ന്യൂദല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമായി. ദൽഹിയിൽ നടക്കുന്ന ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തിൽ രാജ്യത്തെ 13 നഗരങ്ങളിൽ മാത്രമാണ് സേവനം ലഭ്യമാകുക.
അടുത്ത രണ്ട് വർഷം കൊണ്ട് രാജ്യം മുഴുവൻ 5ജി സേവനങ്ങൾ ലഭ്യമാകും. തടസ്സമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയവിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവ 5ജി സാങ്കേതികവിദ്യ നല്‍കും. കഴിഞ്ഞ മാസം നടന്ന 5 ജി സ്പെക്ട്രം ലേലത്തില്‍ മുന്നില്‍ എത്തിയ റിലയന്‍സ് ജിയോ 88,000 കോടി രൂപയുടെ സ്പെക്ട്രം ആണ് സ്വന്തമാക്കിയത്. ദീപാവലിയോടെ ഡല്‍ഹി, കൊല്‍ക്കത്ത, മുബൈ, ചെന്നൈ നഗരങ്ങളിലും 2023 ഡിസംബറോടെ രാജ്യത്തെമ്പാടും ജിയോ 5 ജി മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ പത്തു കോടി ആളുകള്‍ക്ക് 5 ജി സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടെന്നും 5 ജി സേവനത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ അവര്‍ കാത്തിരിക്കയാണെന്നും സ്വീഡിഷ് കമ്പനിയായ എറിക്സണ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സേവനം തുടങ്ങുന്നതോടെ 5 ജി സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പന കുതിച്ചുയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: