പാലക്കാട് : വടക്കാഞ്ചേരിയിലെ അപകടത്തിന് കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ പോലീസ് നരഹത്യയ്ക്ക് കേസെടുത്തു. നേരത്തെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അമിത വേഗതയില്‍ അപകടം ഉണ്ടാക്കുന്ന വിധത്തില്‍ വാഹനം ഓടിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണെന്ന് ആരോപിച്ച് പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ഇന്ന് രാവിലെ ഉന്നത പോലീസ് വൃത്തങ്ങള്‍ ചര്‍ച്ച ചെയ്താണ് നരഹത്യ ചുമത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷമാണ് വടക്കാഞ്ചേരി പോലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ജോമോന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഉച്ചയ്ക്ക് ശേഷം ജോമോനേയും കൊണ്ട് തെളിവെടുപ്പ് നടത്തും. അതേസമയം ജോമോന്റെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി കാക്കനാടുള്ള ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവസമയം ജോമോന് മദ്യപിച്ചിട്ടുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കുന്നതിനായാണ് സാമ്പിളുകള്‍ അയച്ചത്. ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലാണ് ജോമോന്റെ സാമ്പിളുകള്‍ പോലീസ് സംഘം എടുത്തത്. ഇയാളുടെ വൈദ്യപരിശോധന വ്യാഴാഴ്ച വൈകീട്ട് തന്നെ പൂര്‍ത്തിയായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പോരുകയാണ്. അപകടസമയം ജില്ലാ പോലീസ് മേധാവിയോട് ഉള്‍പ്പെടെയുള്ളവരോട് കള്ളം പറഞ്ഞാണ് ജോമോന് ആശുപത്രിയിലെത്തി ചികിത്സ തേടി കടന്നുകളഞ്ഞത്. ആലത്തൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് നിലവില്‍ അന്വേഷണം നടത്തുന്നത്.
അപകടം ഉണ്ടായ സാഹചര്യം, ഇയാള്‍ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇന്ന് പോലീസ് ചോദ്യം ചെയ്യുമ്പോള്‍ വിശദമായി അന്വേഷിക്കും. വ്യാഴാഴ്ച തിരുവനന്തപുരത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലം ചവറയില്‍ വെച്ച് ബസ് ഉടമയായ അരുണിനൊപ്പമാണ് ജോമോന് പിടിയിലായത്. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടില്‍ കൃത്രിമത്വം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ബസ് ഉടമയ്ക്കെതിരേയും നടപടിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: