ന്യൂദല്‍ഹി : അക്രമികളായ പേപ്പട്ടികളെ കൊല്ലാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി കേരളം. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ യൂണിറ്റുകളെ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് എബിസി പദ്ധതിയുടെ ചുമതല. തദ്ദേശ സ്ഥാപനങ്ങളില്‍ നായപിടുത്തക്കാരുടെ ലഭ്യതക്കുറവ് മൂലം പദ്ധതി ഏറെക്കുറേ മരവിച്ച അവസ്ഥയിലാണ്. അതുകൊണ്ട് താഴേത്തട്ടില്‍ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ജനങ്ങള്‍ക്ക് ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തരണം. പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ വന്ന പക്ഷികളെ കൊന്നുതള്ളുന്ന അതേ മാതൃകയില്‍ പേപ്പട്ടികളെയും അക്രമകാരികളായ തെരുവുനായ്ക്കളെയും കൂട്ടത്തോടെ കൊന്നുതള്ളാനാണ് കേരളം അനുമതി ചോദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് തെരുവുനായ്ക്കളെ കൊല്ലാന്‍ അനുവദിക്കാത്ത ചട്ടങ്ങളില്‍ ഇളവ് ചെയ്ത് നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ നായക്കളുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. എബിസി പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ട ചില നിര്‍ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് സിരിജഗന് കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: