കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട നടപടികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കര്ശനമാക്കാതിരിക്കുന്നത് ആ സംഘടനയുടെ അരലക്ഷത്തോളം വരുന്ന കാഡറുകളെ സിപിഎമ്മിലേക്ക് ആകര്‍ഷിക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മതഭീകരവാദികളായ പോപ്പുലര്‍ ഫ്രണ്ട് അണികളെ സാവകാശം സിപിഎമ്മിന്റെ ഭാഗമാക്കാനുള്ള പിണറായിയുടെ തന്ത്രം സിപിഎമ്മിലെ മതനിരപേക്ഷകരായ അണികള്‍ കണ്ണ് തുറന്നുകാണണമെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിഎഫ്ഐ നിരോധിക്കപ്പെട്ടപ്പോള്‍ കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞത് നടപടികള്‍ക്ക് തിടുക്കം കാണിക്കേണ്ടതില്ല എന്നാണ്. ഇതിലൂടെ ഒരു തെറ്റായ സന്ദേശമാണ് മുഖ്യമന്ത്രി നല്‍കിയത്. നടപടികള്‍ നിയമാനുസൃതമായിരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പിഎഫ്ഐക്കെതിരായ നടപടികള്‍ നിയമാനുസൃതമായിരുന്നു. നിയമപരമായി തന്നെയാണ് ആ സംഘടനയെ നിരോധിച്ചിരിക്കുന്നത്. ഇനിയും എന്താണ് നിയമാനുസൃതമാകേണ്ടതെന്ന് സുരേന്ദ്രന് ചോദിച്ചു.
നിരോധിക്കപ്പെട്ട റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ഐഎന്‍എല്‍ ദേശീയ പ്രസിഡന്റ് തന്നെ സമ്മതിച്ച സ്ഥിതിക്ക് രാജ്യതാല്‍പ്പര്യവും സംസ്ഥാനത്തിന്റെ താല്‍പ്പര്യവും പരിഗണിച്ച് ഐഎന്‍എല്‍ നേതാവായ അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: