ലണ്ടന്‍: വനിതാ ക്രിക്കറ്റിലെ ഇതിഹാസ താരം ഝുലന് ഗോസ്വാമിക്ക് ജയത്തോടെ യാത്രയയപ്പ്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം 16 റണ്‍സിന് ജയിച്ചാണ് സഹതാരങ്ങള്‍ ഝുലന് അര്‍ഹിക്കുന്ന വിടവാങ്ങല്‍ സമ്മാനിച്ചത്. പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ പത്തോവറില്‍ 30 റണ്‍സിന് രണ്ട് വിക്കറ്റും ഝുലന് സ്വന്തമാക്കിയിരുന്നു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചക്ദാഹ എന്ന കുഗ്രാമത്തില്‍ നിന്നെത്തി തലയുയര്‍ത്തി തേജസ്സോടെ ലോക ക്രിക്കറ്റില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ഝുലന്. വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ്ബൗളറായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ പദവിയും അലങ്കരിച്ചു. 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിനാണ് ശനിയാഴ്ച ലോര്‍ഡ്സില്‍ തിരശീല വീണത്. പുരുഷ ക്രിക്കറ്റിലെ ഇതിഹാസങ്ങള്‍ക്കു പോലും അപ്രാപ്യമായ വിരമിക്കില്‍ മത്സരം കളിക്കാനുള്ള ഭാഗ്യവും ഝുലനുണ്ടായി.
ഇന്ത്യയ്ക്കായി 12 ടെസ്റ്റില്‍ നിന്ന് 44 വിക്കറ്റുകളും 204 ഏകദിനങ്ങളില്‍ നിന്ന് 255 വിക്കറ്റുകളും 68 ട്വന്റി20യില്‍ നിന്ന് 56 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ വനിതാ താരമാണ്. ടെസ്റ്റില്‍ 25 റണ്‍സിന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയാണ് മികച്ച പ്രകടനം. ഏകദിനത്തില്‍ 31 റണ്‍സിന് ആറു വിക്കറ്റ്. ട്വന്റി20യില്‍ 11 റണ്‍സിന് അഞ്ചു വിക്കറ്റ്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയതും ഝുലനാണ്, 40. അഞ്ച് ലോകകപ്പുകളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചു. രണ്ട് ഫൈനല്‍ കളിച്ചെങ്കിലും ഒരു ലോകകപ്പ് പോലും നേടാതെ മടക്കം.
2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏറ്റവും മികച്ച വനിതാ താരമായി. 2016ല്‍ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. 2018ല്‍ ഏകദിനത്തില്‍ 200 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ താരവുമായി. വീരേന്ദര്‍ സെവാഗും ആര്. അശ്വിനുമടക്കമുള്ള താരങ്ങള്‍ ഝുലന് ആശംസകള്‍ നേര്‍ന്നു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലെ ഒരു സ്റ്റാന്‍ഡിന് ഝുലന്റെ പേര് നല്കാന് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: