ഇസ്ലാമിക ഭീകരസംഘടനകളായ പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും വിവിധ സംസ്ഥാനങ്ങളിലെ നിരവധി കേന്ദ്രങ്ങളില്‍ ഭീകരവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡു നടത്തി, നേതാക്കളെ അറസ്റ്റു ചെയ്തിരിക്കുകയാണ്. സിബിഐയും എന്‍ഐഎയുമൊക്കെ അന്വേഷിക്കുന്ന കേസുകളില്‍ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്താനായാല്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറുകയാണ് പതിവ്. അത്യപൂര്‍വമായാണ് രണ്ട് ഏജന്‍സികളും ഒരുമിച്ച് റെയ്ഡുകള്‍ നടത്തുക. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഭീകരപ്രവര്‍ത്തനത്തിന്റെയും, അതിനായി അവര്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിക്കുന്ന പണത്തിന്റെയും, ദേശവിരുദ്ധ പ്രചാരണവും ആക്രമണങ്ങളും സംഘടിപ്പിക്കാന്‍ ശേഖരിച്ചിട്ടുള്ള സാമഗ്രികളുടെയും ആയുധങ്ങളുടെയും വിവരങ്ങളും തെളിവുകളും നേരത്തെ ലഭ്യമായതുകൊണ്ടാവാം, എന്‍ഐഎയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംയുക്തമായി റെയ്ഡുകള്‍ നടത്തിയത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ദല്‍ഹി, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബീഹാര്‍, മണിപ്പൂര്‍, അസം, പശ്ചിമബംഗാള്‍ എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിലായി നടന്ന റെയ്ഡുകളില് നൂറോളം പേര് കസ്റ്റഡിയിലായിട്ടുണ്ടെന്ന വിവരമാണ് ഇതിനോടകം പുറത്തുവന്നിട്ടുള്ളത്. ആയുധങ്ങളും പണവും മറ്റുമടക്കം എന്തൊക്കെയാണ് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുള്ളതെന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ വിവിധ കേന്ദ്രങ്ങളിലായാണ് എന്‍ഐഎ തെരച്ചില്‍ നടത്തിയത്. തുടക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്ഥാനം കേരളത്തിലായിരുന്നെങ്കിലും പിന്നീട് ആസ്ഥാനം രാജ്യതലസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. അപ്പോഴും പ്രവര്‍ത്തനത്തിന്റെ സിരാകേന്ദ്രം കേരളം തന്നെയായിരുന്നു. കേരളം കേന്ദ്രീകരിച്ചുകൊണ്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് ഭീകരപ്രവര്‍ത്തന ശൃംഖല വ്യാപിപ്പിച്ചു. ഈ സംഘടനയില്‍പ്പെടുന്ന നിരവധി ഭീകരന്മാര് കേരളത്തില്‍നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ചേക്കേറി കുഴപ്പങ്ങള്‍ കുത്തിപ്പൊക്കുകയും ചെയ്തു. ഇതിലൊരാളായ സിദ്ദിഖ് കാപ്പന് രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. എന്‍ഐഎയെപ്പോലുള്ള ഏജന്‍സികള്‍ അന്വേഷിക്കുന്ന പോപ്പുലര്‍ ഫ്രണ്ടിനെതിരായ പല കേസുകളിലും പ്രതികള്‍ മലയാളികളാണ്. ഒന്നിനുപുറകെ ഒന്നായി നിരവധി അരുംകൊലകളും മറ്റുതരത്തിലുള്ള അക്രമങ്ങളും നടത്തി കേരളത്തില്‍ വലിയൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. ഭീകരസംഘടനകളാണെന്ന് കോടതിപോലും കുറ്റപ്പെടുത്തിയിട്ടും ഇക്കൂട്ടര്‍ പിന്മാറാന് കൂട്ടാക്കുന്നില്ല. കേരള പോലീസിന്റെ സഹായമില്ലാതെ, അവരെ അറിയിക്കുകപോലും ചെയ്യാതെയാണ് സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്. സിഐഎസ്എഫിന്റെ സഹായത്തോടെയാണിത്. റെയ്ഡ് നടത്താന്‍ പോകുന്നുവെന്ന് കേരളാ പോലീസ് അറിയാനിടയായാല്‍ ആ വിവരം നിമിഷത്തിനുള്ളില്‍ പോപ്പുലര്‍ ഫ്രണ്ടു ഭീകരര്‍ക്ക് ചോര്ന്നുകിട്ടും. കേരളാ പോലീസിലും വന്‍തോതില്‍ ഈ ഭീകരര്‍ക്ക് പിണിയാളുകളും ദല്ലാളുകളുമുണ്ടെന്ന് രഹസ്യരേഖകള്‍ ചോര്‍ത്തുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളില്‍നിന്ന് വ്യക്തമാവുകയുണ്ടായി.
റെയ്ഡ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ടിന്റെ ദല്‍ഹി ആസ്ഥാനം അടച്ചുപൂട്ടി മുദ്ര വച്ചിരിക്കുകയാണെന്ന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍നിന്ന് അറസ്റ്റിലായ ചില പ്രമുഖ നേതാക്കളെ ദല്‍ഹിയിലേക്ക് കൊണ്ടുപോയിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. റെയ്ഡിന്റെയും അറസ്റ്റിന്റെയുമൊക്കെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പലയിടങ്ങളിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ അക്രമാസക്തമായ പ്രതിഷേധത്തിനിറങ്ങുകയുണ്ടായി. എന്തുവന്നാലും തങ്ങള്‍ കീഴടങ്ങില്ലെന്നാണ് ഇവര്‍ പറയുന്നത്. കീഴടങ്ങിയില്ലെങ്കില്‍ നിയമം കീഴടക്കിക്കൊള്ളും. അതിനാണ് അന്വേഷണ ഏജന്‍സികളും നിയമസംവിധാനവും നീതിപീഠങ്ങളുമൊക്കെയുള്ളത്. അവ സ്വന്തം ചുമതലകള്‍ നിര്‍വഹിച്ചുകൊള്ളും. ജനാധിപത്യം, മതേതരത്വം, മനുഷ്യാവകാശം എന്നൊക്കെപ്പറഞ്ഞുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുറവിളികള്‍ക്ക് ആരും ചെവികൊടുക്കില്ല. ഭീകരവാദികളെ പിടികൂടുന്നതും അടിച്ചമര്‍ത്തുന്നതുമൊക്കെ ഭരണകൂട ഭീകരതയാണെന്ന ആക്ഷേപം വിലപ്പോവാനും പോകുന്നില്ല. ഭരണകൂടം തങ്ങളെ വേട്ടയാടുകയാണെന്ന് മാധ്യമങ്ങള്‍ക്കു മുന്നില്‍ അലമുറയിട്ടു കരഞ്ഞതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാവാന്‍ പോകുന്നില്ല. ഭാരതം ഒരു സ്വതന്ത്രപരമാധികാര രാജ്യമാണ്. അതിനു കീഴില്‍ നിയമം അനുസരിക്കുന്ന പൗരന്മാരായി കഴിയുന്നിടത്തോളം മാത്രമേ ആര്‍ക്കും സ്വാതന്ത്ര്യമുള്ളൂ. അല്ലാത്തവരുടെ സ്ഥാനം ജയിലറകളാണ്. ഒരു കസബിനു മാത്രമല്ല, ഒരുപാട് കസബുമാര്‍ക്ക് കഴിയാന്‍ രാജ്യത്തെ ജയിലുകളില്‍ ഇടമുണ്ട്. കസബുമാര്‍ പാകിസ്ഥാനികളായാലും അല്ലാത്തവരായാലും ഈ രാജ്യത്ത് അവരുടെ വിധി ഒന്നുതന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: