പത്തനംതിട്ട: നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയിൽ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തുന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദേവകി എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് മഠം പ്രവർത്തിക്കുന്നത്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ഇന്ന് രാവിലെ വാർത്ത വന്നതോടെ വിവിധ യുവജന സംഘടനകളും നാട്ടുകാരും പ്രതിഷേധവുമായി സ്ഥലത്ത് തടിച്ച് കൂടിയിട്ടുണ്ട്. മന്ത്രവാദത്തറയടക്കം യുവജനസംഘടനകൾ തകർത്തു. തുടർന്ന് മലയാലപ്പുഴ പോലീസും സ്ഥലത്തെത്തി. മന്ത്രവാദ പരാതികള്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
മന്ത്രവാദത്തെ എതിര്‍ക്കുന്ന നാട്ടുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. മന്ത്രവാദിയെ എതിര്‍ക്കുന്നവരുടെ വീടിന് മുന്നില്‍ പൂവ് കൊണ്ടിട്ട്, നാല്‍പ്പത്തിയൊന്നാം ദിനം മരിക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തും. കൂടാതെ ഗുണ്ടകളെ ഉപയോഗിച്ചും ഭീഷണിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: