ഇടുക്കി: മൂന്നാറില്‍ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയ കടുവ കാട്ടിലേക്ക് തുറന്നുവിടാന്‍ പറ്റുന്ന ആരോഗ്യ സ്ഥിതിയിലല്ലെന്നു വനംവകുപ്പ്. കടുവയുടെ ഇടതു കണ്ണിന് കാഴ്ച കുറവെന്ന് പരിശോധയില്‍ വ്യക്തമായി. അതിനാൽ സ്വാഭാവിക ഇരതേടല്‍ സാധ്യമല്ല. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി ചികില്‍സ നല്‍കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
കാട്ടിനുള്ളില്‍ തുറന്നുവിട്ടാലും ജനവാസമേഖലയിലേയ്ക്ക് തിരികെ വരാന്‍ സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തിലേയ്ക്ക് മാറ്റി ചികിത്സ നല്‍കാനാണ് തീരുമാനം. മൂന്നാര്‍ പ്രദേശത്ത് ദിവസങ്ങളോളം ഭീതി പരത്തിയ കടുവ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പിടിയിലായത്. നൈമക്കാട് പ്രദേശത്ത് പത്തു പശുക്കളെയാണ് കടുവ കൊന്നത്. രണ്ട് പശുക്കള്‍ക്ക് കടുവയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റിരുന്നു.
ഒന്‍പതുവയസുള്ള പെണ്‍കടുവയാണ് പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടുവയുടെ ഇടതുകണ്ണിന് ഗുരുതര രീതിയില്‍ തിമിരം ബാധിച്ചതിനാല്‍ കാഴ്ച്ച ഏതാണ്ട് നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതാകാം ജനവാസ കേന്ദ്രങ്ങളിലിറങ്ങി കെട്ടിയിട്ടിരിക്കുന്ന വളര്‍ത്തുമൃഗങ്ങളെ കടുവ ആക്രമിച്ചതിന് കാരണമെന്നാണ് വനംവകുപ്പിന്റെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: