ഈ പ്രതിപക്ഷപാര്‍ട്ടിക്കാര്‍ക്കെന്തുപറ്റി? കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാത്തതില്‍ അവര്‍ക്കാണ് വെപ്രാളം. അപ്പോളോ ആശുപത്രി അധികൃതര്‍ പറഞ്ഞത് കേള്‍ക്കണോ? പ്രതിപക്ഷക്കാര് വിളിച്ചുകൂവുന്നത് കേള്‍ക്കണോ? വേഗംകൊണ്ടുപോയി സംസ്കരിക്കണമെന്നാണ് ആശുപത്രിക്കാര് പറഞ്ഞത്. അതിനാലല്ലെ എയര്‍ ആംബുലന്‍സ് വരുത്തി കണ്ണൂരിലേക്ക് കൊണ്ടുപോയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആറേഴു മണിക്കൂര്‍ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചു. പിന്നെ മണിക്കൂറുകളോളം സ്വന്തം വീട്ടിലും കിടത്തി. പിറ്റേന്ന് കണ്ണൂര്‍ ആഫീസായ അഴിക്കോടന്‍ മന്ദിരത്തിലും പൊതുദര്‍ശനത്തിന്. ആത്രയല്ലെ ചെയ്തുള്ളൂ. അത്രയും പോരെന്നോ? ഇതെന്തൊരു കൂത്ത്!
തിരുവനന്തപുരത്ത് കാണേണ്ട സഖാക്കളെല്ലാം കണ്ണൂരിലെത്തിയിട്ടുണ്ട്. വരാത്ത സഖാക്കള്‍ കാണേണ്ട എന്നുകരുതിയാല്‍ പോരെ. അല്ലെങ്കിലും എല്ലായിടത്തും വിളിക്കുന്ന മുദ്രാവാക്യം കേട്ടതല്ലെ. ”ഇല്ല ഇല്ല മരിച്ചിട്ടില്ല. സഖാവ് കോടിയേരി മരിച്ചിട്ടില്ല.” പിന്നെന്ത് പ്രതിപക്ഷത്തിനിത്ര നിര്‍ബന്ധം തിരുവനന്തപുരത്തുകാരെയും മരിച്ചു എന്നറിയിക്കാനാണോ?
പിന്നെ തിരുവനന്തപുരത്തെ വീട്. മരുതംകുഴിയിലെ വീട് മകന് വാങ്ങിച്ചതല്ലെ. മൂന്നുകോടി നല്കിയ വീട്ടില്‍ വല്ലപ്പോഴുമല്ലെ താമസിക്കാറ്. എകെജി സെന്ററിനടുത്ത ഫഌറ്റില്‍ താമസിക്കുന്നതും വല്ലപ്പോഴുമല്ലെ! മൂത്തമകനാണെങ്കില്‍ ഉണ്ടാക്കിയ പണമെല്ലാം ഡാന്‍സ് ബാറിലും ബീഹാര്‍കാരി ഭാര്യയ്ക്കും നല്കി തീര്‍ന്നില്ലെ. മകന്റെ ഡിഎന്‍എ റിസള്‍ട്ട് ഇനിയും വന്നിട്ടില്ല. ഇനി വരുമെന്നും പ്രതീക്ഷിക്കേണ്ട. ബാധ്യത തീര്‍ത്ത് തടിസലാമത്താക്കി എന്നുപറഞ്ഞാല്‍ മതിയല്ലോ. അവര്‍ക്കൊന്നുമില്ലാത്ത സങ്കടം എന്തിന് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ക്ക് എന്നാണ് സംശയം. അല്ലെങ്കിലും അമേരിക്കയിലെ ചികിത്സയില്‍ മാറേണ്ട രോഗമേ ഉണ്ടായിരുന്നുള്ളൂ. അതുകൊഴുപ്പിച്ചത് മക്കള്‍ മഹാത്മ്യം കൊണ്ടാണെന്ന് പറഞ്ഞാല്‍ പേടിയാകുന്നു. അമ്പമ്പോ കുലംകുത്തിയാക്കില്ലെന്നാര് കണ്ടു.
പണ്ട് പിണറായിയില്‍ സഖാവ് പണിത പുത്തന്‍വീട്ടിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ് ഒഞ്ചിയത്തുനിന്നും ചെന്ന സഖാക്കളുടെ ഗതി കണ്ടില്ലെ? എല്ലാവരും കുലംകുത്തികളായി. കുലംകുത്തിയായാല്‍ പറയേണ്ടതുണ്ടോ? 51 വെട്ട്. പണ്ട് കല്ലുവെട്ട് മഴു കൊണ്ടായിരുന്നു കൈനീട്ടം വിറ്റത്. കല്ലുവെട്ട് വിട്ട് ക്വട്ടേഷന്‍ ഏല്‍പ്പിച്ചപ്പോള്‍ ഇന്നോവ കാറ് വേണം. ‘ഇന്‍സാ അള്ളാ’ കാറില്‍ എഴുതുകയും വേണം. അതിരിക്കട്ടെ കോടിയേരിയുടെ പുക അടങ്ങും മുമ്പാണല്ലോ യൂറോപ്പിലേക്ക് പറന്നത്. കണ്ണൂരില്‍ നിന്നും കുടുംബസമേതം ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക്. കൊച്ചിയില്‍ നിന്നും നേരം വെളുക്കും മുന്‍പേ ദോഹ വഴി യൂറോപ്പിലേക്ക്. ഭാര്യയും മകളും മകളുടെ മകനും ചേര്‍ന്നൊരു ബിസിനസ് യാത്ര. ഹെലികോപ്റ്റര്‍ വാടക 5.5 ലക്ഷം. അതാര് കൊടുത്തു. എങ്ങിനെ കൊടുത്തു എന്നാരോടും പറയുകയും ചെയ്യരുത്. ചോദിക്കുകയും വേണ്ട. ചോദിച്ചാല്‍ കുലംകുത്തിയാകും!
മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കു ചെലവഴിക്കുന്ന കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണമെന്നാണ് കെ. സുധാകരന് ആവശ്യപ്പെടുന്നത്. പണം ധൂര്‍ത്തടിക്കുകയാണ്. വിദേശത്തു പോയി പ്രഖ്യാപിച്ച ഒരു കുടചക്രവും ഇവിടെ നടപ്പിലാക്കിയിട്ടില്ല. കോടിയേരിയുടെ മൃതദേഹം ഒരു മണിക്കൂര്‍ പോലും തിരുവനന്തപുരത്തു വയ്ക്കാതെയാണു മുഖ്യമന്ത്രി വിദേശത്തേക്കു പോയത്, അതിന്റെ കാരണം വ്യക്തമാക്കണമെന്നുമാണ് സുധാകരന്റെ ആവശ്യം.
”കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗത്തില്‍ തൊണ്ട ഇടറി, സംസാരിക്കാന്‍ സാധിക്കാതെ പ്രസംഗം അവസാനിപ്പിച്ച മുഖ്യമന്ത്രി തൊട്ടടുത്ത നാള് കോടികള്‍ ചെലവഴിച്ച് വിദേശയാത്ര നടത്തിയതിന്റെ ഗൗരവം എന്താണെന്നു നാടിനെ ബോധിപ്പിക്കണം. ഇത്തരം വിദേശയാത്രകള്‍കൊണ്ടു കേരളത്തില്‍ ഇതുവരെയുണ്ടായ നേട്ടം എന്താണെന്നു ജനങ്ങളോടു സിപിഎം വെട്ടിത്തുറന്നു പറയണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ട്. പണത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ മാറ്റിവയ്ക്കുന്നുണ്ട്. പക്ഷേ ധൂര്‍ത്തിന്റെ തോത് കുറയ്ക്കാന്‍ ചെറിയ നടപടി പോലും ഇടതുപക്ഷ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നത് ജനവഞ്ചനയാണ്.’–സുധാകരന്റെ പരിഭവം അതാണ്.
പോകുന്നിടത്തെല്ലാം കുടുംബത്തെയും കൂട്ടിയാണു മുഖ്യമന്ത്രി പോകുന്നത്. കുടുംബത്തിന്റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നതു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. ശുദ്ധ നുണയാണു പറയുന്നത്. വിദേശത്തുപോയി താമസിക്കാന്‍ എത്ര ലക്ഷങ്ങളാണു ചെലവാക്കുന്നത്. ഇവരൊക്കെ അവിടെ പുല്ലുപായ വിരിച്ചാണോ കിടക്കുന്നത്. കോലായിലോ മുറ്റത്തോ കിടക്കുന്നുണ്ടോ? പറയുന്നതിന് ഒരു ന്യായം വേണ്ടേ? സുധാകരന്റെ വിമര്‍ശനം അങ്ങിനെ നീളുമ്പോള്‍ കുലംകുത്തിയാകുമെന്ന ഭീതിയേ ഇല്ലത്രേ.
മന്ത്രിമാര്‍ വിദേശത്ത് പോകുന്നതില്‍ എന്താണ് തെറ്റെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന് ചോദിക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി 26 തവണ വിദേശത്ത് പോയി. ഇതില്‍ 12 തവണയും ഭാര്യ കൂടെയുണ്ടായിരുന്നു. മറ്റൊരു മന്ത്രി 16 തവണ വിദേശത്ത് പോയെന്നും വെല്ലുവിളിച്ചാല്‍ പേരുകള്‍ പറയുമെന്നും എ.കെ. ബാലന് പറയുന്നു. ഇതെന്തിനാണപ്പോ വെല്ലുവിളി വരുംവരെ കാക്കുന്നു. ഇപ്പോള്‍ തന്നെ അങ്ങ് പറഞ്ഞുകൂടെ? പ്രതിപക്ഷത്തിന്റെ ഏടാകൂട യാത്രയും ജനങ്ങള്‍ അറിയുമ്പോഴല്ലെ രണ്ടും കണക്കുതന്നെ എന്ന് ബോധ്യപ്പെടൂ. മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്നും കുടുംബത്തോടൊപ്പമുള്ള യാത്രകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പ് ഉണ്ടാക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തോടാണ് ബാലന്റെ പ്രതികരണം.
രണ്ടു ഭരണകാലത്തുമായി ഇതിനകം 85 തവണയാണു മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നത്. ഇതില്‍ 15 തവണ വിദേശയാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഒന്നാമന്. 26 തവണ വിദേശയാത്ര നടത്തിയ വമ്പനാരെന്ന് പറയാന്‍ ബാലേട്ടന് ആരെയാണ് പേടി. അവരും കുലംകുത്തി ചാപ്പകുത്തുമെന്ന പേടിയുണ്ടോ? അവര്‍ക്കതിന് എണിക്ക് ഉറപ്പില്ല ബാലേട്ടാ നിങ്ങളങ്ങ് പറ. ബാലേട്ടനേ ഇതൊക്കെ പറയാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: