തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിഴിഞ്ഞം സമരക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന രാഹുല്‍ഗാന്ധിയുടെ ഗൂഢശ്രമം പാളി. വിഴിഞ്ഞം സമരം ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായാണ് ഒടുവില്‍ പുറത്തുവരുന്ന സൂചനകള്‍.
വിഴിഞ്ഞം എല്ലാക്കാലത്തേക്കും ഒരു വലിയ സമരമായി അദാനിയ്ക്കും കേന്ദ്രസര്‍ക്കാരിനും പൊല്ലാപ്പായി മാറുമെന്ന കണക്കുകൂട്ടല്‍ പിഴക്കുകയാണ്.
പുനരധിവാസത്തിന് സമഗ്രമായ പാക്കേജ് ഉണ്ടാക്കുന്നതോടെ സമരം പിന്‍വലിച്ചേക്കുമെന്ന് സൂചനകളുണ്ട്. ഇതിന്റെ ഭാഗമായി ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ വിപുലമായി നടന്നുവരികയാണ്. 40 ശതമാനം പൂര്‍ത്തിയായിക്കഴിഞ്ഞ പദ്ധതിയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നില്ലെന്ന് അറിയിച്ച് അദാനി ഹൈക്കോടതിയെ സമീപിച്ചതോടെ പിണറായി സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലായതോടെയാണ് സമരം ഏത് വിധേനെയും നിര്‍ത്തിയില്ലെങ്കില്‍ കോടതി എതിരായി തിരുയുമെന്ന ഭയം പിണറായി സര്‍ക്കാരിനുണ്ടായത്.
ഇതിന് പുറമെ ലത്തീന്‍ കത്തോലിക്ക സമരസമിതിയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവരുന്നുമുണ്ട്. തീരദേശശോഷണം എന്ന സമരസമിതിയുടെ വാദഗതിയില്‍ പൊള്ളത്തരങ്ങളുണ്ടെന്ന് കൊല്ലത്തെയും ആലപ്പുഴയിലെയും ചില സമരക്കാര്‍ വാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൊല്ലത്ത് കരിമണല്‍ ഖനനത്തിന്റെ ഭാഗമായി തീരശോഷണം നടക്കുമ്പോള്‍ ഈ ലത്തീന്‍ കത്തോലിക്ക സമരസമിതി എവിടെയായിരുന്നുവെന്ന ചോദ്യത്തിന് സമരസമിതിക്ക് ഉത്തരമില്ല. അതുപോലെ ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴിമുഖത്തെ കരിമണല്‍ ഖനനത്തിനെതിരായ സമരത്തിലും ലത്തീന്‍ കത്തോലിക്ക വിഭാഗം ഇല്ല. ഇവിടെയും തീരദേശശോഷണം നടക്കുമെന്ന ഭീഷണിയുണ്ട്.
നേരത്തെ, തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യത്തില്‍ സമരസമിതി ഉറച്ചുനില്‍ക്കുകയായിരുന്നു. പക്ഷെ ഇപ്പോള്‍ പഠനത്തിന് ഒരു മാസം മതിയെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് സമരസമിതി അയഞ്ഞുതുടങ്ങി എന്നതിന്റെ സൂചനയാണ്.
തീരദേശശോഷണം തടയാന്‍ ജിയോ യൂബ് സ്ഥാപിക്കുക, ഭവനപദ്ധതി വേഗത്തിലാക്കുക, മണ്ണെണ്ണ സബ്സിഡിക്ക് കേന്ദ്രസഹായം തേടുക തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഉറപ്പുനല്‍കിയതായും അറിയിക്കുന്നു. വൈകാതെ ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് അന്തിമരൂപമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: