ശക്തിയെ പൂജിക്കുന്ന മഹോത്സവമാണിത്. ശക്തി ശാന്തിയുടെയും ആധാരമാണ്. ശുഭകാര്യങ്ങള്‍ ചെയ്യണമെങ്കിലും ശക്തി ആവശ്യമാണ്. സാധനയിലൂടെ ശക്തി ആര്‍ജിക്കണം. കാരണം സാധന മുക്തിയുടെ കവാടമാണ്. ഈ പരിപാടിയില്‍ മുഖ്യാതിഥിയായ, ഗൗരീശങ്കരമുടികള്‍ രണ്ടു തവണ കീഴടക്കിയ ആദരണീയ പദ്മശ്രീ സന്തോഷ്യാദവ് സ്ത്രീമുന്നേറ്റത്തിന്റെയും ശക്തിയുടെയും അടയാളമാണ്. സംഘപരിപാടികളില്‍ ബഹുമാന്യരായ നിരവധി അമ്മമാരും സഹോദരിമാരും ക്ഷണം സ്വീകരിച്ച് അധ്യക്ഷപദവികള്‍ വഹിച്ചിട്ടുണ്ട്. ഡോക്ടര്‍ജിയുടെ കാലം മുതലുണ്ട്. അനസൂയാബായി കേലെ അക്കാലത്താണ് നമ്മുടെ പരിപാടിയില്‍ മുഖ്യാതിഥിയായത്. ഭാരതീയ മഹിളാ പരിഷത്തിന്റെ അന്നത്തെ അധ്യക്ഷ രാജ്കുമാരി അമൃത് കൗര്‍ ഇവിടെ ശിബിരത്തില്‍ മുഖ്യാതിഥിയായി എത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം അകോലയില്‍ നടന്ന സംഘ ഉത്സവത്തില്‍ മുക്തായ് രഹ്നാകര്‍ പങ്കെടുത്തു. ആ സമയത്ത് ഞാന്‍ അവിടെ പ്രചാരകനായിരുന്നു.
സ്ത്രീ പുരുഷ സമത്വം അനിവാര്യം
ദേശീയ പുനരുത്ഥാനത്തിന് സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. ഭാരതീയപാരമ്പര്യം ഉദ്ഘോഷിക്കുന്നത് സ്ത്രീപുരുഷ ശക്തിയുടെ പരസ്പരപൂരകത്വമാണ്. വ്യക്തിനിര്‍മ്മാണത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ സ്വയംസേവകസംഘവും രാഷ്ട്രസേവാസമിതിയും ഒരേ ദിശയില്‍ പ്രവര്‍ത്തിക്കുന്നു. എല്ലാ മേഖലയിലും ഒരുമിച്ചുള്ള മുന്നേറ്റം അനിവാര്യമാണ്. അടുക്കളയില്‍ പരിമിതപ്പെടേണ്ടുന്ന രണ്ടാം തരം പൗരത്വമല്ല സ്ത്രീയുടേത്. അത് മാതൃശക്തിയാണ്. ആ മഹത്തായ പാരമ്പര്യം മറക്കുകയും മാതൃശക്തിക്ക് പരിമിതികള്‍ കല്പിക്കുകയും ചെയ്ത കാലമുണ്ടായി. അടിക്കടിയുണ്ടായ കടന്നാക്രമണങ്ങള്‍ അത്തരം തെറ്റായ വഴക്കങ്ങള്‍ക്ക് സാധുത നല്‍കുകയും ക്രമേണ അത് ശീലമാവുകയും ചെയ്തു. 2017ല്‍ വിവിധസംഘടനകളിലെ വനിതാപ്രവര്‍ത്തകര്‍ നടത്തിയ സര്‍വേ വനിതകളുടെ പുരോഗതിയും ശാക്തീകരണവും തുല്യപങ്കാളിത്തവും അടിവരയിടുന്നതാണ്. ഈ കണ്ടെത്തലുകള്‍ വ്യാപകമായി സ്വീകരിക്കപ്പെടണമെങ്കില്‍ അതിനായി പ്രവര്‍ത്തിക്കണം. ആദ്യം കുടുംബങ്ങളില്‍, പിന്നെ സംഘടിതമായ സാമാജിക ജീവിതത്തില്‍…
രാജ്യത്തെ സാധാരണക്കാരടക്കമുള്ളവര്‍ ദേശീയപുനുരുജ്ജീവനത്തിന്റെ അനുഭൂതിയിലാണ്. സ്വാശ്രയത്വത്തിലേക്കുള്ള പാതയിലാണ് ഭാരതം. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ നമുക്ക് പ്രാധാന്യവും സ്വാധീനവും വര്‍ധിച്ചു. കൊവിഡ് കാലത്തെ വെല്ലുവിളികളെ മറികടന്ന് സാമ്പത്തികരംഗത്ത് നാം പഴയ ഉണര്‍വ് നേടിയിരിക്കുന്നു. കര്‍ത്തവ്യപഥ് ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രി സാമ്പത്തിക സാങ്കേതിക സാംസ്കാരിക അടിത്തറയില്‍ അധിഷ്ഠിതമായ ആധുനിക ഇന്ത്യയുടെ ഭാവിയെക്കുറിച്ച് വിവരിച്ചു. ഈ ദിശയില്‍ വാക്കിലും പ്രവര്‍ത്തിയിലും ഓരോ പൗരനും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്. സര്‍ക്കാരും രാഷ്ട്രീയ നേതാക്കളും അവരുടെ കടമകള്‍ നിര്‍വഹിക്കുമ്പോള്‍, സമാജവും അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കേണ്ടതുണ്ട്.
അശാന്തിയും ഭീകരതയും വളര്‍ത്തുന്നവരെ തുരത്തണം
ദേശീയ പുനരുജ്ജീവനത്തിന് എല്ലാ തടസ്സങ്ങളെയും മറികടക്കേണ്ടതുണ്ട്. യാഥാസ്ഥിതിക മനോഭാവം പാടേ ഒഴിവാക്കണം. ഭൂതകാലത്തിന്റെ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ ഉപേക്ഷിക്കണം. പാരമ്പര്യവും സമകാലികയാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാവണം. സ്വത്വം, സംസ്കാരം, ജീവിതമൂല്യങ്ങള്‍ എന്നിവയില്‍ മുറുകെപ്പിടിച്ച് വര്‍ത്തമാനകാലത്തോട് സമന്വയിക്കുന്ന പുതിയ വഴക്കങ്ങള്‍ ഉണ്ടാകണം. അതേസമയം ശാശ്വതമായ നമ്മുടെ ജീവിതാചരണപദ്ധതികളെ നിലനിര്‍ത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. മറ്റൊരു തടസ്സം രാഷ്ട്രത്തിന്റെ ഐക്യത്തിന് എതിരായ ശക്തികളാണ്. വ്യാജപ്രചരണങ്ങള്‍ നടത്തുകയും ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും അശാന്തിയും ഭീകരതയും വളര്‍ത്തുകയുമാണ് അവര്‍ ചെയ്യുന്നത്. അവരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങാതെ നിര്‍ഭയം അവരെ നേരിടണം. ഭാഷയോ മതമോ പ്രദേശമോ അതിന് തടസ്സമാകരുത്. അത്തരം ശക്തികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ പരിശ്രമങ്ങള്‍ക്ക് സമാജത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമ്പോഴാണ് സമഗ്രമായ സുരക്ഷിതത്വവും ഐക്യവും സാധ്യമാവുക.
പഠനം മാതൃഭാഷയിലാകണം
സാമൂഹിക ഉണര്‍വിലൂടെയല്ലാതെ ഒരു മാറ്റവും സുസ്ഥിരവും വിജയകരവുമാകില്ല. സുദീര്‍ഘവും മഹത്തുമായ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും മുമ്പ് സാമാജിക ഉണര്‍വ് ഉണ്ടായിട്ടുണ്ടെന്നത് ലോകത്തിന്റെ അനുഭവമാണ്. വ്യവസ്ഥാപിതവും ഭരണപരവുമായ മാറ്റങ്ങള്‍ സമാജിക ഉണര്വിന് പിന്നാലെ ഉണ്ടാകുന്നതാണ്. ദേശീയവിദ്യാഭ്യാസനയം ഊന്നുന്നത് പഠനം മാതൃഭാഷയിലാകണം എന്നതിലാണ്. സര്‍ക്കാര്‍ മാതൃഭാഷയെ പ്രോത്സാഹിപ്പിക്കുമ്പോള്‍ സമാജം അതിന് തയ്യാറാണോ എന്ന ചോദ്യം ശ്രദ്ധേയമാണ്. ഓരോരുത്തരും തങ്ങളുടെ കുട്ടികള്‍ക്ക് മാതൃഭാഷയില്‍ വിദ്യാഭ്യാസം വേണം എന്ന് തീരുമാനിക്കുമോ? നമ്മുടെ വീട്ടുപേരുകള്‍ പതിച്ചിരിക്കുന്ന ഫലകം, നമ്മുടെ ഒപ്പ് ഇതൊക്കെ മാതൃഭാഷയിലാണോ? ക്ഷണക്കത്തുകള്‍ നമ്മുടെ ഭാഷയിലാണോ? പുതിയ വിദ്യാഭ്യാസനയം വിദ്യാര്‍ത്ഥികളെ സംസ്കാരമുള്ളവരും രാജ്യസ്നേഹികളുമായി വളരാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍ വിദ്യാഭ്യാസത്തിന്റെ മൊത്തത്തിലുള്ള ഈ ലക്ഷ്യത്തെക്കുറിച്ച് രക്ഷിതാക്കള്‍ ബോധമുള്ളവരാണോ? സംസ്കാരത്തെ നിലനിര്‍ത്തുന്നതില്‍ രക്ഷകര്‍ത്താക്കള്‍ക്കും സമാജത്തിനും മാധ്യമങ്ങള്‍ക്കും ഉത്സവത്തിനുമൊക്കെ പങ്കുണ്ട്. അല്ലാതെ വന്നാല്‍ അത് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ മാത്രം ഒതുങ്ങിപ്പോകും.
വൈവിധ്യമാര്‍ന്ന ചികിത്സാരീതികള്‍ സംയോജിപ്പിക്കുന്ന ഒരു ആരോഗ്യ സംരക്ഷണ സംവിധാനം സര്‍ക്കാര്‍ വികസിപ്പിക്കണം. വ്യക്തി ശുചിത്വവും സാമൂഹിക ക്ഷേമവും ലക്ഷ്യമിട്ട് യോഗയും വ്യായാമങ്ങളും തുടരണം. മാതൃകകള്‍ നിരവധിയുണ്ടെങ്കിലും അവയെയൊന്നും പരിഗണിക്കാതെ ആളുകള്‍ സ്വന്തം ശീലങ്ങളില്‍ മുറുകെപ്പിടിച്ചാല്‍ ആരോഗ്യപൂര്‍ണസമാജം എങ്ങനെ സാധ്യമാകും?
സമത്വം എല്ലാ മേഖലയിലും വേണം
നമ്മുടെ ഭരണഘടന രാഷ്ട്രീയവും സാമ്പത്തികവുമായ സമത്വമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, എന്നാല്‍ സാമൂഹിക സമത്വമില്ലാതെ, യഥാര്‍ത്ഥവും സുസ്ഥിരവുമായ പരിവര്‍ത്തനം സാധ്യമല്ല. ഡോ. ബാബാസാഹേബ് അംബേദ്കര്‍ ഈ ദിശയില്‍ നമുക്ക് ഉപദേശങ്ങള്‍ നല്കി. ഈ ലക്ഷ്യം കൈവരിക്കുന്നതിന് നിയമങ്ങള്‍ ഉണ്ടാക്കി. എന്നാല്‍ അസമത്വത്തിന്റെ മൂലകാരണം നമ്മുടെ മനസ്സിലും സാമൂഹിക വ്യവസ്ഥയിലും പെരുമാറ്റത്തിലുമാണ്. ക്ഷേത്രങ്ങളും ജലസ്രോതസ്സുകളും ശ്മശാനങ്ങളും എല്ലാ ഹിന്ദുക്കള്‍ക്കും തുറന്നുകൊടുക്കുന്നില്ലെങ്കില്‍, വ്യക്തികള്‍ തമ്മിലും കുടുംബങ്ങള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലുമുള്ള ചങ്ങാത്തം എല്ലാ തലങ്ങളിലും നടക്കുന്നതുവരെ സമത്വത്തെക്കുറിച്ചുള്ള സംസാരം കിനാവ് മാത്രമാകും.
ഭരണസംവിധാനങ്ങളിലൂടെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സാമൂഹിക ലക്ഷ്യത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കുകയാണെങ്കില്‍ അവ ശക്തിപ്പെടുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. ഇത് സംഭവിച്ചില്ലെങ്കില്‍ പരിവര്‍ത്തന പ്രക്രിയ തടസ്സപ്പെടുകയും ഫലം നേടാതിരിക്കുകയും ചെയ്യും. അതുകൊണ്ട് മനസ്സുകളെ ബോധവല്‍ക്കരിക്കുന്നത് അനിവാര്യമായ ഒരു മുന്നുപാധിയാണ്. ചൂഷണമില്ലാത്തതും നമ്മുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായതുമായ വികസനം കൈവരിക്കാന്‍ ചൂഷണം ചെയ്യാനുള്ള പ്രവണത സമൂഹത്തില്‍ ഇല്ലാതാക്കേണ്ടതുണ്ട്.
ഭാരതം പോലെ ജനസാന്ദ്രതയുള്ള ഒരു രാജ്യത്തിന്, സാമ്പത്തിക വികസന നയരൂപീകരണം തൊഴിലധിഷ്ഠിതമാകണമെന്നത് സ്വാഭാവികമായ പ്രതീക്ഷയാണ്. എന്നാല്‍ തൊഴില്‍ എന്നത് ജോലി മാത്രമല്ല. ഒരു തൊഴിലും നിസ്സാരമല്ല. കൊവിഡ് കാലത്ത് സംഘടിതശക്തിയിലൂടെ സമാജം സ്വയം ഉയര്‍ന്ന് പല തൊഴില്‍ സംരംഭങ്ങള്‍ക്കും തുടക്കം കുറിച്ചു. മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമാജത്തിന്റെ വിവിധമേഖലകളിലുള്ളവര്‍ ഒത്തുചേര്‍ന്നു. ഇത്തരത്തില്‍ സ്വദേശിജാഗരണ്‍ മഞ്ചുമായി ചേര്‍ന്ന് 275 ജില്ലകളില്‍ തൊഴില്‍ സംരംഭങ്ങള്‍ ഉണ്ടായി. ഇതൊരു തുടക്കമാണ്.
(നാളെ: ജനസംഖ്യാ നയം രൂപവത്കരിക്കണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: