കൊച്ചി: കേരളത്തിൽ നരബലി നടന്നതായി കണ്ടെത്തൽ. ധനസമ്പാദനത്തിനായി രണ്ട് സ്ത്രീകളെ ദുർമന്ത്രവാദം നടത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് നൽകുന്ന വിവരം. തിരുവല്ലയിലെ ദമ്പതികൾക്ക് വേണ്ടിയാണ് പെരുമ്പാവൂരിൽ നിന്നുള്ള ഏജന്റ് കാലടിയിൽ നിന്നും കടവന്ത്രയിൽ നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ ഏജൻ്റും ദമ്പതികളും കസ്റ്റഡിയിലായിട്ടുണ്ട്.
തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവത്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദുമാണ് അറസ്റ്റിലായിരിക്കുന്നത്. മിസ്സിങ് കേസ് അന്വേഷണത്തിനിടെയാണ് നരബലി വിവരം പുറത്തു വന്നത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്ലി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും അമ്പത് വയസിനോടടുത്ത് പ്രായമുണ്ട്. നരബലിക്കായി റോസ്ലിയെയാണ് ആദ്യം കൊണ്ടുപോയത്. ഷിഹാബാണ് സ്ത്രീയെ വൈദ്യന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടര്‍ന്ന് മറ്റൊരു ആവശ്യത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്. പിന്നീട് പൂജ നടത്തി ബലി നല്‍കുകയായിരുന്നുവെന്നാണ് വിവരം.
തലയറുത്താണ് കൊലപ്പെടുത്തിയത്. പത്തനംതിട്ടയിലെ എലന്തൂരിൽവെച്ചാണ് ഇവരെ നരബലി നടത്തിയത്. തുടർന്ന് മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ലോട്ടറി വില്‍പ്പനക്കാരിയായ പത്മത്തെ സെപ്തംബര്‍ 27നാണ് കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുമ്പും പ്രദേശത്ത് സമാനമായ മിസിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് വൈദ്യനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചുള്ള സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ ഐശ്വര്യം ഉണ്ടാകുമെന്നും, ഇതിനായി നരബലി നടത്തണമെന്നും വൈദ്യനെ ഏജന്റ് വിശ്വസിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്മത്തെ കാണാതായ സംഭവത്തിലെ അന്വേഷണം തിരുവല്ലയിലേക്ക് നീങ്ങിയതോടെയാണ് റോസ്ലിയും കൊല്ലപ്പെട്ടുവെന്ന് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: