ഡോ. കെ. ജയപ്രസാദ്
നിരോധനം ഒരു മറുപടിയല്ല, മറിച്ച് നിരോധിച്ച സംഘടനകള്‍ വളരുകയാണ് ചെയ്യുന്നത് എന്ന് ആര്‍എസ്എസിനെ ഉയര്‍ത്തി കാണിച്ചു കൊണ്ടാണ് മതേതരനായകന്മാര് വാദം ഉന്നയിക്കുന്നത്. ഇവിടെ നിരോധനത്തിന്റെ കാരണം വളരെ പ്രധാനമാണ്. മതിയായ കാരണത്തോടെ നിരോധിച്ച സംഘടനകള്‍ എല്ലാം തളരുകയാണ് ചെയ്യുന്നത് എന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. മാവോയിസ്റ്റുകള്‍ക്കും നക്സലൈറ്റുകള്‍ക്കും, ഖാലിസ്ഥാനികള്ക്കും ഇന്ത്യയില്‍ വേരോട്ടമുണ്ടാകാതെ പോയത് നിരോധനത്തിന്റെ കാരണങ്ങള്‍ ശരിയായതുകൊണ്ടാണ്. കമ്യൂണിസ്റ്റ് ഭീകരതയും എന്തിന് കമ്യൂണിസ്റ്റുപാര്‍ട്ടികളും ഇന്ന് കേരളത്തില്‍ മാത്രമായി ചുരുങ്ങിയത് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ്. 1948 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചുകൊണ്ടാണ് ഇന്ത്യയുടെ ഹൃദയഭൂമിയില്‍ അവര്‍ക്ക് സ്ഥാനമില്ലാതെ പോയത്. കേരളത്തിനു പുറത്ത് അവരുടെ സ്വാധീനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. അതുപോലെ ഖാലിസ്ഥാന്‍ പ്രസ്ഥാനങ്ങളെയും, ജെകെഎല്‍എഫിനെയും ഉള്ഫയെയും നിരോധിച്ചതുകൊണ്ടാണ് പഞ്ചാബും കശ്മീരും ആസാമും ഇന്ന് സമാധാനപരമായി കഴിയുന്നത്. ആന്ധ്രയില്‍ നിന്നും ബീഹാറില്‍ നിന്നും പൂര്‍ണമായും നക്സലൈറ്റുകള്‍ ഒഴിവാക്കപ്പെട്ടതും നിരോധനം കൊണ്ടുതന്നെയാണ്. ആശയത്തെ നിരോധനം കൊണ്ട് തളര്‍ത്താനാവില്ല എന്ന വാദം അംഗീകരിച്ചാലും ജനാധിപത്യഭരണവ്യവസ്ഥ നല്കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കാതിരുന്നാല്‍ ആശയം പുസ്തകം വയ്ക്കുന്ന അലമാരയ്ക്കുള്ളില്‍ തന്നെ കഴിയും.
ഇവിടെ ഒരു ചോദ്യം ഉയരുന്നത് മൂന്നുതവണ നിരോധിച്ച ആര്‍എസ്എസ് എങ്ങനെ വളര്‍ന്നു എന്നതാണ്. മൂന്നുതവണ നിരോധിച്ചതും മതിയായ കാരണമില്ലാതെ രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആര്‍എസ്എസ് രൂപ പരിണാമം വരുത്താതെ സ്വന്തം കാലില്‍ നിന്ന് നിയമപരമായി പോരാടിയാണ് ജനകീയമായത്. ഗാന്ധിവധത്തില്‍ യാതൊരുപങ്കുമില്ലാത്ത ആര്‍എസ്എസിനെ 1948 ല്‍ നിരോധിച്ചു. ഒളിപ്രവര്‍ത്തനം നടത്താതെ സഹനസമരം നടത്തി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജയില്‍ നിറയ്ക്കുകയാണ് അന്നു ചെയ്തത്. മാത്രമല്ല ആര്‍എസ്എസിന്റെ ഒരുപ്രവര്ത്തകനും ഗാന്ധിവധത്തില്‍ പ്രതിയാക്കപ്പെട്ടുമില്ല. നേതാക്കളോ, അണികളോ പ്രതിചേര്ക്കപ്പെടാതെയാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ആര്‍എസ്എസിനെ നെഹ്രു സര്‍ക്കാര്‍ നിരോധിച്ചത്.
വിഭജനത്തെ തുടര്‍ന്ന് നെഹ്രുവിനെതിരായി രൂപംകൊണ്ട ജനരോഷം തടയാനും അഭയാര്‍ത്ഥികള്‍ സര്‍ക്കാരിനെതിരെ തിരിയാതിരിക്കാനുമാണ് അവരുടെ ഇടയില്‍ സേവനസന്നദ്ധരായിരുന്ന ആര്‍എസ്എസിനെ നിരോധിച്ചത്. ആര്‍എസ്എസ് നിരോധനം നെഹ്രുവിന് ഗുണകരമായി എന്നതു ശരിയാണ്. എന്നാല്‍ പില്ക്കാലത്ത് ചൈന ഇന്ത്യയെ കടന്നാക്രമിച്ചപ്പോള്‍ ആര്‍എസ്എസിന്റെ സേവനം നെഹ്രു സ്വീകരിച്ചു. പ്രതിഫലമായി 1963ലെ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ആര്‍എസ്എസ് വളര്‍ന്നത് രാജ്യത്തിന്റെ കാവലാളായതുകൊണ്ടാണെന്ന് ഇതു വ്യക്തമാക്കുന്നു. 1975ല്‍ അടിയന്തിരാവസ്ഥയുടെ മറവില്‍ ആര്‍എസ്എസിനെ ഇന്ദിരാഗാന്ധി നിരോധിച്ചത് ജയപ്രകാശ് നാരായണന് നയിച്ച അഴിമതി വിരുദ്ധ സ്വേച്ഛാധിപത്യവിരുദ്ധ സമരത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തിക്കാന്‍ അണിചേര്‍ന്നതുകൊണ്ടാണ്. ഇന്ദിരാഗാന്ധി മിസ(ങകടഅ) നിയമപ്രകാരം തടവിലാക്കിയവരില്‍ ഭൂരിഭാഗവും ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. അതായത് ഇന്ത്യന്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ നടന്ന പോരാട്ടത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു മുന്നില്‍. 42-ാം ഭരണഘടനാഭേദഗതിയിലൂടെ ഭരണഘടനയെ അട്ടിമറിച്ച ഇന്ദിരാഗാന്ധിയുടെ ശ്രമത്തെ തകര്‍ത്ത് 44-ാം ഭരണഘടനാഭേദഗതിയിലൂടെ ജനാധിപത്യ അവകാശങ്ങള്‍ പുനഃസ്ഥാപിച്ച ജനതാ സര്‍ക്കാര്‍ ആര്‍എസ്എസ് പശ്ചാത്തലമുള്ള ജനസംഘക്കാര്‍ നായകത്വം നല്കിയ മുന്നണിയാണ്.
ആര്‍എസ്എസിന് സ്വീകാര്യത ലഭിക്കുന്നതില്‍ അടിയന്തിരാവസ്ഥക്കാലത്തെ ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിന് വലിയ സ്ഥാനമുണ്ട്. അതായത് വിഭജനം കാരണം അഭയാര്‍ത്ഥികളായ ലക്ഷങ്ങള്‍ക്ക് തണലായതാണ് ഗാന്ധിവധവുമായി ബന്ധപ്പെടുത്തി 1948ല്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ നെഹ്രു സര്‍ക്കാര്‍ തീരുമാനിച്ചത്. സ്വേച്ഛാധിപത്യത്തിനെതിരായി ജയപ്രകാശ് നാരായണന് നടത്തിയ മുേന്നറ്റത്തില്‍ പ്രധാന പങ്കാളികളായതിനാലാണ് 1975ല്‍ ആര്‍എസ്എസിനെ നിരോധിക്കാന്‍ ഇന്ദിരാഗാന്ധി ശ്രമിച്ചതും. ഈ രണ്ട് അവസരങ്ങളിലും ആര്‍എസ്എസ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. സഹനസമരം നയിച്ചാണ് ജനകീയമായത്. ദേശസ്നേഹത്തിന്റെ കാവലാളായ പ്രസ്ഥാനത്തെ ഭാരതജനത നെഞ്ചോട് ചേര്‍ത്തത് അതുകൊണ്ടാണ്. 1992ല്‍ ബാബറി കെട്ടിടം തകര്‍ത്തത് ജനങ്ങളായിരുന്നു. അതിലും ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന് ഒരു രാഷ്ട്രീയ ആവശ്യമായിരുന്നു അന്നത്തെ നിരോധനം. മാത്രമല്ല നിയമപരമായി നില്‍ക്കുന്നതായിരുന്നില്ല ആ നിരോധനവും. ആര്‍എസ്എസിന്റെ വളര്‍ച്ചയ്ക്ക് മൂന്നാമത്തെ നിരോധനവും സഹായകമായി.
ഇവിടെ ശ്രദ്ധിക്കേണ്ടത് ആര്‍എസ്എസിനെ നിരോധിച്ചിട്ടും അതു വളര്‍ന്നില്ലേ എന്ന് പറയുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ചോദ്യമാണ്. എന്തുകൊണ്ടാണ് നിരോധിച്ചത് എന്നുവിലയിരുത്തേണ്ടത് അതുകൊണ്ടാണ്. ഭരണകൂടത്തിന്റെ പ്രീണനനയങ്ങളെയും സ്വേച്ഛാധിപത്യനയങ്ങളെയും ചോദ്യം ചെയ്യുന്നു എന്നതായിരുന്നു ആര്‍എസ്എസിനെതിരായി നെഹ്രുവും ഇന്ദിരാഗാന്ധിയും നിരോധനത്തിന്റെ പാത സ്വീകരിക്കാന്‍ കാരണം. കോടതിയും വിവിധ അന്വേഷണ കമ്മിഷനുകളും ആര്‍എസ്എസിന് ഗാന്ധിവധത്തില്‍ പങ്കാളിത്തമില്ല എന്നു കണ്ടത്തിയതും, ഗാന്ധിവധത്തില്‍ ആര്‍എസ്എസ്സുകാര്‍ ആരും പ്രതിയാക്കപ്പെട്ടില്ല എന്നതുമാണ് ആര്‍എസ്എസിനെ ജനങ്ങള്‍ സ്വീകരിക്കുന്നതിന് കാരണമായത്. അതായത് സീതാദേവിയെ പോലെ അഗ്നിപരീക്ഷയെ അതിജീവിച്ചുകൊണ്ടാണ് ആര്‍എസ്എസ് സ്വതന്ത്ര ഇന്ത്യയില്‍ വളര്‍ന്നതും ജനകീയമായതും.
ഇസ്ലാമിക തീവ്രവാദസംഘടനയെ നിരോധിച്ചപ്പോള്‍ ഭയവും പ്രീണനനയവും വോട്ടുബാങ്കും നോക്കി അതിനെ ആര്‍എസ്എസുമായി ചേര്‍ത്തു വായിക്കുന്നത് മറ്റൊരു അടവുനയമാണ്. ഇസ്ലാമിക തീവ്രവാദം കേവലം ഒരു ഇന്ത്യന്‍ പ്രതിഭാസമല്ല. മുകളില്‍ സൂചിപ്പിച്ചതുപോലെ യുഎഇ, പാകിസ്ഥാന്, ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ്, ഐക്യരാഷ്ട്രസംഘടന, യൂറോപ്യന്‍ യൂണിയന്, റഷ്യ തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര പ്രസ്ഥാനങ്ങളും നിരോധിച്ച സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് വസ്തുതകള്‍ മറച്ചുവച്ച് ആര്‍എസ്എസിനെ പഴിചാരി, മതേതരത്വം പറഞ്ഞ് എതിര്‍ക്കുന്നത് തികച്ചും രാജ്യദ്രോഹമാണ്. കേരളം രാജ്യവിരുദ്ധ ഭീകരസംഘടനകളുടെയും മയക്കുമരുന്നിന്റെയും കള്ളക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും താവളമായതും ഈ ‘മതേതര രാഷ്ട്രീയം’ നല്കുന്ന പിന്തുണയിലാണ്. ഈ വസ്തുതകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടണം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: