തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മൂന്ന് യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് തുകയായ 10 ലക്ഷം രൂപ വീതം വേഗത്തില്‍ ലഭ്യമാക്കും എന്ന് കെഎസ്ആര്‍ടിസി. ഇന്‍ഷുറന്‍സ് തുക മരിച്ചവരുടെ കുടുംബത്തിന് ലഭ്യമാക്കുന്ന തിനുള്ള നടപടികള്‍ സ്വീകരിച്ചതായി കെഎസ്ആര്‍ടിസി അറിയിച്ചു.
2014 ലെ കെഎസ്ആര്‍ടിസി ആക്ട് പദ്ധതി അനുസരിച്ചാണ് യാത്രക്കാര്‍ക്ക് അപകട ഇന്‍ഷുറന്‍സ് നല്‍കുന്നത്. അടിയന്തര സഹായം എന്നോണം ഇതില്‍ നിന്നും രണ്ട് ലക്ഷം രൂപ അപകടത്തില്‍ മരിച്ച രോഹിത് രാജിന്റെ കുടുംബത്തിന് കൈമാറും. ഈ തുക തിങ്കളാഴ്ച തന്നെ കൈമാറും എന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. ബാക്കിയുള്ള എട്ട് ലക്ഷം രൂപ മറ്റ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് ലഭ്യമാക്കും എന്നും കെ എസ് ആര് ടി സി അറിയിച്ചു. അപകടത്തില്‍ മരിച്ച മറ്റ് രണ്ടു പേരുടേയും കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക മരണാനന്തര നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുക നല്‍കും എന്നും കെഎസ് ആര്‍ടിസി അറിയിച്ചു.
ന്യൂ ഇന്ത്യ അഷ്യുറന്‍സ് കോ. ലിമിറ്റഡില്‍ നിന്നാണ് യാത്രക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കെ എസ് ആര് ടി സി ഉറപ്പു വരുത്തിയിരിക്കുന്നത്. ഇതിനായി യാത്രക്കാരില്‍ നിന്നും ടിക്കറ്റ് ചാര്‍ജിനൊപ്പം ഒരു രൂപ മുതല്‍ സെസ് തുക സമാഹരിച്ചും ഏകദേശം രണ്ട് കോടിയില്‍ അധികം രൂപ പ്രതിവര്‍ഷം പ്രീമിയം നല്‍കിയും ആണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കി വരുന്നത്.
മോട്ടോര്‍ ഇന്‍ഷുറന്‍സ് നഷ്ട പരിഹാരത്തിന് ഉപരിയായാണ് സെസ് ഇന്‍ഷുറന്‍സ് നല്‍കുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കും ചികിത്സാ / നഷ്ടപരിഹാരത്തിനും സെസ് ഇന്‍ഷുറന്‍സില്‍ വ്യവസ്ഥ ഉണ്ട്. ഇത് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത മറ്റ് യാത്രകാര്‍ക്കും ക്ലൈം വരുന്ന മുറക്ക് സെസ് ഇന്‍ഷറന്‍സില്‍ നിന്നും ലഭിക്കുന്നതാണ്.
കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒന്‍പത് പേര്‍ക്കാണ് ജീവന് നഷ്ടമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: