കൊച്ചി: പത്തനംതിട്ടയിലെ ഇലന്തൂരില്‍ നരബലിയ്ക്കിരയായ തമിഴ്നാട്ടിലെ ധര്‍മ്മപുരി സ്വദേശിനിയായ 52കാരി പത്മം എറണാകുളത്ത് താമസിച്ചിരുന്ന വാടക മുറിയില്‍ നിന്നും പൊലീസ് പരിശോധനയില്‍ കണ്ടെടുത്തത് 57,200 രൂപ. കടവന്ത്രയിലെ എളകുളത്തുള്ള വാടകയ്ക്കെടുത്ത ഒറ്റമുറിയിലെ കിടക്കയ്ക്ക് അടിയിൽ സൂക്ഷിച്ച നിലയിലാണ് ഇത്രയും വലിയ തുക കണ്ടെടുത്തത്.
പൂട്ടിക്കിടക്കുകയായിരുന്ന മുറി കഴിഞ്ഞ ദിവസം പൊലീസ് തുറന്നു പരിശോധിച്ചപ്പോഴാണു പണം കണ്ടെത്തിയത്. എളംകുളം ഫാത്തിമ മാതാ പള്ളി റോഡിൽ ഇതര സംസ്ഥാനക്കാർ താമസിച്ചിരുന്ന കെട്ടിടത്തിലെ 3,500 രൂപ വാടകയുള്ള ഒരു മുറിയിലായിരുന്നു ധർമപുരി സ്വദേശിയായ പത്മം താമസിച്ചിരുന്നത്.
രോഗിയായ ഭര്‍ത്താവ് നാട്ടിലേക്ക് മടങ്ങിയതിന് ശേഷം പത്മം ഒറ്റയ്ക്കായിരുന്നു ഇവിടെ താമസം. ഭര്‍ത്താവിനൊപ്പം ധര്‍മ്മപുരിയിലേക്ക് പോയ പത്മം ഫെബ്രുവരിയില്‍ തിരിച്ചെത്തിയ ശേഷം ഒറ്റയ്ക്കായിരുന്നുവെന്നു ലോഡ്ജ് ഉടമസ്ഥനായ റിജോ ജോസഫ് പറഞ്ഞു. ഒരു മാസത്തെ ഒഴികെ മുഴുവന്‍ വാടകയും നല്‍കിയിരുന്നതായും റിജോ ജോസഫ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: