കരുനാഗപ്പള്ളി: പതാരത്തെ ഡിഗ്രി വിദ്യാര്‍ഥിനി അഭിരാമിയുടെ ആത്മഹത്യക്ക് കാരണക്കാരായ കേരള ബാങ്കിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. പതാരത്തെ അഭിരാമിയുടെ വീട്ടില്‍ രക്ഷിതാക്കളെ സന്ദര്‍ശിച്ചതിനു ശേഷമാണ് നേതാക്കള്‍ ഈ ആവശ്യം ഉന്നയിച്ചത്.
സംസ്ഥാന വക്താവ് ഇ.എസ്. ബിജു, സംസ്ഥാന സഹസംഘടനാ സെക്രട്ടറി സുശികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് ജെ.പി. ബാലു, കുന്നത്തൂര്‍ താലൂക്ക് സമിതി പ്രസിഡന്റ് രാജേന്ദ്രന് പിള്ള, താലൂക്ക് സെക്രട്ടറി ശിവന് എന്നിവരാണ് പതാരത്തെ അഭിരാമിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ കണ്ടത്. ബാങ്ക് അധികൃതരുമായി സംസാരിച്ച് 20 ദിവസം അവധി നല്‍കിയിരുന്നുവെങ്കിലും പതിനഞ്ചാം ദിവസം തന്നെ ബാങ്ക് നടപടി സ്വീകരിച്ചു. വീട്ടില്‍ വായ്പ ഉടമയും ഭാര്യയും ഇല്ലാതിരിക്കെ മൃതപ്രായനായി ശയ്യാവലംബിയായ പിതാവിന്റെ കൈമുദ്ര ബലമായി പതിച്ചു വാങ്ങിയാണ് ജില്ലാ ബാങ്ക് അധികൃതര്‍ ആ കൂറ്റന്‍ ബോര്‍ഡ് സ്ഥാപിച്ചത്.
സ്ഥലം ഏറ്റെടുക്കലിന് മുന്നോടിയായി സ്വീകരിക്കേണ്ട യാതൊരു നടപടിക്രമങ്ങളും ബാങ്ക് അധികൃതര്‍ സ്വീകരിച്ചിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ഇ.എസ്. ബിജു പറഞ്ഞു. 12ന് പതാരം കേരള ബാങ്ക് ശാഖയ്ക്ക് മുമ്പില്‍ ഹിന്ദു സമുദായ സംഘടനാ നേതാക്കളും, പ്രവര്‍ത്തകരും സത്യാഗ്രഹം നടത്തും. തുടര്‍ന്ന് ജില്ലാ ബാങ്ക് ആസ്ഥാനത്ത് ധര്‍ണ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: