പാലക്കാട്: പാലക്കാട് വടക്കഞ്ചേരി ദേശീയ പാതയില്‍ ദാരുണായ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എറണാകുളത്തെ സ്കൂളില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്ര പുറപ്പെട്ട സംഘമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ അഞ്ചു വിദ്യാര്ര്ത്ഥികള് അടക്കം ഒമ്പത് പേര് മരിച്ചു. 45 പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമാണ്.വടക്കഞ്ചേരി അഞ്ചുമൂര്‍ത്തി മംഗലത്താണ് അപകടമുണ്ടായത്. കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം വെട്ടിക്കല്‍ ബസേലിയസ് സ്കൂളില്‍ നിന്നും 43 വിദ്യാര്‍ഥികളും അഞ്ച് ടീച്ചേഴ്സും അടങ്ങുന്ന സംഘം ഊട്ടിയിലേക്കാണ് പുറപ്പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ പുറകു വശത്തായി അമിതവേഗത്തില്‍ വന്ന ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് ചതുപ്പിലേക്കാണ് മറിഞ്ഞത്.
ആലത്തൂര്‍, വടക്കഞ്ചേരി ഫയര്‍ഫോഴ്സ് യൂണിറ്റും, വടക്കഞ്ചേരി യൂണിറ്റും, ക്രിറ്റിക്കല്‍കെയര്‍ എമര്‍ജന്‍സി ടീം അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് സ്ഥലത്ത് രക്ഷപ്രവര്‍ത്തനം നടത്തി. പരുക്കേറ്റര്‍ അവറ്റിസ് ഹോസ്പിറ്റല്‍, ക്രസന്റ് ഹോസ്പിറ്റല്‍, പാലക്കാട് ഡിസ്റ്റിക് ഹോസ്പിറ്റല്‍, ആലത്തൂര്‍ താലൂക്ക് ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് ചികിത്സയിലുള്ളത്. ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കെഎസ്ആര്‍ടിസി യാത്രക്കാരായ തൃശൂര്‍ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യന്‍കുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22), സ്കൂ!ള്‍ ബസിലുണ്ടായിരുന്ന നാന്‍സി ജോര്‍ജ്, വി.കെ.വിഷ്ണു എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
അതേസമയം വലിയ അപകടത്തിന്റെ കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗമായിരുന്നു. അമിത വേഗതയിലെത്തിയ ബസ് വലതുഭാഗത്ത് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പറഞ്ഞു. പെട്ടെന്ന് പിന്നിലുണ്ടായ ഇടിയില്‍ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ ഏറെ സമയമെടുത്തു. പെട്ടെന്ന് ബ്രേക്ക് പിടിച്ച് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തുകയായിരുന്നുവെന്നും ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത സ്പീഡിലായിരുന്നു അവര്‍ വന്നത്. അത്രയും സ്പീഡായിരുന്നു. ഞങ്ങളെ ഇടിച്ച് ദൂരെ കുഴിയിലേക്ക് മറിഞ്ഞു. അപകടശബ്ദം കേട്ട് വന്നവര്‍ ആദ്യം കെഎസ്ആര്‍ടിസി ബസ് മാത്രമാണ് കണ്ടത്. എല്ലാവരും അതിലെ ആളുകളെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് കുട്ടികളുടെ നിലവിളിയെല്ലാം കേട്ട് പോയി നോക്കുമ്പോഴാണ് ടൂറിസ്റ്റ് ബസ് കണ്ടത്’, ഡ്രൈവര്‍ പറഞ്ഞു. അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് മറ്റ് വാഹനങ്ങള്‍ക്കും ഭീതിയുണ്ടാക്കിയാണ് അവിടേക്ക് എത്തിയതെന്ന് ദൃക്സാക്ഷികളും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: