മനുഷ്യരെ ബാധിക്കുന്ന മറവിരോഗങ്ങളാണ് അല്‍ഷിമേഴ്സും ഡിമന്‍ഷ്യയും. ഓര്‍മകള്‍ നശിപ്പിക്കുകയും ചിന്താശേഷി നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഈ രോഗങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെയും പിടികൂടുന്നതായി സങ്കല്പ്പിച്ചാലോ? പാര്‍ട്ടിയുടെ ചരിത്രം നേതൃത്വം വിസ്മരിക്കുന്ന സ്ഥിതിയുണ്ടാവും. ഈ രോഗങ്ങള്‍ പിടിപെട്ട് വിചിത്രമായി പെരുമാറുന്ന പാര്‍ട്ടികളാണ് കോണ്‍ഗ്രസ്സും സിപിഎമ്മും. മറവി രോഗം ബാധിച്ചവരെപ്പോലെ, മറ്റുള്ളവര്‍ തങ്ങളെ എങ്ങനെ കാണുന്നു എന്നത് ഈ പാര്‍ട്ടികള്‍ക്കും ഒരു പ്രശ്നമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി രാജ്യത്തിനകത്തും പുറത്തും ധീരമായി പോരാടുകയും, അതിന്റെ പേരില്‍ കഠിനശിക്ഷകള്‍ അനുഭവിക്കുകയും ചെയ്ത വീരസവര്ക്കറോട് കോണ്‍ഗ്രസ്സും സിപിഎമ്മും സ്വീകരിക്കുന്ന സമീപനം ചരിത്രബോധമില്ലാത്തതും വിചിത്രവുമാണ്.
കോണ്‍ഗ്രസ്സിന്റെ ഭാരത് ജോഡോ യാത്രയുടെ ബാനറില്‍ വീരസവര്‍ക്കറിന്റെ ചിത്രം വരാനിടയായതില്‍ ഒരു പ്രാദേശിക നേതാവിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തതില്‍ മറവിരോഗത്തിന്റെ പ്രശ്നം വലിയ തോതിലുണ്ട്. അബുള്‍ കലാം ആസാദ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍ക്കറുടെ ചിത്രവും സ്ഥാനംപിടിച്ചത്. ബാനര്‍ വിവാദമായതോടെ ഗാന്ധിജിയുടെ വലിയൊരു ചിത്രംവച്ച് സവര്‍ക്കറെ മറച്ചതില്‍ പ്രത്യക്ഷത്തില്‍തന്നെ യുക്തിരാഹിത്യമുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സവര്‍ക്കറുടെ പോരാട്ടത്തെ അംഗീകരിക്കുകയും പ്രശംസിക്കുകയും സവര്‍ക്കറെ ജയില്‍ മോചിതനാക്കാന്‍ ആവശ്യപ്പെടുകയും ചെയ്ത നേതാവാണ് ഗാന്ധിജി. ഗാന്ധി എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയുമാണല്ലോ. ഇപ്പോള്‍ അത് സോണിയാ ഗാന്ധിജിയും രാഹുല്‍ ഗാന്ധിജിയുമായിട്ടുണ്ട്! നെഹ്റു കുടുംബം സ്വകാര്യ കമ്പനിയെപ്പോലെ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസ്സ് ഐക്ക് ആ പേരു വന്നത് ഇന്ദിരാഗാന്ധിയിലൂടെയാണ്. പക്ഷേ സവര്‍ക്കറുടെ കാര്യം വരുമ്പോള്‍ ഇന്ദിരാ ഗാന്ധിയെപ്പോലും അംഗീകരിക്കില്ലെന്നതാണ് സോണിയാ കോണ്‍ഗ്രസ്സിന്റെ നിലപാട്.
ഇന്ദിരാ ഗാന്ധിക്ക് സവര്‍ക്കര്‍ ഒരിക്കലും അനഭിമതനായിരുന്നില്ല. ‘ഇന്ത്യയുടെ വിശിഷ്ട പുത്രന്’ എന്നാണ് ഇന്ദിര പ്രധാനമന്ത്രിയായിരുന്ന കാലത്ത് സവര്‍ക്കറെ വിശേഷിപ്പിച്ചത്. ‘സ്വാതന്ത്ര്യ വീരസവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക’ത്തിന്റെ സെക്രട്ടറിയായിരുന്ന പണ്ഡിറ്റ് ബാഖ് ലെയ്ക്ക് 1980 മെയ് 30ന് ഇന്ദിര അയച്ച കത്തിലാണ് ഈ വിശേഷണമുള്ളത്. ”ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള സവര്‍ക്കറുടെ സാഹസികമായ എതിര്‍പ്പിന് നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അതിന്റേതായ സ്ഥാനമുണ്ട്. ഇന്ത്യയുടെ ഈ വിശിഷ്ട പുത്രന്റെ ജന്മശതാബ്ദിയാഘോഷം വിജയമാകാന്‍ എന്റെ ആശംസകള്‍” എന്നാണ് ഇന്ദിര കത്തിലെഴുതിയത്.
പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഔദ്യോഗിക പ്രതികരണം മാത്രമായിരുന്നില്ല ഇത്. 1966 ല്‍ സവര്‍ക്കര്‍ മരിച്ചപ്പോഴും അങ്ങേയറ്റം ആദരവോടെയാണ് ഇന്ദിര അനുസ്മരിച്ചത്. ”ഇന്നത്തെ ഇന്ത്യയുടെ ഒരു മഹത്തായ വ്യക്തിത്വമാണ് നമുക്കിടയില്‍ നിന്ന് ഇല്ലാതായിരിക്കുന്നത്. സവര്‍ക്കറുടെ നാമം സാഹസികതയുടെയും ദേശസ്നേഹത്തിന്റെയും പര്യായമാണ്. മഹത്തായ വിപ്ലവത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കപ്പെട്ട സവര്‍ക്കറില്‍നിന്ന് അനേകമാളുകള്‍ പ്രചോദനമുള്‍ക്കൊള്ളുന്നു.”
പ്രധാനമന്ത്രിയെന്ന നിലയ്ക്ക് 1970 ല്‍ സവര്‍ക്കര്‍ സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയതും ഇന്ദിരാ ഗാന്ധിയായിരുന്നു. ഈയവസരത്തില്‍ 11,000 രൂപ സവര്‍ക്കര്‍ സ്മാരകനിധിയിലേക്ക് ഇന്ദിര സംഭാവന നല്‍കുകയും ചെയ്തു. സവര്‍ക്കറിന് ഭാരതരത്നം നല്‍കണമെന്ന് ചില കോണുകളില്‍നിന്ന് ആവശ്യമുയര്‍ന്നത് ഇന്ദിരാഗാന്ധിക്ക് ആ മഹാപുരുഷനോടുള്ള ആദരവിന് അനുസൃതമായിരുന്നു. പക്ഷേ ഇസ്ലാമിക മതമൗലികവാദികളെയും മുസ്ലിം വോട്ടുബാങ്കിനെയും പ്രീണിപ്പിക്കാന്‍ സവര്‍ക്കറെ തള്ളിപ്പറയുകയാണ് സോണിയാ കോണ്‍ഗ്രസ് ചെയ്തത്.
ഇന്ദിരയുടെ കണ്ണിന്റെയും മൂക്കിന്റെയും രൂപസാദൃശ്യം പറഞ്ഞ് വോട്ടുചോദിക്കുന്നവര്‍ തന്നെയാണ് സവര്‍ക്കറുടെ കാര്യം വരുമ്പോള്‍ അവരെ തള്ളിപ്പറയുന്നത്. സവര്‍ക്കറെ അധിക്ഷേപിച്ചുകൊണ്ടുള്ള രാഹുലിന്റെ തരംതാണ പ്രസ്താവങ്ങള്‍ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍പോലും അംഗീകരിക്കുന്നില്ല എന്നതാണ് മറ്റൊരു വിരോധാഭാസം. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസല്ല കേരളത്തിലെ കോണ്‍ഗ്രസ്. രാഹുലിന്റെ വിഡ്ഢിത്തങ്ങള്‍ ഇവിടെ വേദവാക്യങ്ങളാണ്. രാഹുലിന്റെ സവര്‍ക്കര്‍ നിന്ദയെ ശരിവച്ച് പ്രതിപക്ഷ നേതാവ് സതീശന് തന്റെ പേരിനൊപ്പമുള്ള വി.ഡി എന്ന ഇനിഷ്യല്‍ പോലും ഉപേക്ഷിച്ചെന്നിരിക്കും. വിനായക ദാമോദര സവര്‍ക്കറും വി.ഡി. സവര്ക്കറാണല്ലോ.
അല്‍ഷിമേഴ്സും ഡിമന്‍ഷ്യയും മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ച വ്യാധികളല്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ പക്ഷേ അങ്ങനെ കാണപ്പെടുന്നു. സോണിയാ കോണ്‍ഗ്രസ്സിന്റെ സവര്‍ക്കര്‍ നിന്ദ അതേപോലെ ഏറ്റെടുക്കുകയും, കൂടുതല്‍ മുന്നോട്ടുകൊണ്ടുപോവുകയും ചെയ്യുകയാണ് സിപിഎം. 2003ല്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ചിത്രം അനാഛാദനം ചെയ്ത ചടങ്ങ് സോണിയ ബഹിഷ്കരിച്ചപ്പോള്‍ ഇടതുപാര്‍ട്ടികളും ഒപ്പംകൂടി. ഒരുപടികൂടി കടന്ന് പരിപാടിയില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അവര്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിന് കത്തെഴുതുകയും ചെയ്തു.
സവര്‍ക്കറോട് ആരാധനയുണ്ടായിരുന്ന ഇന്ദിരാ ഗാന്ധിയെ സോണിയാ കോണ്‍ഗ്രസ് തള്ളിപ്പറയുന്നതുപോലെയാണ് പാര്‍ട്ടി ആചാര്യനായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടിനെ സിപിഎമ്മും നിരാകരിക്കുന്നത്. സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റുകൊടുത്ത പാര്‍ട്ടിയാണെങ്കിലും സവര്‍ക്കറുടെ സംഭാവനകളെ ഇഎംഎസ് അംഗീകരിച്ചിട്ടുണ്ട്. ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം’ എന്ന ബൃഹദ് ഗ്രന്ഥത്തില്‍ ഇഎംഎസ് എഴുതുന്നത് ഇങ്ങനെയാണ്:
”പിന്നീട് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം ഉയര്‍ന്നുവന്നതോടെ ഇതിനെതിരായി, അതൊരു സ്വാതന്ത്ര്യസമരമായിരുന്നുവെന്നും അതിന് വ്യാപകമായ ജനകീയ പിന്തുണ ഉണ്ടായിരുന്നുവെന്നും വാദിക്കുന്ന ചരിത്രകാരന്മാര് ഉയര്‍ന്നുവന്നു. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കുവഹിച്ച് ദീര്‍ഘകാല തടവിന് വിധിക്കപ്പെട്ട വിനായക ദാമോദര്‍ സവര്‍ക്കര്‍ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്ന തലക്കെട്ടില്‍ ഒരു ഗ്രന്ഥം തന്നെ എഴുതുകയുണ്ടായി. അതേവരെ വെളിച്ചം കാണാതിരുന്ന പല വസ്തുതകളും ആധികാരിക രേഖകളും അദ്ദേഹം പുറത്തുകൊണ്ടുവന്നു.”
കോണ്‍ഗ്രസിന്റെ ബി ടീമായി മാറി സ്വാതന്ത്ര്യസമരത്തിലെ സവര്‍ക്കറുടെ പങ്കിനെ നിഷേധിക്കുന്ന ഇടതുപാര്‍ട്ടികളുടെ നിലപാടിനെ ഇഎംഎസ് അംഗീകരിക്കുന്നില്ല. ”അഭിനവ് ഭാരത് എന്ന പേരില്‍ രഹസ്യഗ്രൂപ്പുകള്‍ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ നാനാഭാഗത്തും ഉയര്‍ന്നുവന്നു. അതിന്റെ നേതാവായ വിനായക ദാമോദര സവര്‍ക്കര്‍ പിന്നീട് തന്റെ പ്രവര്‍ത്തനരംഗം ഇംഗ്ലണ്ടിലേക്ക് മാറ്റുകയും അവിടെനിന്ന് കിട്ടാവുന്ന എല്ലാ സഹായങ്ങളും നേടി ഇന്ത്യയില്‍ ഒരു വിപ്ലവം നടത്താന്‍ ശ്രമിക്കുകയും ചെയ്തു. മഹാരാഷ്ട്രയുടെ നാനാഭാഗത്തും ശാഖകളുള്ള ഈ ഗ്രൂപ്പ് ആ സംസ്ഥാനത്ത് മാത്രമല്ല, ഇന്ത്യയിലാകെ തന്നെ വിപ്ലവ പ്രസ്ഥാനം വളര്‍ന്നുവരുന്നതില്‍ അതിപ്രധാനമായ പങ്ക് വഹിച്ചു. സവര്‍ക്കറാവട്ടെ ഇംഗ്ലണ്ടില്‍ അറസ്റ്റു ചെയ്യപ്പെട്ടു. ഇന്ത്യയിലേക്ക് പോലീസ് അകമ്പടിയോടെ യാത്ര ചെയ്യുന്നതിനിടയ്ക്ക് ഓടി രക്ഷപ്പെടാന്‍ നോക്കുകയും വീണ്ടും പിടിക്കപ്പെടുകയും ചെയ്ത കഥ പിന്നീട് ചരിത്ര പ്രസിദ്ധമായിത്തീര്‍ന്നു.” ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രം എന്ന പുസ്തകത്തില്‍ തന്നെയാണ് ഇഎംഎസ് ഇത് പറയുന്നത്.
ഇഎംഎസിന്റെ ഈ നിലപാടിന് കടകവിരുദ്ധമായാണ് ഇടതുപാര്‍ട്ടികള്‍ പെരുമാറുന്നത്. സവര്‍ക്കറെ തുറന്ന് അംഗീകരിച്ചിരുന്ന ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന് അനഭിമതയാവുന്നതുപോലെയാണിതും. ”ഇതാ നോക്കൂ, നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ വേണ്ടപ്പെട്ടവരെപ്പോലും തള്ളിപ്പറഞ്ഞിരിക്കുന്നു” എന്ന് മുസ്ലിംവോട്ടു ബാങ്കിനെ നിയന്ത്രിക്കുന്ന മത-രാഷ്ട്രീയ ശക്തികളോട് രണ്ടു പാര്‍ട്ടികളും പറയാതെ പറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: