ചെറുകഥയെന്ന മാധ്യമത്തില്‍ ദേശവും കാലവും വിന്യസിക്കുന്ന രാഷ്ട്രീയ അനുഭവമണ്ഡലങ്ങളെ മനസ്സിലാക്കാന്‍ ഇപ്പോള്‍ ഗൗരവമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കയാണ്. ഉള്ളടക്കം, കഥാപാത്രം, ഭാവം, പശ്ചാത്തലം തുടങ്ങിയവയെ കേന്ദ്രീകരിച്ചുള്ള സാമ്പ്രദായിക അന്വേഷണങ്ങള്‍കൊണ്ട് പുതുകാലത്തെ ഭാവുകത്വപരിസരം തിരിച്ചറിയാന്‍ പ്രയാസമാണ്. സ്ഥലത്തിനും കാലത്തിനും ഇക്കാലത്തെ കഥാവായനയില്‍ സവിശേഷ സ്ഥാനമുണ്ട്. അവയില്‍ത്തന്നെ സ്ഥലപശ്ചാത്തലം വര്‍ത്തമാനകാലത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ ഒരടി മുന്നില്‍ നില്ക്കുന്നു. കഥയില്‍ ആവിഷ്ക്കരിക്കപ്പെടുന്ന ജീവിതാനുഭവങ്ങള്‍ക്ക് സാമൂഹികമാനം ലഭിക്കണമെങ്കില്‍ പ്രത്യക്ഷമോ പരോക്ഷമോ ആയ പ്രത്യേക സൂചനകള്‍ കഥയിലെവിടെയെങ്കിലും വേണമെന്ന നിര്‍ബന്ധം മുമ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കഥയുടെ പശ്ചാത്തലമായി വരുന്ന സ്ഥലനാമങ്ങള്ക്കുതന്നെ സവിശേഷമായ സാമൂഹികാര്‍ത്ഥങ്ങള്‍ കൈവരുന്നുണ്ട്. അതായത് കഥയുടെ സാമൂഹിക-രാഷ്ട്രീയ അടിത്തറയായി സ്ഥലം രൂപപ്പെട്ടുവരുന്നു. കഥയിലെ സ്ഥലം ഇവിടെ കേവലം പശ്ചാത്തലമായി വരുന്നതല്ല. അതിലുപരി കഥാകാരന്റെ പ്രത്യയശാസ്ത്ര ബോധ്യങ്ങളില്‍നിന്ന് വരുന്നതാണ്. കാസര്‍ഗോഡന്‍ കഥകളിലൂടെ കടന്നുപോവുമ്പോള്‍ ഇക്കാര്യം നേരിട്ട് ബോധ്യപ്പെടും.
വിവിധ സംസ്കാരങ്ങളുടെ സംഗമഭൂമിയാണ് കാസര്‍ഗോഡ്. ഭാഷയിലും വേഷത്തിലും മാത്രമല്ല മനോഭാവങ്ങളുടെ കാര്യത്തിലും കാസര്‍ഗോഡന്‍ ജനത അനേകം വ്യത്യസ്തതകള്‍ സംരക്ഷിക്കുന്നു. തനിമകളുടെ സൗന്ദര്യം എന്നും കാത്തുസൂക്ഷിക്കാന്‍ അവര്‍ ശ്രദ്ധിക്കുന്നു. സപ്തഭാഷകളുടെ സംഗമഭൂമി എന്നാണ് കാസര്‍ഗോഡ് അറിയപ്പെടുന്നത്. എന്നാല്‍ ചെറുതും വലുതുമായ അനേകം പ്രാദേശികഭാഷകളെക്കൂടി പരിഗണിക്കുമ്പോള്‍ ഭാഷകളുടെ എണ്ണം ഇനിയും കൂടും. ഓരോ ഭാഷയും ഓരോ സംസ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ വൈവിദ്ധ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യമാണ് ഈ ദേശത്തിനുള്ളതെന്ന് വ്യക്തം. കാസര്‍ഗോഡുള്ള കഥാകാരന്മാരാവട്ടെ തങ്ങളുടെ കഥകളില്‍ ഈ സാംസ്കാരിക വൈവിദ്ധ്യം സമര്ത്ഥമായുപയോഗിച്ചു. ചെറുകഥ എന്ന സാഹിത്യരൂത്തിന് അവശ്യംവേണ്ട ഘടകങ്ങളെക്കുറിച്ച് സാധാരണ മലയാളികള്‍ സങ്കല്പ്പിച്ചുവെച്ചിട്ടുള്ള പതിവ് ധാരണകളെ ഈ കഥകള്‍ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അതിര്‍ത്തി പ്രദേശത്തിന്റെ സവിശേഷമായ ജീവിതാനുഭവങ്ങളില്‍ കാല്ചവുട്ടിനിന്നു വേണം നാം ഈ കഥകളെ നോക്കിക്കാണേണ്ടത്.
സമാനമായ ജീവിതാനുഭവങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിലൂടെ അവതരിപ്പിക്കുന്ന കഥകളുടെ സാന്നിദ്ധ്യം ഈ സമാഹാരത്തിന് നല്‍കുന്നത് വേറിട്ട വായനാനുഭവമാണ്. കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും തിക്താനുഭവങ്ങള്‍ക്ക് സമാനത പകരുന്നത് അവരുടെ കായികമായ ബലഹീനതയാണല്ലോ. നമ്മുടെ സമൂഹം പുരുഷകേന്ദ്രീകൃതം മാത്രമല്ല, പുരുഷയൗവനകേന്ദ്രീകൃതം കൂടിയാണെന്ന് പറയേണ്ടിയിരിക്കുന്നു. സമൂഹത്തിന്റെ പൊതുബോധത്തെ നിര്‍ണ്ണയിക്കുന്നത് പലപ്പോഴും യുവാക്കളാണ്. അവരുടെ ആവശ്യങ്ങള്‍ക്കാണ് സമൂഹത്തില്‍ പരിഗണന കൂടുതല്‍. കായികവും മാനസികവുമായ ബലമില്ലാത്തവര്‍ എപ്പോഴും അവഗണിക്കപ്പെടും. കുട്ടികളുടെ നിരാശ വിഷയമാവുന്ന രണ്ടുകഥകള്‍ നോക്കുക- ‘കോട്ട’, ‘നമ്മുടെ ഗപ്പതി’ എന്നിവ. ബേക്കല്‍ കോട്ട കാണാന്‍ സ്കൂളില്‍നിന്നും കൂട്ടുകാരെല്ലാം പോവുമ്പോള്‍ അച്ഛന് പണം കൊടുക്കാത്തതിനാല്‍ അവസാനനിമിഷംവരെ പോകാന്‍ സാധിക്കാതെ വിഷമിക്കുന്ന ജാനകി എന്ന കൊച്ചുപെണ്‍കുട്ടിയുടെ നിരാശാജനകമായ അനുഭവകഥയാണ് കോട്ട. ബസ്സ് പുറപ്പെടുന്നതിനു തൊട്ടുമുമ്പ് അച്ഛന് ദേഷ്യത്തോടെ വലിച്ചെറിഞ്ഞുകൊടുക്കുന്ന അഞ്ചുരൂപയുമായി ജാനകി സ്കൂളിലെത്തുമ്പോഴേക്കും ബസ്സ് പോയിരുന്നു. കുറേനാളായി യക്ഷഗാനത്തിന് രാവും പകലും പരിശീലനം നടത്തിയ ഗണപതി എന്ന കുട്ടി അത് അവതരിപ്പിക്കുന്ന രാത്രിയില്‍ സ്റ്റേജിന് പുറകിലിരുന്ന് ഉറങ്ങിപ്പോവുന്നതാണ് നമ്മുടെ ഗപ്പതിയിലെ ഉള്ളടക്കം. ഗപ്പതിയെ യക്ഷഗാനം അഭ്യസിപ്പിച്ച ആശാന് പോലും അവനെ ആ അവസരത്തില്‍ വിളിച്ചുണര്‍ത്തുന്നില്ല. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിക്കാതെ പോവുന്നത് അറിയാതെ ഉറങ്ങുന്ന ഗപ്പതിയെ കാണിച്ചുതന്നുകൊണ്ട് കഥ അവസാനിപ്പിക്കുന്നു. ബേക്കല്‍ കോട്ടയും യക്ഷഗാനവും കാസര്‍ഗോഡന്‍ ജനതയെ സംബന്ധിച്ച് തനത് സംസ്കാരങ്ങളുടെ പ്രതീകങ്ങളാണ്. ഈ പ്രതീകവ്യവസ്ഥയ്ക്കകത്തുനിന്നും വേണം പ്രസ്തുത കഥകളിലേക്ക് പ്രവേശിക്കാന്‍.
ഡോ.കെ.വി. തിരുമലേശിന്റെ ‘പ്ലാറ്റ്ഫോം’ എന്ന കഥയില്‍ റെയില്‍വേസ്റ്റഷനില്‍ ബോംബ് വെച്ചിട്ടുണ്ട് എന്ന ഊഹാപോഹത്തെ കേന്ദ്രമാക്കി ഒരു വ്യക്തി അനുഭവിക്കുന്ന ഏകാന്തമായ മാനസികസംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്നു. റെയില്‍വേസ്റ്റേഷനിലെ അജ്ഞാതമായ ബോംബ് ഒരു സമൂഹത്തെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍ കഥാനായകനില്‍ അത് വലിയരീതിയില്‍ ചലനമുണ്ടാക്കുന്നില്ല. വളരെ സാധാരണപോലെ അയാള്‍ പെരുമാറുന്നു. കാരണം സമൂഹം ഒന്നടങ്കം അനുഭവിക്കുന്ന അസ്വസ്ഥതയേക്കാള്‍ വലിയ പിരിമുറക്കത്തിലൂടെയാണ് അയാള്‍ കടന്നുപോവുന്നത്. ഈ പിരിമുറുക്കം കാസര്‍ഗോഡന്‍ ജനതയുടെ പൊതുവികാരമാണെന്ന സൂചനകള്‍ റെയില്‍വെയുമായി ബന്ധപ്പെട്ട വിവരണങ്ങളില്‍നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. വ്യത്യസ്ത സാമൂഹികസ്വത്വങ്ങള് കൂടിക്കലര്‍ന്ന ഒരു പ്രദേശം എന്ന നിലയില്‍ കേരളത്തില്‍ പലതുകൊണ്ടും ഒറ്റപ്പെട്ടുനില്ക്കുന്ന കാസര്‍ഗോഡിന്റെ പൊതുവായ കഥയായി നമുക്കിതിനെ വായിക്കാം.
വേണ്ടപ്പെട്ടവരെ ഉപേക്ഷിച്ചുപോവുന്ന സ്ത്രീകള്‍ക്ക് സംഭവിക്കുന്ന പ്രതിസന്ധികള്‍ കഥാകാരന്മാരുടെ ഇഷ്ടവിഷയമാണ്. ഈ സമാഹാരത്തിലെ ചില കഥകളില്‍ നമുക്കിത് കാണാം. തിലക്നാഥ് മഞ്ചേശ്വരത്തിന്റെ ‘വേഷം’ എന്ന കഥയില്‍ സാവിത്രി അച്ഛനായ സുബ്ബണ്ണയെ ഉപേക്ഷിച്ച് കാമുകനായ മഞ്ചുനാഥിന്റെ കൂടെപ്പോവുന്നു. മകള്‍ എന്നെങ്കിലും തിരിച്ചുവരും എന്ന് കരുതി വര്‍ഷങ്ങളോളം സുബ്ബണ്ണ കാത്തിരിക്കുന്നു. ഒടുവില്‍ മകള്‍ തിരിച്ചെത്തുന്നു. ഭര്‍ത്താവായ മഞ്ചുനാഥനുമായി പിരിഞ്ഞ് ഏറെവര്‍ഷം കഴിഞ്ഞാണ് സാവിത്രി വീട്ടിലെത്തുന്നത്. എന്നാല്‍ കഥാവസാനത്തില്‍ മഞ്ചുനാഥന്‍ സാവിത്രിയെത്തേടി വീട്ടിലെത്തി ശുഭകരമായ അന്തരീക്ഷത്തില്‍ കഥ അവസാനിക്കുന്നു. ഇതിനിടയില്‍ സാവിത്രി അനുഭവിക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഉള്ളടക്കം. കെ. ഷൈലാകുമാരിയുടെ ‘ദെവരമെട്ടു’ എന്ന കഥയില്‍ അച്ഛനമ്മമാരെയും ബന്ധുക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഷുക്കുഅക്ക വര്‍ഷങ്ങള്‍ കഴിഞ്ഞ് നാട്ടിലേക്ക് തനിയെ തിരിച്ചുവരുന്നു. കാമുകനാല്‍ ഉപേക്ഷിക്കപ്പെട്ടാണ് അവള് നാട്ടിലെത്തുന്നത്. മകള്‍ പോയതിന്റെ വിഷമത്തില്‍ മരണപ്പെടുന്ന അമ്മയും നിരാശയുടെ പടുകുഴിയില്‍ വീണ അച്ഛനും അനേകം സൂചനകളായി കഥയില്‍ വരുന്നുണ്ട്. സത്യനാരായണയുടെ ‘കരിമേഘങ്ങള്‍ നീങ്ങിയപ്പോള്‍’ എന്ന കഥയില്‍ ഭാര്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് അച്ഛനമ്മമാരുടെ അടുത്തേക്ക് വരുന്നതാണ് വിഷയം. എന്നാല്‍ വരുന്ന വഴി ട്രെയിനില്‍വെച്ച് പരിചയപ്പെട്ട ഒരു സ്ത്രീയുടെ ഉപദേശപ്രകാരം അവള് തിരിച്ച് ഭര്ത്താവിന്റെയടുത്തേക്കുതന്നെ പോവുന്നു. മൂന്ന് കഥകളിലും വീടുപേക്ഷിച്ചുപോകുന്ന സ്ത്രീകളാണുള്ളത്. കാസര്‍ഗോഡിന്റെ വര്‍ത്തമാനത്തില്‍ ഈ കഥകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. കുടുബപ്രശ്നങ്ങളും ദാരിദ്ര്യവും ചൂക്ഷണംചെയ്ത് പെണ്‍കുട്ടികളെ ചതിയിലൂടെ നശിപ്പിക്കാന്‍ തയ്യാറായി നില്ക്കുന്ന ചില ഛിദ്രശക്തികള്‍ കാസര്‍ഗോഡിന്റെ സാമൂഹിക ജീവിതത്തെ വലിയ അപകടത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ചിലരെങ്കിലും ഈ അപകടത്തെ തിരിച്ചറിഞ്ഞ് പ്രതിരോധം തീര്‍ത്തിട്ടുണ്ടെങ്കിലും ഭൂരിഭാഗവും ഇപ്പോഴും ഉറക്കത്തിലാണ്. അവര്‍ ഉറക്കമുണരുമ്പോഴേക്കും സര്‍വ്വവും നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്ന് ഓര്‍മ്മിപ്പിക്കുന്ന അനുഭവങ്ങളാണ് ഇവിടെയുള്ളത്.
കുടുംബകലഹങ്ങളാണ് ഈ സമാഹാരത്തിലെ മിക്കവാറും എല്ലാ കഥകകളുടെയും വിഷയം. അച്ഛനമ്മമാരെ മനസ്സിലാക്കാത്ത മക്കള്‍, മക്കളെ മനസ്സിലാക്കാത്ത അച്ഛനമ്മമാര്‍, പരസ്പരം മനസ്സിലാക്കാത്ത സഹോദരന്മാര്, ബന്ധുക്കള്‍,- ഇങ്ങനെ കുടുംബത്തിനകത്തെ അനവധി പ്രശ്നങ്ങള്‍ ഈ കഥകളുടെ ഉള്ളടകകത്തെ നിര്‍ണ്ണയിക്കുന്നുണ്ട്. അക്ഷതാ രാജ് പെര്‍ളയുടെ ‘കാശുമാല’ എന്ന കഥയില്‍ അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മക്കളും മരുമക്കളും അച്ഛനെ വൃദ്ധസദനത്തിലാക്കാനും, അച്ഛന്റെ കയ്യിലുള്ള സ്വത്തും വിലപിടിപ്പുള്ള കാശുമാലയും സ്വന്തമാക്കാനും നടത്തുന്ന തന്ത്രങ്ങള്‍ കാണാം. അച്ഛനാവട്ടെ മക്കളുടെയും മരുമക്കളുടെയും ഉള്ളിലിരിപ്പ് മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിക്കുന്നു. സ്നേഹലത ദിവാകറിന്റെ ‘മഗ്ഗം’ എന്ന കഥയില്‍ നെയ്ത്തുപകരണമായ മഗ്ഗം വില്ക്കാന് ശ്രമിക്കുന്ന മക്കളെയും അതിന് തടസ്സം നില്ക്കുന്ന അച്ഛനെയും കാണാം. കര്ക്കശക്കാരനനായ അച്ഛന് ഭാര്യയെ തൊഴിച്ചുകൊന്നവനാണ്. വി.എസ്. ഏത്തെടുക്കയുടെ നീതി’എന്ന കഥയില്‍ സഹോദരനും സഹോദരിയും തമ്മിലുള്ള പ്രശ്നമാണ് വിഷയം. മൂന്നു മക്കളുള്ള സഹോദന്റെ ഭാര്യ നാലാമതും ഗര്‍ഭിണിയായപ്പോള്‍ അതിനെ അബോര്‍ട്ട് ചെയ്യാന്‍ അവര്‍ നിശ്ചയിക്കുന്നു. ഇതറിഞ്ഞ മക്കളില്ലാത്ത സഹോദരി അത് തടയുന്നു. നാലാത്ത കുഞ്ഞിനെ താന്‍ നോക്കിക്കൊള്ളാമെന്ന് അവള് പറയുകയും സഹോദരന് സമ്മതിക്കുകയും ചെയ്യുന്നു. ആ ഉറപ്പിന്റെ പുറത്ത് പ്രസവത്തിനുള്ള ചെലവെല്ലാം സഹോദരി നോക്കുന്നു. എന്നാല്‍ സഹോദരന്റെ ഭാര്യ പ്രസവിച്ചുകഴിഞ്ഞപ്പോള്‍ കുട്ടിയെ നാത്തൂന് കൊടുക്കുന്നില്ല. എന്‍.എ. ബി. മെഗ്രാല്‍ പുത്തൂരിന്റെ ‘ഭൂതബലി’ എന്ന കഥയില്‍ സഹോദരങ്ങള്‍ തമ്മില്‍ സ്വത്തിന്റെ പേരില്‍ കലഹിക്കുന്നു. തറവാട്ടില്‍ കെട്ടിയാടിയ തെയ്യത്തിന് മദ്യം വേണമെന്നും വേണ്ടെന്നും തര്‍ക്കമുണ്ടാവുന്നു. അത് കയ്യാങ്കളിയിലേക്ക് നീങ്ങുന്നു. ഇങ്ങനെ കുടുംബത്തിനകത്ത് നടക്കുന്ന അസംഖ്യം പ്രശ്നങ്ങള്‍തന്നെയാണ് കാസര്‍ഗോഡന്‍ കഥകളുടെ ഉള്ളടക്കത്തെ നിര്‍ണ്ണയിക്കുന്നത്.
കോളജ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട രണ്ട് കഥകള്‍ ഈ സമാഹാരത്തിലുണ്ട്. അനുപമ പ്രസാദിന്റെ അദൃശ്യവിപ്ലവങ്ങള്’എന്ന കഥയില്‍ കോളജ് പ്രൊഫസറായ ജയരാജന്റെ വീക്ഷണകോണിലൂടെയാണ് ഉള്ളടക്കം അവതരിപ്പിക്കുന്നത്. മതവും രാഷ്ട്രീയവും തീവ്രവാദവും കൊലപാതകവും വിഷയമാവുന്ന അനേകം തീവ്രാനുഭവങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഡോ.ധനഞ്ജയ കുമ്പളയുടെ ‘ദീപത്തിനു ചുറ്റും’എന്ന കഥയാവട്ടെ കോളജ് കവാടത്തില്‍ സ്ഥാപിച്ച ദീപസ്തംഭത്തെ കേന്ദ്രമാക്കി കോളജില്‍ അരങ്ങേറുന്ന രാഷ്ട്രീയ-മത നാടകങ്ങളെ അവതരിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസരംഗത്ത് സംഭവിക്കുന്ന മൂല്യശോഷണം കാസര്‍ഗോഡിന്റെ യുവതയേയും ബാധിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് ഈ കഥകള്‍ വിരല്‍ ചൂണ്ടുന്നത്.
പരിഹരിക്കാന്‍ പ്രയാസമുള്ള ജീവിതപ്രശ്നങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യരെ ഈ സമാഹാരത്തിലെ മിക്ക കഥകളിലും നമ്മള് കണ്ടുമുട്ടും. ജോലിയില്‍ നിന്നും അകാരണമായി പിരിച്ചുവിടപ്പെടുന്ന മനുഷ്യനെ വസന്തകുമാര്‍ പെര്‍ളയുടെ ‘നിസ്സഹായന്’ എന്ന കഥയില്‍ നാം കാണുന്നു. കണ്മുന്നില്വെച്ച് മകള്‍ ബസ്സിടിയില്പെട്ട് മരിക്കുന്നത് കാണേണ്ടിവരുന്ന ഒരമ്മ എം. വ്യാസയുടെ ‘അമ്മ’ എന്ന കഥയിലുണ്ട്. തൊട്ടരികില്‍ മുത്തശ്ശി വാഹനാപകടത്തില്‍ മരിച്ചുവീഴുന്നത് അറിയാതെ പോകുന്ന കൊച്ചുമകനെ ബാലകൃഷ്ണ ഹൊസ്സങ്കടിയുടെ സംക്രമണം എന്ന കഥയില്‍ നാം കണ്ടുമുട്ടുന്നു. അനാഥനായ തന്റെ ജീവിതത്തില്‍ പ്രതീക്ഷകളോടെ കടന്നുവന്ന കാമുകി ഭ്രാന്തിയാവുന്നത് കാണേണ്ടിവരുന്ന മനുഷ്യനാണ് നരായണ കങ്കിലയുടെ ‘ഉത്തരാപഥം’ എന്ന കഥയിലുള്ളത്. ദാരിദ്ര്യംകൊണ്ട് ശ്മശാനത്തിലെ ശവംപോലും കുഴിച്ചെടുത്ത് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി വില്‍ക്കേണ്ടിവരുന്ന മനുഷ്യരെ ‘നിധി’ എന്ന കഥയില്‍ ടി.എന്‍. ഖണ്ഡികെ കാട്ടിത്തരുന്നു. തങ്ങളുടെ കുട്ടികള്‍ അജ്ഞാതമായ രോഗം ബാധിച്ച് പാമ്പിന്റെ രൂപത്തില്‍ വളഞ്ഞുപോവുന്നത് നിസ്സഹായമായി നോക്കിനില്ക്കുന്ന അച്ഛനമ്മമാരെ ‘ഭയാനകം’ എന്ന കഥയില്‍ പരിണിത രവി അവതരിപ്പിക്കുന്നു. ഒരു പെരുമഴക്കാലത്ത് തോട്ടിലൂടെ ഒഴുകിവന്നപ്പോള്‍ നട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് അതിലൊരാളുടെ പീഡനം ഏറ്റുവാങ്ങേണ്ടിവന്ന പെണ്‍കുട്ടിയാണ് ശശി ഭാട്ടിയയുടെ ‘വെള്ളപ്പൊക്കം’ എന്ന കഥയിലുള്ളത്. ദരിദ്രനായ ഒരു റൂംബോയിയുടെ കുടുംബാന്തരീക്ഷത്തിലേക്ക് ടി.കെ. കാസര്‍ഗോഡിന്റെ ‘ഗ്രീന്‍ സിഗ്നല്‍’ എന്ന കഥ നമ്മെ കൊണ്ടുപോവുന്നു. ഇവ്വിധം വ്യക്തി അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ക്ക് സാമൂഹികമാനം നല്കാന് കഥാകൃത്തുക്കള്‍ കാസര്‍ഗോഡിന്റെ സ്ഥലപശ്ചാത്തലം സവിഷേശമായി ഉപയോഗിക്കുന്നു.
ജീവിതത്തിലെ തിക്താനുഭവങ്ങളെ നര്‍മ്മത്തില്‍ ചാലിച്ചവതരിപ്പിക്കുന്ന ആഖ്യാനം പിന്തുടരുന്ന ചില കഥകള്‍ ഈ സമാഹാരത്തിലുണ്ട്. ബി.ഗോപാലകൃഷ്ണപൈയുടെ ‘ബീരുഷെട്ടറുടെ കോഴിപ്പോര്’എന്ന കഥയില്‍ സമ്പന്നനായ ഒരു വിടന്റെ പരിഹാസ്യചിത്രമാണുള്ളത്. ഹരീഷ് പെര്‍ളയുടെ ‘ഹൃദയം കട്ട കള്ളന്’ എന്ന കഥയില്‍ തന്റെ ഹൃദയം മോഷണം പോയി എന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലേക്ക് പോവുന്ന വ്യക്തിയെ കാണാം. രാജശ്രീ.ടി.ജെ.റൈയുടെ ‘ഒരു കൊച്ചുമോഹം’ എന്ന കഥയില്‍, ഏറ്റവും അടുപ്പമുണ്ട് എന്ന് കരുതിയിരുന്ന കുടുംബത്തില്‍നിന്ന് ഒരു വില്ലേജ് ഓഫീസര്‍ക്കു ലഭിക്കുന്ന തിക്താനുഭവം തമാശരൂപത്തില്‍ അവതരിപ്പിക്കുന്നു. പി.എന്‍.മൂഡിത്തായയുടെ നുറുങ്ങുകഥകളില്‍ പുറമേ വിപ്ലവം പ്രസംഗിച്ച് അകമേ യാഥാസ്ഥിതികത്വം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരനെയും, ജനങ്ങളെല്ലാം രോഗത്തില്പെട്ടുഴലുമ്പോളും ആരോഗ്യത്തോടെയിരിക്കുന്ന ആരോഗ്യമന്ത്രിയേയും മറ്റുള്ളവരുടെ കവിത കോപ്പിയടിക്കുന്ന കവിയേയും നാം കണ്ടുമുട്ടുന്നു. ചിരിയിലൂടെ ചിന്തകളിലേക്ക് വായനക്കാരെ നയിക്കുന്ന ഇത്തരം കഥകളുടെയെല്ലാം പിന്നില്‍ സമൂഹത്തിലെ അപരിഹാര്യമായ പ്രശ്നങ്ങള്‍ തന്നെയാണുള്ളത്.
ഒരു ദേശം മറ്റുദേശങ്ങളില്‍നിന്നും വേറിട്ട് നില്‍ക്കുന്നതിന്റെ പ്രധാനകാരണം ആ ദേശത്തിന്റെ തനത് സംസ്കാരമായിരിക്കും. സംസ്കാരത്തെ നിര്‍ണ്ണയിക്കുന്നതാവട്ടെ കലകളും. കാസര്‍ഗോഡിനെ സംബന്ധിച്ച് യക്ഷഗാനം എന്ന കലാരൂപം ആ ദേശത്തിന്റെ തനിമയുടെ അടയാളമായി നില്ക്കുന്നു. ഈ കലാരൂപത്തിന്റെ പ്രത്യക്ഷമോ പരോക്ഷമോ ആയ സ്വാധീനം കാസര്‍ഗോഡന്‍ കഥകളിലെല്ലാം കാണാം. യക്ഷഗാനം നേരിട്ട് കടന്നുവരുന്ന കഥകളില്‍ മാത്രമല്ല, ആ കലാരൂപത്തിന്റെ സ്വാധീനമുള്ളത്. കഥാപാത്രങ്ങളുടെ ഭാഷയില്‍, വേഷത്തില്‍, പെരുമാറ്റത്തില്‍, മനോഭാവത്തില്‍ എല്ലാം യക്ഷഗാനത്തിന്റെ പരോക്ഷസ്വാധീനം അനുഭവ്യമാണ്. നിലവിലുള്ള സാമൂഹ്യപ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനാണ് ഏത് കലാരൂപവും ശ്രമിക്കുക. യക്ഷഗാനത്തിന്റെ സാംസ്കാരികമായ ഈടുവെപ്പുകളെ പിന്‍പറ്റിക്കൊണ്ട് എഴുതപ്പെട്ട ഈ കഥകള്‍ക്കും അത്തരമൊരു ലക്ഷ്യമുണ്ട്. എല്ലാ എഴുത്തും മനുഷ്യന്റെ ഭാവിയെ ക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പങ്കുവെക്കാറുണ്ട്. മറ്റ് സാഹിത്യരൂപങ്ങളെ അപേക്ഷിച്ച് ഏറെ ജനപ്രിയമായ ചെറുകഥയില്‍ അത് വളരെ പ്രകടമാണ്. കാസര്‍ഗോഡന്‍ കഥകളില്‍ നമുക്കത് പെട്ടെന്ന് തിരിച്ചറിയാം. കാരണം കേരളത്തിന്റെ വടക്കേയറ്റത്ത് സ്ഥിതിചെയ്യുന്നതുകൊണ്ടുതന്നെ പരതരത്തിലുള്ള അവഗണനകള്‍ക്കും സാക്ഷിയാവേണ്ടിവന്ന ഒരു ജനത ഇവിടെയാണുള്ളത്. ആ ജനതയുടെ ഉയിരിന്റെ ശബ്ദം ഈ കഥകളിലൂടെ നാം ശ്രവിക്കുന്നു. ആ ശബ്ദത്തെ വായനക്കാരിലേക്ക് എത്തിക്കാന്‍ തപസ്യ നടത്തുന്ന ഈ ഊദ്യമത്തെ ഞാന്‍ അറിഞ്ഞാദരിക്കുന്നു. അതോടൊപ്പം കാസര്‍ഗോഡിന്റെ തൊട്ടയല്പക്കത്തുള്ള കണ്ണൂരിന്റെ മണ്ണില്‍നിന്നുകൊണ്ട് ഈ കഥകളിലെ പ്രതിഭിന്നവിചിത്രമായ ജീവിതാനുഭവങ്ങളെ സ്വീകരിച്ച് ലോകത്തുള്ള എല്ലാ മലയാളികളുടെയും മുമ്പാകെ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷവും പ്രകടിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: