ബെയ്ജിംഗ് : ചൈനയുടെ തലസ്ഥാനമായ ബെയ്ജിംഗിലേക്ക് പട്ടാള വാഹനങ്ങള്‍ പോകുന്നതിന്റെ അര്‍ത്ഥം ചൈന അസ്ഥിരമായി എന്നാണെന്ന് ചൈനയുടെ തകര്‍ച്ച പ്രവചിച്ച എഴുത്താകാരനും രാഷ്ട്രീയ നിരീക്ഷകനുമായ ഗോര്‍ഡന്‍ ജി ചാങ്. പട്ടാള ടാങ്കുകള്‍ ബെയ്ജിംഗിലേക്ക് നീങ്ങുന്നതിന്റെ വീഡിയോ ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ചൂടപ്പം പോലെ വിറ്റഴിയുന്ന ചൈനയുടെ ആസന്നമായ തകര്‍ച്ച (ദി കമിംഗ് കൊളാപ്സ് ഓഫ് ചൈന- The coming collapse of China എന്ന പുസ്തകത്തിന്റെ രചയിതാവാണ് ഗോര്‍ഡന്‍ ജി ചാങ്). ഏതാണ്ട് 80 കിലോമീറ്റര്‍ ദൂരത്തില്‍ പട്ടാളവാഹനങ്ങള്‍ ബെയ്ജിംഗിലേക്ക് നീങ്ങുന്നതിന്റെ വീഡിയോകള്‍ മറ്റ് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
ചൈനയില്‍ നിന്നും പറക്കേണ്ടതും ചൈനയിലേക്ക് പറന്നിറങ്ങേണ്ടതും ആയ 6000 വിമാനങ്ങള്‍ യാത്ര റദ്ദാക്കിയ അസാധാരണ സാഹചര്യമാണ് ചൈനയില്‍ സംജാതമായിരിക്കുന്നത്. ട്രെയിനുകളും യാത്ര നിര്‍ത്തിവെച്ചിരിക്കുന്നതായി വാര്‍ത്തയുണ്ട്. ഫ്ളൈറ്റ് റഡാര്‍ ആപുകളില്‍ വിമാനങ്ങളുടെ നീക്കം പൂജ്യമായാണ് കാണിക്കുന്നത്.
ചൈനയില്‍ നടക്കുന്നത് പട്ടാള അട്ടിമറിയാണെന്നാണ് ഗോര്‍ഡന്‍ ജി ചാങ്ങിനെപ്പോലുള്ളവര് പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. ബെയ്ജിംഗിലേക്ക് അസാധാരണമായ രീതിയില്‍ പട്ടാള വാഹനങ്ങള്‍ പോകുന്നതിന്റെ ചിത്രങ്ങള്‍ ചൈനയിലെ സമൂഹമാധ്യമങ്ങളില്‍ നിരവധി പേര് പങ്കുവെയ്ക്കുന്നുണ്ട്.
പാര്ട്ടിനേതാക്കളിലെ അഴിമതിയെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി അഴിമതി നടത്തിയ രണ്ട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് ഷീ ജിന്‍പിങ്ങ് സര്‍ക്കാര്‍ വധശിക്ഷ വിധിച്ചിരുന്നു. ഈ രണ്ടു പേര് ചൈനീസ് ഭരണത്തില്‍ മന്ത്രിമാരായിരുന്നവരാണ്. എന്നാല്‍ ഇവര്‍ ഷി ജിന്‍പിങ് വിരുദ്ധ വിഭാഗത്തില്‍പ്പെട്ടവരായതിനാലാണ് അടിച്ചമര്‍ത്തുന്നതെന്ന് വിമര്‍ശനമുണ്ട്.
മുന്‍ ചൈനീസ് പ്രസിഡന്റ് ഹു ജിന്റാവോ, ചൈനീസ് മുന്‍ പ്രധാനമന്ത്രി വെന്‍ ജിയബാവോ, മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സോങ് പിങ്ങ് എന്നിവരുടെ നേതൃത്വത്തില്‍ ഷീ ജിന്‍പിങ്ങിനെ വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന് ന്യൂസ് ഹൈലാന്റ് വിഷന്‍ എന്ന വാര്‍ത്താ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മൂവര്‍ സംഘം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗങ്ങളെ സംരക്ഷിക്കുന്ന സെന്‍ട്രല്‍ ഗാര്‍ഡ് ബ്യൂറോ (സിജിബി)യുടെ കടിഞ്ഞാണ്‍ നിയന്ത്രിക്കുകയാണെന്നും പറയുന്നു. മാത്രമല്ല, ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (ചൈനീസ് പട്ടാളത്തിന്റെ ) അധികാരം ഇപ്പോഴത്തെ പ്രസിഡന്റ് ഷീ ജിന്‍പിങ്ങില്‍ നിന്നും എടുത്തുമാറ്റിയിരിക്കുന്നുവെന്നും പറയുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുനസംഘടന നടക്കാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് വീണ്ടും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അധ്യക്ഷപദം കയ്യാളേണ്ട ഷീ ജിന്‍പിങ്ങിനെ തടവില്‍ ആക്കിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകള്‍. ചൈന അസ്ഥിരമായിരിക്കുന്നുവെന്നാണ് ഈ അടയാളങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് ഗോര്‍ഡന്‍ ജി ചാങ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: