പാലക്കാട് : വടക്കാഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് തെറ്റ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗതയും അശ്രദ്ധയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഇന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും.
വളവെത്തി കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ അമിത വേഗതയിലെത്തിയ ടൂറിസ്റ്റ് ബസിന് നിയന്ത്രിക്കാനായില്ല. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് പിഴവില്ലെന്നും കെഎസ്ആര്‍ടിസി ബസ് വേഗത കുറച്ചപ്പോള്‍ വെട്ടിക്കാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ടൂറിസ്റ്റ്ബസിന്റെ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തന രഹിതമാക്കിയ നിലയില്‍ ആയിരുന്നു. ട്രാഫിക് ചട്ടങ്ങളുടെയും മോട്ടോര്‍ വാഹന നിയമങ്ങളുടേയും ലംഘനം ടൂറിസ്റ്റ് ബസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും.
നിലവില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ നരഹത്യാ കുറ്റം ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പ്രേരണാ കുറ്റത്തില്‍ ബസ് ഉടമ അരുണിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡ്രൈവര്‍ ജോമോന് മദ്യപിച്ചിരുന്നോയെന്ന് സംശയമുണ്ട്. ഇക്കാര്യത്തില്‍ വ്യക്തതയ്ക്കായി രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
സംഭവത്തില്‍ കെഎസ്ആടിസി ബസിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴിയെടുക്കാനും പോലീസ് നടപടി തുടങ്ങി. അപകടസ്ഥലത്ത് നിന്നും ഡ്രൈവറെ രക്ഷപ്പെടാന്‍ സഹായിച്ചവരേയും ചോദ്യം ചെയ്യും. അതേസമയം കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പറഞ്ഞിരുന്നത്. ഇതു സംബന്ധിച്ചും പോലീസ് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: