പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായ എന്‍ഡിഎഫിനെ ഒരു ഭീകരസംഘടന എന്ന് വിശേഷിപ്പിക്കാനുതകുന്ന പല കാര്യങ്ങളും മുന്‍ ലക്കങ്ങളില്‍ വിവരിച്ചു. എന്നാല്‍ അതിനും അപ്പുറത്ത് ചില കാര്യങ്ങളുണ്ട്. അത് എന്‍ഡിഎഫില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിലേക്കുള്ള പരകായപ്രവേശം വിശദീകരിക്കുമ്പോഴാകാമെന്ന് കരുതി.
എന്‍ഡിഎഫ് എന്ന ഭീകരസംഘടനയെ നിയന്ത്രിച്ചിരുന്നത് 19 അംഗ സുപ്രീംകൗണ്‍സിലാണ്. ഇതില്‍ മധ്യകേരളത്തില്‍ നിന്നുള്ള ഒരു മൗലവിയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള അഭിഭാഷകനും ആയിരുന്നു എന്‍ഡിഎഫിന് വേണ്ടി കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതെന്ന് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. 1997 ല്‍ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന നീര റാവത്ത് എന്‍ഡിഎഫിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അതീവ ഗൗരവകരവും രഹസ്യാത്മകവുമായ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗത്തിന് നല്‍കിയിരുന്നു.
1997 മാര്‍ച്ച് 22 മുതല്‍ 1999 മെയ് 16 വരെയാണ് ഈ ഐപിഎസ് ഉദ്യോഗസ്ഥ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായി സേവനമനുഷ്ഠിച്ചത്. പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയും ഇറാനും എന്‍ഡിഎഫിന് സ്ഥിരമായി ഫണ്ട് ചെയ്യാറുണ്ടെന്ന് അവര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല തന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ പല സത്യങ്ങളും ഈ ഉദ്യോഗസ്ഥ ധൈര്യപൂര്‍വം രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് പില്ക്കാലത്ത് മാറാട് കമ്മീഷനു മുന്നില്‍ വെളിപ്പെടുത്തുകയും കൈവശം സ്വകാര്യഫയലില്‍ സൂക്ഷിച്ചിരുന്ന പല വിലപ്പെട്ട രേഖകളും സമര്‍പ്പിക്കുകയും ചെയ്തു.
2005 ഓക്ടോബര്‍ 29ന് മാറാട് കമ്മീഷന് മുന്നില്‍ എറണാകുളം സ്പെഷ്യല്‍ ബ്രാഞ്ച് എസിപി ആയിരുന്ന ഡിവൈഎസ്പി എ.വി. ജോര്‍ജും നേരിട്ട് ഹാജരായി മൊഴിനല്‍കി. വിദേശരാജ്യങ്ങളില്‍ നിന്ന് കോടിക്കണക്കിന് രൂപ ഇവിടെ വിധ്വംസകപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്‍ഡിഎഫിന് ലഭിച്ചെന്നായിരുന്നു സത്യസന്ധനായ ആ ഉദ്യോഗസ്ഥനും വെളിപ്പെടുത്തിയത്. അറസ്റ്റിലായ നിരവധി എന്‍ഡിഎഫ് കൊലയാളികള്‍ക്ക് പാക്കിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുമായി നിരവധി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും അദ്ദേഹം തെളിവുകള്‍ നിരത്തി സമര്‍പ്പിച്ചു.
2004-2005 മുതല്ക്കാണ് എന്‍ഡിഎഫ് സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാകയും കയ്യിലേന്തി ഫ്രീഡം പരേഡ് നടത്താനാരംഭിച്ചത്. സായുധപരിശീലനം നേടിയ എന്‍ഡിഎഫ് കേഡര്‍മാരാണ് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പരേഡില്‍ അണിനിരന്നിരുന്നത്. ആര്‍എസ്എസ് അതിന്റെ സ്ഥാപനദിനം ആഘോഷിക്കുന്ന വിജയദശമിദിനത്തില്‍ നടത്താറുള്ള പഥസഞ്ചലനത്തെ അനുകരിച്ചാണ് തങ്ങള്‍ ഇന്ത്യന്‍ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനെന്ന പേരില്‍ ഫ്രീഡം പരേഡ് നടത്തുന്നതെന്നും എന്‍ഡിഎഫ് നേതാക്കള്‍ വ്യാഖ്യാനിച്ചിരുന്നു. പറയുകയും ചെയ്യുകയും ചെയ്യുന്ന എന്തിനെയും ആര്‍എസ്എസുമായി ബന്ധിപ്പിക്കുന്നതിലൂടെ തങ്ങള്‍ ആര്‍എസ്എസിന്റെ പരമശത്രുക്കളാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഈ വ്യാഖ്യാനങ്ങള്‍.
ആര്‍എസ്എസ് മുസ്ലിങ്ങളുടെ ശത്രുക്കളാണെന്നും ആര്‍എസ്എസില്‍ നിന്ന് ഇന്ത്യയിലെ മുസ്ലിങ്ങളെ രക്ഷിക്കാന്‍ തങ്ങള്‍ക്കു മാത്രമേ സാധിക്കുകയുള്ളൂവെന്നുമായിരുന്നു എന്‍ഡിഎഫ് നേതാക്കളുടെ വായ്ത്താരി. ആദ്യമൊക്കെ മുസ്ലിംസമൂഹം തന്നെ ഇവരെ വിശ്വാസത്തിലെടുക്കാതെ അകറ്റി നിര്‍ത്തിയിരുന്നെങ്കിലും പതുക്കെ പതുക്കെ മുസ്ലിം ചെറുപ്പക്കാരെ ആര്‍എസ്എസ് ഭീതി പരത്തി എന്‍ഡിഎഫ് തങ്ങളുടെ വലയില്‍ വീഴ്ത്തുന്ന കാഴ്ചയാണ് കേരളം കണ്ടത്. ഇതിന് ആദ്യം യുഡിഎഫും പിന്നീട് എല്‍ഡിഎഫും കുടപിടിക്കുന്ന ദയനീയ കാഴ്ചയും കേരളജനത കണ്ടു. കാരണം വോട്ടുബാങ്ക് രാഷ്ട്രീയം അപ്പോഴേക്കും കേരളത്തില്‍ ശക്തമായി പിടിമുറക്കിയിരുന്നു.
എന്‍ഡിഎഫിന് കേരളത്തില്‍ വളരാന്‍ വേണ്ട സാമ്പത്തികസഹായം ആദ്യം ലഭ്യമായത് പാക്കിസ്ഥാനിലും ഇറാനിലും നിന്നായിരുന്നെന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ നല്കിയ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനം മാറിമാറി ഭരിച്ച ഇടതുവലത് മുന്നണികള്‍ മുഖവിലയ്ക്കെടുത്തില്ല. ഫലമോ എന്‍ഡിഎഫ് രാജ്യാന്തരവേരുകളുള്ള പോപ്പുലര്‍ ഫ്രണ്ട് എന്ന ഭീകരസംഘടനയായി രൂപാന്തരം പ്രാപിക്കലായിരുന്നു. 2006ല്‍ പോപ്പുലര്‍ഫ്രണ്ടായി മാറിക്കഴിഞ്ഞപ്പോഴേക്കും അവര്‍ നിയമത്തെയും ഭരണഘടനയെയും രാജ്യത്തെ ഭരണസംവിധാനങ്ങളെയും ഒക്കെ വെല്ലുവിളിക്കാനാരംഭിച്ചു.
അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് മൂവാറ്റുപുഴ ന്യൂമാന്‍ കോളജിലെ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈ പ്രവാചകനിന്ദ ആരോപിച്ച് വെട്ടിയത്. ഇത് 2010 ജൂലൈ നാലിനായിരുന്നു. പോപ്പുലര്‍ഫ്രണ്ട് ശരീ യത്ത് അടിസ്ഥാനമാക്കി സ്ഥാപിച്ച ദാറുല്‍ ഖദാ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജോസഫിന്റെ കൈവെട്ടിയതെന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് തന്നെ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ഇടതുപക്ഷം ഭരിച്ചിരുന്ന കേരളത്തെ മാത്രമല്ല രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അതിനെ തുടര്‍ന്ന് കേരളപോലീസ് പ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയെങ്കിലും മുന്നോട്ടുപോകുന്തോറും ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഭരണകൂടം തീവ്രവാദികളോട് സന്ധിചെയ്യുകയാണ് ഉണ്ടായത്.
സിമിയും മദനിയുടെ ഐഎസ്എസും എന്‍ഡിഎഫിന്റെ വളര്‍ച്ചയ്ക്കുവഹിച്ച പങ്ക്
ആഭ്യന്തരവകുപ്പ് കയ്യിലില്ലാതിരുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് ഈ സന്ധി നിസ്സഹായനായി നോക്കിനില്ക്കുകയായിരുന്നു. എങ്കിലും അന്നത്തെ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന പല സത്യങ്ങളും പുറത്തുവന്നു. അവയില്‍ ചിലതൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തിരുന്നു.
ജോസഫിന്റെ കൈ വെട്ടിയതിനെ തുടര്‍ന്ന് പോപ്പുലര്‍ഫ്രണ്ടും പിഡിപി നേതാവുമായ അബ്ദുല്‍ നാസര്‍ മദനിയുമായുള്ള രഹസ്യബന്ധം മറനീക്കി പുറത്തുവന്നു. ബെംഗളൂരു സ്ഫോടനക്കേസില്‍ പിന്നീട് അറസ്റ്റിലായ മദനിക്കുവേണ്ടി ഒളിഞ്ഞും തെളിഞ്ഞും പോപ്പുലര്‍ഫ്രണ്ട് രംഗത്തുവന്നു. മാത്രമല്ല ഭാരതത്തെ തകര്‍ക്കാന്‍ പാക്കിസ്ഥാന് ചാരസംഘടന ആസൂത്രണം ചെയ്ത് രൂപം നല്കിയ മിഷന് 2047 ന്റെയും അത് നടപ്പാക്കാനുള്ള കറാച്ചി പ്രോജക്ടിന്റെയും രൂപരേഖ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
അഖണ്ഡഭാരതത്തെ 1947ല്‍ വെട്ടിമുറിച്ച് ഇന്ത്യ, ഈസ്റ്റ് പാക്കിസ്ഥാന്, വെസ്റ്റ് പാക്കിസ്ഥാന് എന്നീ മൂന്നു രാജ്യങ്ങള്‍ സൃഷ്ടിച്ചതു പോലെ 2047 ആകുമ്പോഴേക്കും അവശേഷിക്കുന്ന ഇന്ത്യാ മഹാരാജ്യത്തെ വീണ്ടും മൂന്നായി വെട്ടിമുറിക്കാനുള്ളതാണ് മിഷന് 2047. ഉത്തരഭാരതത്തെ പാക്കിസ്ഥാനും ബംഗ്ലാദേശുമായി ചേര്‍ത്ത് ഗ്രേറ്റര്‍ പാക്കിസ്ഥാന്, മധ്യഭാരതത്തെ മുഗളസ്ഥാന്‍, കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് അടങ്ങുന്ന ദക്ഷിണേന്ത്യയെ മാപ്പിളസ്ഥാന് എന്നിങ്ങനെ പുനര്‍നാമകരണം ചെയ്ത് മിഷന് 2047 പൂര്‍ത്തീകരിക്കാന്‍ ഐഎസ്ഐ രൂപം കൊടുത്തതാണ് കറാച്ചി പ്രോജക്ട്. അതിന്റെ നടത്തിപ്പവകാശമാണ് ശത്രുരാജ്യം പോപ്പുലര്‍ഫ്രണ്ടിനെ ഏല്പിച്ചത്. ഇക്കാര്യം ജന്മഭൂമി അടക്കം റിപ്പോര്‍ട്ടു ചെയ്തതാണ്.
Read More
അപ്പോഴേക്കും പോപ്പുലര്‍ഫ്രണ്ട് ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയെന്നതിന് ഇനിയും എന്ത് തെളിവാണ് വേണ്ടത് ? രാജ്യത്തെ ഏല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും ഇക്കാര്യം വ്യക്തമായി ബോധ്യപ്പെട്ടതുമാണ്. പക്ഷേ എന്തുചെയ്യാം ന്യൂനപക്ഷ പ്രീണനം മാത്രം കൈമുതലാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികളോടും അവരാല്‍ നയിക്കപ്പെടുന്ന ഭരണകൂടങ്ങളോടും എന്തു പറഞ്ഞിട്ടും കാര്യമില്ല എന്നതാണ് വസ്തുത. കാര്യങ്ങള്‍ ഇത്രയും വഷളാക്കിയതില്‍ ഭരണകൂടങ്ങള്‍ക്കും അടുത്തകാലത്തായി ചില മാധ്യമപ്രവര്‍ത്തകര്‍ക്കും വലിയ പങ്കാണുള്ളത്.
കൈവെട്ടുകേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നതനേതാക്കളാരും പിടിയിലായില്ല. താഴേത്തട്ടിലുള്ള ചില പ്രാദേശികനേതാക്കളെ മാത്രം പ്രതിചേര്‍ത്ത് പോലീസ് അന്വേഷണം ഏതാണ്ട് അവസാനിപ്പിച്ചു. മുമ്പ് പരാമര്‍ശിച്ച മധ്യകേരളത്തിലെ മൗലവി അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ ആഭ്യന്ത്രമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനെ കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ മുസ്ലിം പുരോഹിതന് നേരിട്ടടപെട്ട് സ്വാധീനിച്ചു. ഈ സുന്നിപുരോഹിതന്റെ നിര്‍ബന്ധത്തിന് വഴങ്ങി പ്രതിയാകേണ്ടിയിരുന്ന മൗലവിയെ പോലീസ് തുടരന്വേഷണത്തില്‍ നിന്നുതന്നെ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: