമാണ് പരീക്ഷണത്തിനായി ‘നാസ’ തെരഞ്ഞെടുത്തത്. കുഞ്ഞനില്‍ വമ്പനാണ് ഡി.ഡി മോസ്. അവനെ ചുറ്റുന്ന കുഞ്ഞന്‍ ഗ്രഹമാണ് ഡൈമോര്‍ഫോസ്. കേവലം 163 മീറ്റര്‍ മാത്രം ഉയരമുള്ള ഡൈമോര് ഫോസിലേക്കാണ് വെറും ഒന്നരമീറ്റര്‍ നീളം വരുന്ന ഡാര്‍ട്ട് മണിക്കൂറില്‍ 24000 കിലോമീറ്റര്‍ നീളം വരുന്ന ഇടിച്ചിറങ്ങിയത്.
അമേരിക്കയിലെ വാന്‍ഡര്‍ബര്‍ഗ് സ്പേസ് സ്റ്റേഷനില്‍ നിന്നും സ്പേസ്-എക്സ് ഫാല്‍ക്കന്‍-9 എന്ന റോക്കറ്റിന്റെ കരുത്തിലാണ് പത്ത് മാസങ്ങള്‍ക്കു മുന്‍പ് ഡാര്‍ട്ട് തന്റെ ആകാശയാത്ര ആരംഭിച്ചത്. യാത്രയും പരീക്ഷണവുമെല്ലാം കിറുകൃത്യം. കുഞ്ഞന്‍ ഡാര്‍ട്ടിന്റെ സ്മാഷില്‍ ഡൈമോര്‍ഫോസ് ഒന്ന് കുലുങ്ങിയെന്ന് വ്യക്തം. ആ കുലുക്കത്തിന്റെ വ്യക്തമായ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഡാര്‍ട്ടിനെ അനുഗമിച്ച കുഞ്ഞന്‍ ഉപഗ്രഹമായ ‘ലിസിയക്യൂബും’ മറ്റ് ആകാശ ദുരദര്ശിനികളും പകര്‍ത്തിയ ചിത്രങ്ങള്‍ തീര്‍ച്ചയായും നമുക്ക് വ്യക്തമായ രൂപംനല്‍കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഡിഡീമോസിനു ചുറ്റും ഭ്രമണം നടത്താന്‍ ഡൈമോര്‍ഫോസ് എടുത്തിരുന്ന സമയത്തില്‍ മാറ്റമുണ്ടെന്നു കണ്ടെത്തിയാല്‍ നമുക്കുറപ്പിക്കാം, നാസയുടെ പരീക്ഷണം ജയിച്ചു!
ഭൂമിയെയും ഭൂമിയെ കാത്ത് രക്ഷിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ തീര്‍ച്ചയായും വിജയിക്കേണ്ടതുണ്ട്. അവ മനുഷ്യനെ കൂടുതല്‍ കരുത്തനാക്കും-മനുഷ്യവംശത്തെ കാത്ത് രക്ഷിക്കാന്‍ അവന് ശക്തിപകരും. അതിനുള്ളതാണ് ‘നാസ’യുടെ ഈ നല്ല തുടക്കം. ഒടുവിലത്തെ വാര്‍ത്ത: മനുഷ്യരാശിയുടെ ഭൗമ പ്രതിരോധ ദൗത്യമായ ഡാര്‍ഡ് വിജയിച്ചതായി നാസസ്ഥിരീകരിച്ചു. ഡാര്‍ട്ടിന്റെ ഇടിയേറ്റ് ഡൈമോര്‍ഫസിന്റെ ഭ്രമണപഥത്തില്‍ വ്യത്യാസം വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നീരിക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: