തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ തൊഴുത്ത് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത് 43 ലക്ഷത്തോളം രൂപ. പശുക്കള്‍ക്കായി മ്യൂസിക് സിസ്റ്റം അടക്കമുള്ള സൗകര്യങ്ങളും ഉണ്ടാകും. രണ്ട് മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം. ബാലരാമപുരം സ്വദേശിക്കാണ് കരാര്‍ നല്‍കിയത്. 42.90 ലക്ഷം രൂപയാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാല്‍ തൊഴുത്ത് വൈദ്യുതീകരിക്കുന്നതിന് തുക പ്രത്യേകമായി വേറെ വകയിരുത്തിയിട്ടുണ്ട്. 800 ചതുരശ്രയടിയില്‍ നിര്‍മിക്കുന്ന തൊഴുത്തില്‍ ജോലിക്കാര്‍ക്ക് വിശ്രമിക്കാനായി പ്രത്യേക മുറി. കാലിത്തീറ്റയും മറ്റും സൂക്ഷിക്കാനായും പ്രത്യേക മുറിയും സൗകര്യങ്ങളുമുണ്ടാകും.
ഇരു നില മന്ദിരത്തിനുള്ള ഫൗണ്ടേഷനാണ് നിലവില്‍ തൊഴുത്തിനായി ഇടുന്നതെങ്കിലും ഇപ്പോള്‍ ഒരു നില മന്ദിരമാണ് നിര്‍മിക്കുക. ഭാവിയില്‍ മുകളിലത്തെ നില പണിത് ക്ലിഫ് ഹൗസിലെ ജീവനക്കാര്‍ക്കായി ക്വാര്‍ട്ടേഴ്സ് നിര്‍മിക്കും. ജോലിക്കാര്‍ക്കു താമസിക്കാനായി വര്‍ഷങ്ങള്‍ക്കു മുന്‍പു നിര്‍മിച്ച കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് കാലിത്തൊഴുത്തു നിര്‍മിക്കുന്നത്. നിലവില്‍ അഞ്ച് പശുക്കളാണ് ക്ലിഫ് ഹൗസിലെ തൊഴുത്തിലുള്ളത്. ഇതിനു പുറമേ 6 പശുക്കളെ കൂടി പ്രവേശിപ്പിക്കാനാണ് പുതിയ തൊഴുത്തു നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: