ന്യൂദല്‍ഹി : പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദ ബന്ധമുണ്ടെന്ന് എന്‍ഐഎ. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
യുവാക്കളെ അല്‍ഖ്വയ്ദ, ലഷ്കര്‍ ഇ തെയ്ബ, ഐഎസ് പോലുള്ള തീവ്രവാദ സംഘടനകളില്‍ ചേരാനും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനത്തിനും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ജിഹാദിന്റെ ഭാഗമായി ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തി. നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതിലൂടെ ഇവരുടെ വിപുലമായ സ്വാധീനം വെളിവാക്കപ്പെട്ടെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
സര്‍ക്കാരിന്റെ നയങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് സമൂഹത്തില്‍ വിദ്വേഷ പ്രചാരണത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ വിവരങ്ങള്‍ കൈമാറിയിരുന്നത്. തെരച്ചിലില്‍ ഇതിനുള്ള തെളിവുകളും ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍ഐഎ കോടതിയില്‍ അറിയിച്ചു.
അതേസമയം യുപിയില്‍ പ്രതികള്‍ക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കള്‍ ഉള്ളതും കേരളത്തിലാണ്. കൊച്ചിയില്‍ കേസുമായി ബന്ധപ്പെട്ട് ആകെ 14 പ്രതികളാണുള്ളത്. ഇതില്‍ ഒന്നാമത്തെ പ്രതി പോപ്പുലര്‍ ഫ്രണ്ട് സംഘടന തന്നെയാണ്. മറ്റു 13 പേര് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരാണ്. കേസിലെ മൂന്നാം പ്രതിയും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ അബ്ദുള്‍ സത്താര്‍, സംസ്ഥാന സെക്രട്ടറി സിഎ റൗഫ് എന്നിവരെ ഇനി പിടികൂടാനുണ്ടെന്നും ഇവരാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡയറക്ടര്‍ ജനറല്‍ (ഡിജി) ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കും. 2017ലും നിരോധനത്തിനായുള്ള നീക്കം എന്‍ഐഎ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: