ന്യൂദല്‍ഹി: മ്യാന്മറില് തോഴില് തട്ടിപ്പ് സംഘം ബന്ദികളാക്കിയ 13 ഇന്ത്യക്കാരെ തിരികെ എത്തിച്ചു. ഇന്ന് തിരികെയെത്തിച്ച 13 പേരും തമിഴ്നാട് സ്വദേശികളാണ്. ഇവരെ തമിഴ്നാട് വഖഫ് പ്രവാസികാര്യ വകുപ്പ് മന്ത്രി സെഞ്ചി മസ്താന് സ്വീകരിച്ചു. മൂന്നാഴ്ചയായി ഭീകരരുടെ തടവില്‍ കഴിയുകയായിരുന്നു ഇവര്‍.
തൊഴില്‍ വാഗ്ദാനം ചെയ്ത് കബളിപ്പിക്കുന്ന സംഘത്തിന്റെ വലയില്‍ കുടുങ്ങിയ ബാക്കിയുളള ഇന്ത്യക്കാരെയും ജന്മനാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഇതോടെ രക്ഷപ്പെടുത്തിയവരുടെ എണ്ണം 45 ആയി.
ഡാറ്റ എന്‍ട്രി ജോലിക്കെന്ന പേരില്‍ മ്യാന്മറില് എത്തിച്ച തൊഴിലാളികളെ തട്ടിക്കൊണ്ടുപോയി സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുകയായിരുന്നു. മ്യാന്മറിലെ മ്യാവാഡിയില്‍ നിന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. മലയാളികളടക്കം നിരവധി പേര് ഇപ്പോഴും ഇവരുടെ തടവിലാണ്. തടവിലാക്കപ്പെട്ടവരില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ട്.മ്യാന്മര് ഗവണ്മെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി.
ക്രൂരമായ പീഡനത്തിനാണ് ബന്ദികളായിരിക്കെ തങ്ങളെ വിധേയരാക്കിയതെന്ന് രക്ഷപ്പെട്ടെത്തിയവര്‍ പറഞ്ഞു.16 മണിക്കൂര്‍ വരെ തുടര്‍ച്ചയായി നിയമവിരുദ്ധമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയും വിസമ്മതിച്ചാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുമായിരുന്നു. നിഷേധിച്ചാല്‍ ഭക്ഷണം കിട്ടില്ലായിരുന്നെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തടവിലായവരുടെ ബന്ധുക്കള്‍ക്ക് സന്ദേശം കിട്ടിയതോടെയാണ് ഈ ദുരവസ്ഥ പിറംലോകം അറിഞ്ഞത്. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടത്തിയ നീക്കങ്ങളിലാണ് കുറച്ച് പേരെ രക്ഷിക്കാനായത്. ഇനിയും എത്രപേര്‍ കുടുങ്ങി കിടക്കുന്നു എന്ന വ്യക്തമായ കണക്കും ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: