പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ടനരബലിയില്‍ ഒന്നാം പ്രതി ഷാഫി മുഹമ്മദെന്ന് പോലീസ് കോടതിയില്‍ പറഞ്ഞു. ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിംഗ് രണ്ടാം പ്രതിയും ലൈല മൂന്നാം പ്രതിയുമാകും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ പോലീസ് പിന്നീട് നല്‍കും. പ്രതികളെ കാക്കനാട് ജയിലിലേക്ക് മാറ്റും.
നരബലിക്ക് വേണ്ടി ഗൂഡാലോചന നടത്തിയതും മറ്റ് പ്രതികളെ കൊല നടത്താന്‍ പ്രേരിപ്പിച്ചതിനാലുമാണ് ഷാഫിയെ ഒന്നാം പ്രതിയാക്കിയത്. മറ്റ് രണ്ടുപേരെയും നരബലിക്കുവേണ്ടി ഇയാള്‍ മാനസികമായി ഒരുക്കി. ദുര്‍മന്ത്രവാദവും ആഭിചാരവുമായി ബന്ധപ്പെട്ട നിരവധി പുസ്തകള്‍ ഇതിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഇയാള്‍ ബുദ്ധിമാനായ കുറ്റവാളിയെന്ന് പോലീസ് പറഞ്ഞു.
ടവര്‍ ലൊക്കേഷന്‍ വച്ച് അന്വേഷണം ഇയാളിലേയ്ക്ക് എത്താതിരിക്കാന്‍ കൃത്യം നടത്തുമ്പോള്‍ ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ല. പത്മയെ കൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് ഫോണ്‍ നശിപ്പിച്ചു. ഭാര്യയുമായി വഴക്കുണ്ടാക്കിയപ്പോള്‍ ഫോണ്‍ എറിഞ്ഞു പൊട്ടിച്ചെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയതെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: