ബെംഗളൂരു: കര്‍ണാടകയിലെ വിവിധ ജില്ലകളില്‍ ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ 80ലധികം നേതാക്കളെയും പിഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകരേയും കസ്റ്റഡിയിലെടുത്തു. ബെംഗളൂരു റൂറല്‍, മൈസൂരു, ശിവമോഗ, തുംകുരു, കോലാര്‍, റായ്ച്ചൂര്‍, ഗദഗ്, മംഗളൂരു, ബെളഗാവി, വിജയപുര, ബാഗല്‍കോട്ട്, മാണ്ഡ്യ, രാമനഗര, ഉഡുപ്പി, ചാമരാജനഗര്‍, കലബുറഗി, ഹുബ്ബള്ളി, ധാര്‍വാഡ് തുടങ്ങിയ ജില്ലകളിലാണ് പുലര്‍ച്ചെ നാല് മുതല്‍ റെയ്ഡ് നടത്തിയത്. പിഎഫ്ഐയുടെ ഓഫീസുകള്‍ സീല്‍ വച്ച് പൂട്ടി. സമൂഹത്തില്‍ പ്രശ്നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നാണ് ഇന്റലിജന്‍സ് നല്കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസിന് സംശയം തോന്നിയ 80ല്‍ അധികം പിഎഫ്ഐ, എസ്ഡിപിഐ പ്രവര്‍ത്തകരെയും നേതാക്കളെയും മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കസ്റ്റഡിയിലെടുത്തതായി ബെംഗളൂരു എഡിജിപി അലോക് കുമാര്‍ പറഞ്ഞു.
എസ്ഡിപിഐ യാദ്ഗിരി ജില്ലാ പ്രസിഡന്റും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തുടനീളം പോലീസ് റെയ്ഡുകള്‍ നടക്കുകയാണെന്നും സിആര്‍പിസി 107, 151 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും അലോക് കുമാര്‍ പറഞ്ഞു. അറസ്റ്റിലായവരെ താലൂക്ക് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡിയിലെടുത്തവര്‍ മുന്‍ കാലങ്ങളിലും ഇപ്പോഴും വര്‍ഗീയ കലാപം ഉണ്ടാക്കുകയും സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഭൂരിഭാഗവും പിഎഫ്ഐയില്‍ നിന്നുള്ള റാഡിക്കല്‍ ഇസ്ലാമിസ്റ്റിന്റെ അംഗങ്ങളാണെന്നും കുറച്ച് പേര് എസ്ഡിപിഐയില്‍ നിന്നുള്ളവരാണെന്നും അലോക് കുമാര്‍ പറഞ്ഞു. റായ്ച്ചൂരില്‍ മുന്‍ പിഎഫ്ഐ പ്രസിഡന്റ് മുഹമ്മദ് ഇസ്മായില്‍, സെക്രട്ടറി അസിം എന്നിവരെ കസ്റ്റഡിയിലെടുത്തു. ശിവമോഗയില്‍ അഞ്ച് പിഎഫ്ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പിഎഫ്ഐ നേതാവ് അഫ്ഹാന് അലിയെ ചിത്രദുര്‍ഗയിലും മറ്റ് നാല് പേരെ ബെല്ലാരിയിലും കരുതല്‍ തടങ്കലിലാക്കി. പിഎഫ്ഐ ജില്ലാ പ്രസിഡന്റ് കപില്‍, സെക്രട്ടറി സുഹൈബ് എന്നിവരെ ചാമരാജനാറില് കരുതല്‍ കസ്റ്റഡിയിലെടുത്തു.
ദക്ഷിണ കന്നഡയില്‍ പത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉഡുപ്പിയില്‍ നാല് പിഎഫ്ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തു. ജില്ലയിലെ ഹൂഡ്, ഗംഗോളി, ബൈന്ദൂര് എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ ചിലരുടെ വീടുകളില്‍ നിന്നും പ്രധാനപ്പെട്ട രേഖകളും തെളിവുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. തഹസില്‍ദാര്‍മാര്‍ വഴിയുള്ള ഒരു പ്രതിരോധ നടപടിയാണ് പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. അത്തരം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പോലീസ് അത് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ മാത്രമല്ല, എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് ഇത് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പിഎഫ്ഐ പ്രവര്‍ത്തകര്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: