ന്യൂദല്‍ഹി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലില്‍ കഴിയുന്ന ദല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍. സായിബാബ ഉടന്‍ ജയില്‍ നിന്ന് പുറത്തിറങ്ങില്ല. ജീവപര്യന്തം ശിക്ഷ റദ്ദാക്കിയ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. സായിബാബയുെ ജീവപര്യന്തം ശിക്ഷ ബോബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് കഴിഞ്ഞ ദിവസം കുറ്റവിമുക്തനാക്കിയത്.
ഇതിനെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. വിധിയില്‍ വിശദ പരിശോധന വേണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ബന്ധത്തില്‍ ജയിലില്‍ കഴിഞ്ഞിരുന്ന അഞ്ച് പേരെയാണ് ബോംബെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കേസിലെ എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ച സുപ്രീംകോടതി പ്രതികള്‍ക്ക് ജാമ്യാപേക്ഷ നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് സര്‍വകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റ് ചെയ്തത്. ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ രാം ലാല്‍ ആനന്ദ് കോളേജിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു സായിബാബ. 2012 ല്‍ മാവോയിസ്റ്റ് അനുകൂല സംഘടനയുടെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു സായിബാബയ്ക്കെതിരായ കേസ്.
കേസ് പരിഗണിച്ച ഗച്ച്റോളിയിലെ പ്രത്യേക കോടതി 2017 ല്‍ സായിബാബയെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയുമായിരുന്നു. എന്നാല്‍ ഇതിനെതിര നല്കി അപ്പീലില്‍ ഹൈക്കോടതി കേസിന്റെ മെറിറ്റിലേക്ക് കടന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി വിധി മരവിപ്പിക്കുകയായിരുന്നു. ജസ്റ്റിസ് എംആര്‍ ഷാ അടങ്ങുന്ന ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. കേസ് ഡിസംബര്‍ 8ന് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: